എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിര്‍മിക്കുന്ന വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെ മാതൃക.
കൊച്ചി: വാട്ടര്‍ മെട്രോ പദ്ധതിയുടെ ഭാഗമായി എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിര്‍മിക്കുന്ന പുതിയ വാട്ടര്‍ മെട്രോ ടെര്‍മിനല്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഈ മാസം എട്ടിന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഹൈക്കോടതി ടെര്‍മിനല്‍ കഴിഞ്ഞാല്‍ വാട്ടര്‍ മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ടെര്‍മിനലാണിത്.
32 കോടി രൂപ ചെലവ് വരുന്ന ടെര്‍മിനല്‍ പരമ്പരാഗത കേരളീയ വാസ്തുശില്പ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ടു നിലകളിലായി 18,000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. 9,000 ചതുരശ്ര അടിവരുന്ന കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ണമായും വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കും.
പൈലിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. 45 മീറ്റര്‍ ആഴത്തില്‍ ഒരു മീറ്റര്‍, 600 എംഎം വ്യാസമുള്ള 72 പൈലുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. 24 മണിക്കൂറും പൈലിംഗ് നടത്തുന്നുണ്ട്. കൂള്‍ ഹോം ബില്‍ഡേഴ്സ് ആണ് കോണ്ട്രാക്ടിംഗ് കമ്പനി. കിറ്റ്കോയാണ് ഡിസൈന്‍ കണ്‍സള്‍ട്ടന്റ്.
ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, കുമ്പളം, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്ക് എറണാകുളം ടെര്‍മിനലില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്താനാകും. നാല് സ്ഥലങ്ങളിലേക്ക് സര്‍വീസുള്ള വാട്ടര്‍ മെട്രോയുടെ ഏറ്റവും തിരക്കുള്ള ടെര്‍മിനല്‍ ആയിരിക്കും ഇത്.
രണ്ടു ഫ്ലോട്ടിംഗ് ജെട്ടികളാണ് വിഭാവന ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ഫ്ലോട്ടിംഗ് ജെട്ടിയാകും പൂര്‍ത്തിയാക്കുക. ബോട്ടുകള്‍ക്കുള്ള ചാര്‍ജിംഗ് പോയിന്റുകള്‍, ഫ്യൂവലിംഗ് സ്റ്റേഷന് എന്നിവ ഇവിടെ സജ്ജീകരിക്കും. കൂടാതെ ഇടക്കൊച്ചി, വരാപ്പുഴ ടെര്‍മിനലുകളുടെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിവരുന്നു.
Tags : Nattuvishesham DistrictNews