ഫയർഫോഴ്സ് സ്കൂബ സംഘം തെരച്ചിൽ നടത്തുന്നു.
വർക്കല: മഫ്ടിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് യുവാവ് കായലിൽ ചാടി. വർക്കല ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു. ഇടവ പഞ്ചായത്ത് മങ്ങാട് കടവിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഉൾപ്രദേശമാണ് ഇവിടം. സാമൂഹ്യ വിരുദ്ധ ശല്യവും കൂടുതലാണ്.
അഞ്ചു യുവാക്കൾ രാവിലെ ഇവിടെയെത്തി ലഹരി ഉപയോഗിക്കുന്നതിനിടെ വിവരം അറിഞ്ഞു നാല് എക്സൈസ് ഉദ്യോഗസ്ഥർ ഇവിടെ എത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടൻ യുവാക്കൾ ചിതറി ഓടുകയും ഒരാൾ കായലിൽ ചാടുകയുമായിരുന്നു. മൂന്നു പേർ രക്ഷപ്പെടുകയും ലഹരിയിലായിരുന്ന ഒരു യുവാവിനെ എക്സൈസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവിനെയാണു കസ്റ്റഡിയിൽ എടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സമീപത്തുണ്ടായിരുന്ന ബാഗിൽനിന്ന് അഞ്ചു ഗ്രാം എംഡി എംഎയും കുറച്ചു കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ബാഗിൽ നിന്നു ലഭിച്ച ഐഡി കാർഡി ലെ മേൽവിലാസമനുസരിച്ചു നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അഭിജിത്തിന്റേതാണ് ബാഗ്. യുവാക്കൾ വന്ന കാർ റോഡിൽ തന്നെ കിടപ്പുണ്ട്. പൂന്തുറ സ്വദേശിയുടേതാണ് കാറെന്നു പോലീസ് പറഞ്ഞു.
ഫയർഫോഴ്സ് സ്കൂബ ഡൈവിംഗ് സംഘത്തെ സ്ഥലത്തെയെത്തിച്ച് പരിശോധന നടത്തിവരികയാണ്.