കായംകുളം: പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടർന്ന് സാഹസികമായി പിടികൂടി. കറ്റാനം ഇലിപ്പക്കുളം കാരൂർ താഴ്ചയിൽ നെൽസൺ (30) ആണ് പിടിയിലായത്. കായംകുളം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് കേസെടുത്തു.
കൃഷ്ണപുരം കാപ്പിൽ കിഴക്ക് സ്വദേശിനിയും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം റാം കിഷോറിന്റെ ഭാര്യയുമായ രജനിയുടെ മാലയാണ് കവർന്നത്. കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് സമീപം രജനി നടത്തുന്ന ബിൽഡിംഗ് പ്ലാൻ തയ്യാറാക്കുന്ന സ്ഥാപനത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേനയാണ് ഇന്നലെ ഇയാൾ എത്തിയത്.
സംസാരിച്ചു നിൽക്കുന്നതിനിടെ രജനിയുടെ പിന്നിൽനിന്നും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും അതു തടയുന്നതിനിടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
മാലയുമായി മോഷ്ടാവ് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രജനി ഓടിയെത്തി സ്കൂട്ടറിൽ ബലമായി പിടിച്ചു.
യുവതി പിടിവിടുന്നില്ലന്ന് കണ്ടപ്പോൾ ഇയാൾ യുവതിയെ റോഡിൽ വലിച്ചുകൊണ്ട് സ്കൂട്ടർ ഓടിച്ചു, മുന്നോട്ട് നീങ്ങിയതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മോഷ്ടാവിനെ വളഞ്ഞുപിടിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Tags : Nattuvishesham Districtnews Young woman