എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ വീല്‍ചെയറില്‍ എത്തിയ വിദ്യാര്‍ഥിക്ക് മുഖ്യമന്ത്രി വി.
കൊച്ചി: പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന യുവാക്കളെ നാട്ടില്‍ നിര്‍ത്താന്‍ ഉതകുന്ന മികച്ച തൊഴില്‍പഠന അന്തരീക്ഷം ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ഹൈബി ഈഡന് എംപിയുടെ എംപി അവാര്‍ഡ് 2026 ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഡെമോഗ്രാഫിക് ഡിവിഡന്‍ഡ് അഥവാ ഉത്പാദനക്ഷമതയുള്ള യുവജനസമ്പത്ത് വലിയ രീതിയില്‍ കുറഞ്ഞുവരികയാണ്. പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനായി ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ കേരളത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ആഗോളതലത്തിലെ തൊഴില്‍ മാറ്റങ്ങള്‍ നിരീക്ഷിച്ച് അതിനനുസരിച്ച് നമ്മുടെ സര്‍വകലാശാലകളിലെ പാഠ്യപദ്ധതികള്‍ പരിഷ്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മനുഷ്യബുദ്ധിയെപ്പോലും മറികടക്കുന്ന രീതിയിലേക്ക് എഐ വളരുന്ന കാലമാണ്. പഠിച്ചിറങ്ങിയാല്‍ ഉടന്‍ ജോലി ഉറപ്പാക്കാന്‍ കോര്‍പറേറ്റുകളുമായും അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ മേഖലയെ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ച 2100 കുട്ടികളാണ് അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയത്. ഹൈബി ഈഡന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടി മഞ്ജു വാര്യര്‍ മുഖ്യാതിഥി ആയിരുന്നു.
ഉമ തോമസ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റാഷിദ് ഉള്ളംപിള്ളി, കളക്ടര്‍ ജി. പ്രിയങ്ക, ജെയിന് യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. ടോം ജോസഫ്, രാജഗിരി കോളജ് പ്രിന്‍സിപ്പൽ ഫാ. ജയ്സണ്‍ പോള്‍ മുളരിക്കല്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam