വടക്കഞ്ചേരി: മറ്റൊന്നും വിചാരിക്കരുത്. ആദ്യം ടൈൽസ് വിരിച്ചത് ശരിയായില്ല. മഴപെയ്തപ്പോൾ ടൈൽസ് വിരിച്ച ഭാഗത്ത് വെള്ളക്കെട്ടും പലഭാഗവും താഴ്ന്ന് രൂപക്കേടാവുന്ന സ്ഥിതിയുമുണ്ടായി.
അതിനാലാണ് ടൈൽസ് ഇളക്കിയെടുത്ത് വീണ്ടും വിരിക്കുന്നത്. വടക്കഞ്ചേരി ബസാർറോഡിൽ മംഗലം പാലത്തിനടുത്താണ് ഒരുമാസത്തിനുള്ളിൽതന്നെ രണ്ടാമത് പണി നടത്തേണ്ടി വന്നത്. പാതയോരം വൃത്തിയാക്കി മനോഹരമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കോൺക്രീറ്റ് ടൈൽസ് വിരിച്ചത്.
വിരിക്കുമ്പോൾതന്നെ പലരും പറഞ്ഞിരുന്നുവത്രെ പണി ത്ര ശരിയല്ലെന്ന്. പക്ഷെ, ദുരഭിമാനപ്രശ്നത്തിൽ അതത്ര കാര്യമാക്കിയില്ല.മഴവെള്ളം കെട്ടിനിന്ന് അഭംഗിയായപ്പോൾ പിന്നെ നാണക്കേടൊന്നും നോക്കാതെ വീണ്ടും പണി നടത്തുകയായിരുന്നു.
പകുതി ഭാഗത്ത് മാത്രമാണ് ഇപ്പോൾ ഇളക്കിയെടുത്ത് പണിതിട്ടുള്ളത്. എന്നാൽ ശേഷിച്ച യത്തീംഖാന വരെയുള്ള ഭാഗത്തും താഴ്ന്നും പൊങ്ങിയുമാണ് ടൈൽസുകളുടെ നിൽപ്പ്. ജെസിബി ഉപയോഗിച്ച് വെള്ളം ഒഴുകിപ്പോകാൻ വഴിയൊരുക്കിയിട്ടുണ്ടെങ്കിലും ഇത് കുറച്ചുകാലമെങ്കിലും നിൽക്കാൻ ശരിയായി പണിയണം.വടക്കഞ്ചേരിയെ ബ്യൂട്ടിഫുളാക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവൃത്തികളിലാണ് ഇങ്ങനെയൊരു ശ്രദ്ധക്കുറവുണ്ടായത്.
Tags : nattu vishesham Work resumes