കൊച്ചി: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സൗജന്യയാത്രയുടെ ആദ്യദിനം പാട്ടുപാടിയും മധുരം പങ്കുവച്ചും സ്ത്രീകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിരാഗാരന്റി പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച പ്രിയദര്‍ശിനി സ്ത്രീ സൗജന്യയാത്ര ജില്ലയിൽ ആഘോഷവും ആവേശവുമായി.
ഇന്നലെ രാവിലെ ഒമ്പതോടെ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഉദ്ഘാടന പരിപാടികളോടെയാണ് യാത്ര ആരംഭിച്ചത്. എറണാകുളം മണ്ഡലതല ഉദ്ഘാടനം എറണാകുളം ബോട്ട് ജെട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, ഹൈബി ഈഡനൊപ്പം ബസില്‍ കയറി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ജനപ്രതിനിധികളുടെ യാത്ര ഹൈക്കോടതി ജംഗ്ഷനില്‍ അവസാനിപ്പിച്ചു തിരികെ ജെട്ടി സ്റ്റാന്‍ഡില്‍ എത്തി.
പിന്നീടായിരുന്നു യാത്രക്കാര്‍ക്കായുള്ള സര്‍വീസ് ആരംഭിച്ചത്. നിറയെ യാത്രക്കാരുമായി ഗുരുവായൂരിലേക്കാണ് പ്രിയദര്‍ശിനിയുടെ ആദ്യ യാത്രാ സര്‍വീസ് പുറപ്പെട്ടത്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരില്‍ സൗജന്യ യാത്രയുടെ ഉദ്ഘാടനം ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് മുനിസിപ്പല്‍ ചെയര്മാന് രമേശ് ഡി. കുറുപ്പ് നിര്‍വഹിച്ചു. ആലുവ നിയോജക മണ്ഡലതല ഉദ്ഘാടനം ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിൽ അന്‍വര്‍ സാദത്ത് എംഎല്‍എയും തൃപ്പൂണിത്തുറ നിയോജക മണ്ഡലം ഉദ്ഘാടനം ദീപക് ജോയ് എംഎല്‍എയും നിര്‍വഹിച്ചു. തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി കെ.ബാബു പങ്കെടുത്തു.
അങ്കമാലിയിൽ ബെന്നി ബഹനാന് എംപിയും നഗരസഭാ അധ്യക്ഷ റീത്താ പോളും ചേര്‍ന്ന് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.വൈപ്പിന്‍ മണ്ഡലത്തിലെ ഉദ്ഘാടനം ടോണി ചമ്മണി എംഎല്‍എ നിര്‍വഹിച്ചു. ഉദ്ഘാടനത്തിനുശേഷം എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളും യാത്രക്കാരോടൊപ്പം പാട്ടുപാടി ആഘോഷപൂര്‍വം ബസില്‍ യാത്ര ചെയ്തു. രാവിലെ 10നു ശേഷം ഗോശ്രീ കവലയില്‍ നിന്നും ചെറായി വഴി പറവൂര്ക്കായിരുന്നു ആദ്യ യാത്ര.
പിറവം മണ്ഡലതല ഉദ്ഘാടനം കൂത്താട്ടുകുളം ഡിപ്പോയില്‍ മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. കൂത്താട്ടുകുളത്തുനിന്ന് കോട്ടയത്തേക്കുള്ള ഓര്‍ഡിനറി ബസിലെ വനിതാ യാത്രക്കാര്‍ക്ക് ആദ്യ സൗജന്യ ടിക്കറ്റ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളത്തുനിന്ന് 18 സര്‍വീസുകളാണ് ഉള്ളത്.
കോതമംഗലം മണ്ഡലത്തിലെ സൗജന്യ യാത്രയുടെ ഉദ്ഘാടനം കോതമംഗലം ഡിപ്പോയില്‍ ഷിബു തെക്കുംപുറവും കുന്നത്തുനാട് മണ്ഡലത്തിലെ പദ്ധതിയുടെ ഉദ്ഘാടനം കോലഞ്ചേരിയില്‍ വിപി സജീന്ദ്രന് എംഎല്‍എയും മൂവാറ്റുപുഴ മണ്ഡലംതല ഉദ്ഘാടനം മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാത്യു കുഴല്നാടന് എംഎല്‍എയും നിര്‍വഹിച്ചു. പെരുമ്പാവൂര്‍ നിയോജകമണ്ഡലം തല ഉദ്ഘാടനം പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മനോജ് മൂത്തേടന് എംഎല്‍എ നിര്‍വഹിച്ചു.
