വണ്ടിപ്പെരിയാർ: അരണക്കല്ല് ഹില്ലാഷ് മേഖലയിൽ വീണ്ടും വന്യമൃഗ ആക്രമണം, പശു ചത്തു. കഴിഞ്ഞ ദിവസം കടുവയ്ക്കായി സ്ഥാപിച്ച കൂട്ടിൽ പുലി വീണതിനു പിന്നാലെയാണ് വീണ്ടും മേഖലയിൽ വന്യമൃഗ ആക്രമണം തുടരുന്നത്.
വണ്ടിപ്പെരിയാർ ഗ്രാൻബി ഹില്ലാഷ് മേഖലയിൽ കഴിഞ്ഞ ദിവസമാണ് അഞ്ചു വയസുള്ള ആൺപുലിയെ കൂട് സ്ഥാപിച്ച് വനംവകുപ്പ് പിടികൂടിയത്. മൂന്നാറിൽനിന്നു പിടികൂടി തേക്കടിയിൽ തുറന്നുവിട്ട കടുവ ഈ മേഖലയിൽ കറങ്ങിനടക്കുന്നതായാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസംവരെയുണ്ടായ വന്യമൃഗ ആക്രമണം കൂട്ടിൽ കുടുങ്ങിയ പുലിയുടേതായിരുന്നെന്നാണ് കരുതിയിരുന്നത്. അതിനിടയിലാണ് വീണ്ടും ഈ പ്രദേശം ഉൾപ്പെട്ട ഹില്ലാഷ് മേഖലയിൽ പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടൊപ്പം തന്നെ ഒരു പശുവിനെ പരിക്കുകളോടെയും കണ്ടെത്തി.
വ്യാഴാഴ്ച രാവിലെ എസ്റ്റേറ്റ് ജോലിക്കു പോയ തൊഴിലാളികളാണ് പശുവിനെ ചത്തനിലയിൽ കണ്ടത്. തുടർന്ന് വനംവകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധ നടത്തി പ്രദേശത്ത് കൂടും കാമറയും സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Tags : Nattuvishesham District news