പള്ളിക്കൽ: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേട്ട ആരംഭിച്ചു. തെങ്ങമത്ത് നടത്തിയ വേട്ടയിൽ 11 കാട്ടുപന്നികളെയാണ് വെടിവച്ചിട്ടത്.
അംഗീകൃത ഷൂട്ടർമാർ മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിലാണ് പന്നികളെ കണ്ടെത്തി വെടിവച്ചു കൊന്നത്.ചത്ത പന്നികളെ പിന്നീട് പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ മറവ് ചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പന്നി ശല്യം അതിരൂക്ഷമായിരുന്നു.
പന്നികൾ മനുഷ്യർക്ക് അപകടമുണ്ടാക്കുകയും കർഷകരെ പ്രതിസന്ധിയിലാക്കി കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടുപന്നികളെ തുരത്താൻ അംഗീകൃത ഷൂട്ടർമാരെ പഞ്ചായത്ത് നിയോഗിച്ചതെന്ന് പ്രസിഡന്റ് സി.ആർ. ദിൻ രാജ് പറഞ്ഞു.
പഞ്ചായത്തിന്റെ പലഭാഗങ്ങളിലും സ്വകാര്യ വ്യക്തികളുടേയും സർക്കാർ അധീനതയിലുള്ളതുമായ സ്ഥലങ്ങൾ പലതും കാടുപിടിച്ചു കിടക്കുകയാണ്. ഇത്തരം സ്ഥലങ്ങളിലാണ് പന്നികൾ കഴിയുന്നത്. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇവയെ കണ്ടെത്തിയത്. സോളാർ ഫെൻസിംഗ് സ്ഥാപിച്ച ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് പന്നി ശല്യം കുറവുള്ളത്.
Tags : nattu vishesham Widespread pig hunting