കാട്ടാന ആർആർടി സംഘത്തിന്റെ വാഹനത്തിന് നേരെ തിരിഞ്ഞപ്പോൾ.
കാലടി: വിനോദ സഞ്ചാരികളുടെ പ്രകോപനത്തെ തുടർന്ന് കാട്ടാനയുടെ ആക്രമണം. പട്രോളിംഗിനെത്തിയ ആർആർടി സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഏഴാറ്റുമുഖം - അതിരപ്പിള്ളി പ്ലാന്റേഷൻ റോഡിൽ ഏഴാറ്റുമുഖം പറയൻപാറ എലിച്ചാണി ഭാഗത്തായിരുന്നു സംഭവം. വഴിയരികിൽ നിന്ന ആനയ്ക്ക് മാർഗ തടസം സൃഷ്ടിക്കുന്ന രീതിയിൽ വാഹനം നിർത്തി വിനോദസഞ്ചാരികൾ ഫോട്ടോ എടുക്കാൻ മുതിരുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലാണ് വിനോദസഞ്ചാരികളെ മാറ്റിയത്. ഇതിനിടെ പ്രകോപിതനായ ആന ആർആർടി സംഘത്തിന് നേരെ തിരിഞ്ഞു. രക്ഷപ്പെടാൻ 200 മീറ്ററോളം പിന്നോട്ടെടുത്ത ആർആർടി സംഘത്തിന്റെ വാഹനം ഒടുവിൽ കലുങ്കിൽ ഇടിച്ചു നിന്നു. വാഹനത്തിൽ ഉണ്ടായിരുന്ന എസ്എഫ്ഒ വികാസ് മോഹൻ, അംഗം പി.ബി. സുധീർ എന്നിവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇതുവഴി കടന്നു പോകുന്ന സഞ്ചാരികൾ മുന്പും ഇത്തരത്തിൽ അപകടം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
Tags : RRT team NattuVishasham DistrictNews