കൂരാച്ചുണ്ട് വട്ടച്ചിറയിലെ യുവ ക്ഷീര കർഷകൻ കിഴക്കേനകത്ത് ദീപു തന്റെ പശുഫാമിൽ.
കൂരാച്ചുണ്ട്: ക്ഷീരോത്പാദന രംഗത്ത് വിജയഗാഥ രചിച്ച് യുവതലമുറയ്ക്ക് മാതൃകയായിരിക്കുകയാണ് യുവ ക്ഷീര കർഷകനും കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശിയുമായ കിഴക്കേനകത്ത് ദീപു. ക്ഷീര മേഖലയോടുള്ള താത്പര്യത്താൽ ദുബായ് എമിറേറ്റ്സ് എൻബിഡി ബാങ്കിൽ ചീഫ് കാഷ്യറായി ജോലി ചെയ്തുവന്ന ദീപു ജോലി ഉപേക്ഷിച്ചാണ് 2020ൽ പശുഫാമിന് തുടക്കം കുറിക്കുന്നത്. തുടക്കത്തിൽ പല ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടേണ്ടിവന്നുവെങ്കിലും പിന്മാറിയില്ല. കഠിനാധ്വാനത്തിലൂടെ ദീപു തന്റെ ഫാം വിപുലീകരിച്ചു.
ഇന്ന് ദീപുവിന്റെ ഫാമിൽ എരുമകൾ ഉൾപ്പെടെ മുപ്പതോളം പശുക്കളുണ്ട്. ദിവസേന ഏകദേശം 300 ലിറ്ററോളം പാൽ ഉത്പാദിപ്പിച്ച് കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘത്തിലൂടെ വിപണിയിലെത്തിക്കുന്നുണ്ട്.2025-ൽ ജില്ലാ ക്ഷീരവികസന വകുപ്പ് മികച്ച യുവ ക്ഷീരകർഷകനുള്ള പുരസ്കാരം നൽകി ദീപുവിനെ ആദരിച്ചു. സ്വപ്നങ്ങളെ കഠിനാധ്വാനത്തോടെ പിന്തുടർന്നാൽ വിജയം ഉറപ്പാണെന്ന് തെളിയിച്ച ദീപു പുതിയ സംരംഭത്തിലേക്ക് ചുവടുവയ്ക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
തന്റെ ഫാമിൽ ഉത്പ്പാദിപ്പിക്കുന്ന പാൽ ഉപയോഗിച്ചുകൊണ്ട് പാൽ ഉത്പന്നങ്ങൾ നിർമിക്കുന്ന പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചിരുന്നു. ജൂലൈ മാസത്തോടെ ഉത്പന്നങ്ങൾ വിപണിയിലെക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ചുവടുവയ്പ്പിലും വിജയം നേടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവാവ്. വട്ടച്ചിറ കിഴക്കേനകത്ത് ഏബ്രഹാം - വത്സ ദമ്പതികളുടെ മകനാണ് ദീപു.
Tags : Local News Nattuvishesham Kozhikode