മധുരമീ യാത്ര
കെഎസ്ആര്‍ടിസി വനിത സൗജന്യ യാത്രയെ മധുരം നല്‍കിയും കൈയടിച്ചുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്. പ്രയദര്‍ശിനി ബസ് യാത്രചെയ്തവര്‍ക്ക് പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധുരം നല്കി. ജീവനക്കാരെ ഷാളണിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ കെഎസ്ആര്‍ടിസി സ്റ്റാൻഡില്‍ യാത്രക്കാര്‍ക്ക് മധുരം നല്കി. ചെങ്ങമനാട് കവലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിപ്പിള്ളിയില്‍ ലഡു വിതരണം നടത്തി. കരിയാട്ടിലും അത്താണിയിലും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മധുര പലഹാരം നല്കി.
കാശില്ലെങ്കിലും കയറാമല്ലോ...
കൈയില്‍ കാശില്ലെങ്കിലും കടം വാങ്ങാതെ ഇനി യാത്ര ചെയ്യാല്ലോ... പ്രിയദര്‍ശിനി ബസില്‍ തനിക്ക് ലഭിച്ച സൗജന്യ യാത്രാ ടിക്കറ്റ് വാങ്ങി ഇടക്കൊച്ചി സ്വദേശിനി ഫിലോമിന അടുത്തുനിന്ന യാത്രക്കാരിയോട് ഇത് പറയുമ്പോള്‍ ഇരുവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം. ഇന്നലെവരെ അധ്വാനത്തിന്റെ ഒരു വിഹിതം യാത്രയ്ക്കായി നല്‍കിയിരുന്നത് ഇനി വേണ്ടല്ലോ എന്നതായിരുന്നു ഇവരുടെയും ആശ്വാസം.
കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും വയോധികരായ സ്ത്രീകളുമൊക്കെ വലിയ ആശ്വാസമായാണ് സൗജന്യ യാത്രയെ സ്വീകരിച്ചത്.
കൗതുകമായി.
സീറോ ടിക്കറ്റ്
യാത്രാക്കൂലിയുടെ സ്ഥാനത്ത് പൂജ്യം എന്ന് പതിച്ച ഫ്രീ ടിക്കറ്റ് ആദ്യമായി കണ്ടപ്പോള്‍ പലര്‍ക്കും അത്ഭുതം അടക്കാനായില്ല. ടിക്കറ്റ് വാങ്ങി മൊബൈലില്‍ പകര്‍ത്തി സ്റ്റാറ്റസുകളായും സോഷ്യല്‍ മീഡിയ പോസ്റ്റുകളായും അവര്‍ പങ്കുവച്ചു. മറ്റുചിലര്‍ ആദ്യ സൗജന്യ ടിക്കറ്റിന്റെ ഓര്‍മയ്ക്കായി അതു സൂക്ഷിക്കാനും തീരുമാനിച്ചു.
പറവൂരില്‍ വൈകി
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കല്ലുകടിയായി കെഎസ്ആര്‍ടിസിയിലെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. രാവിലെ ഒന്‍പത് മുതല്‍ എത്തിയ യാത്രികര്‍ക്ക് ആദ്യം സൗജന്യ ടിക്കറ്റ് ലഭിച്ചിരുന്നില്ല.
ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനത്തില്‍ സൗജന്യ ടിക്കറ്റ് ആയ പൂജ്യം തുക ടിക്കറ്റുകള്‍ ലഭ്യമാകാന്‍ വൈകിയതായിരുന്നു പ്രശ്നം. തുടര്‍ന്ന് ഉദ്ഘാടനവും കന്നിയാത്രയും വൈകാനിടയായി.
നിരവധി യാത്രക്കാര്‍ സൗജന്യയാത്ര പ്രതീക്ഷിച്ച് ബസുകളില്‍ കയറിയെങ്കിലും സീറോ നിരക്ക് ടിക്കറ്റുകള്‍ സജ്ജമാകാത്തതിനെ തുടര്‍ന്ന് നിലവിലെ യാത്രാ നിരക്ക് ടിക്കറ്റാണ് കണ്ടക്ടര്‍മാര്‍ നല്‍കിയത്. ഇത് യാത്രക്കാരും കണ്ടക്ടര്‍മാരുമായി തര്‍ക്കത്തിനിടയാക്കി. രാവിലെ 10ന് ശേഷമാണ് സൗജന്യ യാത്രാ സംവിധാനം നടപ്പായത്.
