സനൂജ്
കൊല്ലം: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി കൊല്ലം എക്സൈസ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ മയ്യനാട് കൂട്ടിക്കട പീടികമുക്ക് സ്വദേശിയായ സനൂജ് (43) പിടിയിലായി. ഇയാളുടെ വീട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന 30 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ബൈക്കില്‍ നിന്ന് 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും വില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്. ഇയാള്‍ക്ക് മുമ്പും അനധികൃത മദ്യ വില്പനയുടെ കേസുണ്ട്. 57 കുപ്പി അനധികൃത മദ്യം വില്പന നടത്തിയ കേസില്‍ നേരത്തെ പിടിയിലായിരുന്നു. ഇയാള്‍ക്ക് മയക്കുമരുന്നും പുകയില ഉല്‍പ്പന്നങ്ങളും എത്തിച്ചു കൊടുക്കുന്നവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
ഇന്‍സ്പെക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് നിര്മലന് തമ്പി , പ്രിവന്റീവ് ഓഫീസര്‍മാരായ ജ്യോതി, സജീവ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഗംഗ, സിവില്‍ എക്സൈസ് ഓഫീവര്‍മാരായ മുഹമ്മദ് കാഹില്‍, ജൂലിയന്‍, ഡ്രൈവര്‍ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.