തൃശൂർ തേക്കിൻകാട് മൈതാനിയിൽ വില്പനയ്ക്കെത്തിച്ച തൃക്കാക്കരയപ്പന്മാർ.
തൃശൂർ: ഉത്രാടസന്ധ്യയിൽ അരിമാവണിഞ്ഞ്, പൂക്കൾ ചൂടി, തൂശനിലയിൽ അലങ്കരിച്ചൊരുക്കാനുള്ള കളിമൺ തൃക്കാക്കരയപ്പന്മാരെ (മാതേവർ) സ്വന്തമാക്കാൻ തൃശൂർ തേക്കിൻകാട് മൈതാനിയിലും നഗര, നാട്ടിൻപുറ വിപണികളിലും വൻ തിരക്ക്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിവുതെറ്റിക്കാതെ എത്തിയ തൊഴിലാളികൾ ഇത്തവണ നാലിഞ്ച് മുതൽ മൂന്നടി വരെയുള്ള തൃക്കാക്കരയപ്പന്മാരെയാണ് വിപണിയിൽ ഒരുക്കിയിരിക്കുന്നത്. കളിമണ്ണു കുഴച്ച് അടിച്ചുപരത്തി ചതുരാകൃതിയിൽ അടിഭാഗം വരുന്ന വിധം സ്തൂപങ്ങളായാണ് ഇവ നിർമിക്കുന്നത്. വേഗത്തിൽ ഉണങ്ങിക്കിട്ടാനും പൂക്കൾ കുത്തിവയ്ക്കാനുമായി നാലു ഭാഗത്തും മുകളിലും ചെറുദ്വാരങ്ങളും നൽകും. പൂർണമായും തണലത്താണ് ഇവ ഉണക്കിയെടുക്കുന്നത്. മുൻവർഷങ്ങളിൽ സ്വാഭാവിക ചായങ്ങൾ പൂശിയിരുന്ന സ്ഥാനത്ത് ഇത്തവണ കൂടുതൽ ആകർഷകമാക്കാൻ പെയിന്റാണ് പലരും ഉപയോഗിച്ചിരിക്കുന്നത്.
ഉപയോഗം ഒരിക്കൽമാത്രം
കളിമണ്ണ് പഴയതുപോലെ കിട്ടാനില്ലെങ്കിലും ഓട്ടുകമ്പനികളിൽനിന്നു മണ്ണെത്തിച്ചാണ് നിർമാണം നടത്തുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. കാൽനൂറ്റാണ്ടായി തൃശൂർ നഗരത്തിൽ വില്പനയ്ക്കെത്തുന്നവരാണ് ചിലർ. ഒരെണ്ണം നിർമിക്കാൻ 15 മിനിറ്റോളമെടുക്കും. വിശ്വാസപ്രകാരം ഒരിക്കൽ പൂജിച്ച തൃക്കാക്കരയപ്പന്മാരെ പിന്നീട് ഉപയോഗിക്കരുത്. അവ മണ്ണിൽത്തന്നെ ലയിപ്പിച്ചു കളയേണ്ടതിനാൽ മരംകൊണ്ടു നിർമിക്കുന്നത് ശരിയല്ലെന്നും തൊഴിലാളികൾ പറയുന്നു.
പ്രതീക്ഷയോടെ വില്പനക്കാർ
മഴ ഒഴിഞ്ഞതോടെ വിപണിയിൽ കച്ചവടം സജീവമായി. നാലിഞ്ച് വലിപ്പമുള്ള ഒരെണ്ണത്തിന് 30 രൂപയും മൂന്നെണ്ണം അടങ്ങുന്ന ഡിസൈൻ ഇല്ലാത്ത സാധാരണ സെറ്റിന് 100 രൂപയുമാണ് വില. ഡിസൈൻ ഉള്ളവയ്ക്ക് വലുപ്പത്തിനനുസരിച്ച് 250 മുതൽ 750 രൂപ നൽകണം. കഴിഞ്ഞ വർഷങ്ങളിൽ മഴ തിരിച്ചടിയായിരുന്നു. ഇത്തവണ തെളിഞ്ഞ ആകാശം പ്രതീക്ഷ നൽകുന്നുണ്ടെന്നും ഉത്രാടം അടുക്കുമ്പോഴേക്കും കച്ചവടം കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണെന്നും വില്പനക്കാർ പറയുന്നു.