ആലുവയിലും ആക്ഷേപം
മുന്‍കൂട്ടി പ്രഖ്യാപിച്ചത് പ്രകാരം രാവിലെ 10 കഴിഞ്ഞിട്ടും വനിതകള്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റ് പലര്‍ക്കും നല്‍കിയില്ലെന്ന് ആക്ഷേപം. ടിക്കറ്റ് നല്കുന്ന സോഫ്റ്റ്വേര്‍ സിസ്റ്റം അപ്ഡേറ്റായില്ലെന്നാണ് മറുപടി ലഭിച്ചത്. രാവിലെ നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തോടെ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. പറവൂരില്‍ നിന്ന് ആലുവയ്ക്ക് വന്ന ബസില്‍ സൗജന്യ ടിക്കറ്റ് ലഭിച്ചില്ല. പറവൂര്‍ കവലയില്‍ നിന്നും ബാങ്ക്കവലയിലേക്ക് 10.27 ന് വന്ന വനിതയ്ക്കും പണം നല്‍കേണ്ടി വന്നു.
സൗജന്യം വേണ്ടേ വേണ്ട.... കണ്ടക്ടർമാർ വെട്ടിലായി
സൗജന്യ യാത്ര ആവശ്യമില്ലാത്ത സ്ത്രീ യാത്രക്കാരും ഇന്നലെ പ്രയദര്‍ശിനി ബസില്‍ കയറിയതോടെ ആശയക്കുഴപ്പത്തിലായത് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍. പണം നല്കി യാത്ര ചെയ്യാന്‍ തയാറായി വരുന്ന സ്ത്രീ യാത്രക്കാരുടെ കാര്യത്തില്‍ എന്ത് തീരുമാനം സ്വീകരിക്കണമെന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലാത്തതാണ് കണ്ടക്ടര്‍മാരെ വെട്ടിലാക്കിയത്.
പ്രിയദര്‍ശിനി ബസില്‍ യാത്രചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ആരെങ്കിലും സൗജന്യം നിഷേധിക്കുകയും പണം നല്കാന് തയറാകുകയും ചെയ്താല്‍ എന്ത് ചെയ്യണമെന്ന് നിര്‍ദേശമില്ല. ഇന്നലെ പല ഡിപ്പോകളില്‍ നിന്നും സര്‍വീസ് നടത്തിയ പ്രിയദര്‍ശിനി ബസില്‍ ഈ അനുഭവം കണ്ടക്ടര്‍മാര്‍ നേരിടേണ്ടിവന്നു. ഡിടിഒ ഇക്കാര്യം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
ടിക്കറ്റ് ചാര്‍ജ് കൂട്ടിക്കാണിക്കുന്നെന്ന്
സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ സൗജ്യന ടിക്കറ്റില്‍ നിരക്ക് കൂട്ടിക്കാണിക്കുന്നതായും ഇറങ്ങേണ്ട സ്ഥലത്തേക്ക് ടിക്കറ്റ് നല്‍കാതെ അതിനപ്പുറമുള്ള സ്റ്റോപ്പുകളിലേക്ക് ടിക്കറ്റ് നല്‍കുന്നതായും പരാതി.
സൗജന്യ യാത്ര ആരംഭിച്ച ഇന്നലെ കൊരട്ടി സ്റ്റോപ്പില്‍ നിന്ന് അങ്കമാലി സ്റ്റാന്‍ഡ് വരെ യാത്ര ചെയ്ത യുവതിക്ക് 20 രൂപ രേഖപ്പെടുത്തിയ ടിക്കറ്റാണ് നല്‍കിയത്. 18 രൂപയാണ് ഓര്‍ഡിനറി ബസിലെ നിരക്ക്. അതേപോലെ ചാലക്കുടിയില്‍ നിന്ന് അങ്കമാലിയിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ട മറ്റൊരു യുവതിക്ക് ആലുവ വരെയുള്ള ടിക്കറ്റും നല്കി. പല ബസുകളിലും വ്യാപകമായി നിരക്ക് തെറ്റിച്ച് നല്‍കിയതായും പരാതികളുണ്ട്. പണം നല്‍കേണ്ടതില്ലാത്തതിനാൽ ആരും അത് ചോദ്യം ചെയ്തില്ല.
സൗജന്യ യാത്ര നല്‍കുന്നത് വഴി കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് സര്‍ക്കാരാണ്. കൂടിയ നിരക്കിലുള്ള ടിക്കറ്റ് നല്കി നഷ്ടം പെരുപ്പിച്ച് കാണിച്ച് സര്‍ക്കാരില്‍ നിന്ന് അധിക പണം ഈടാക്കാനുള്ള ശ്രമമായും ആരോപിക്കുന്നുണ്ട്. എന്നാല്‍ ജീവനക്കാര്‍ മനപൂര്‍വം ചെയ്തതാകില്ലെന്നും സംഭവം പരിശോധിക്കാമെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.
Tags : nattu vishesham Women celebrate