പെരിന്തൽമണ്ണ: രാഷ്ട്രീയ, സംഘടന വ്യത്യാസങ്ങളില്ലാതെ പെരിന്തൽമണ്ണ സബ് ജില്ലയിലെ മുഴുവൻ അധ്യാപകരെയും ഏകോപിപ്പിക്കുന്ന "യുവ ടീച്ചേഴ്സ് ക്ലബ്ബിന്റെ’ ലോഗോ പ്രകാശനവും ലഹരിവിരുദ്ധ ഫ്ളാഷ് മോബും പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.
അധ്യാപകർക്കിടയിൽ ഐക്യം ശക്തിപ്പെടുത്തുക, സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവമാവുക എന്നീ ലക്ഷ്യങ്ങളോടെയാണ് "യുവ’ പ്രവർത്തിക്കുന്നത്. പെരിന്തൽമണ്ണ എസ്ഐ അബ്ബാസ് പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. യുവ അധ്യാപക കൂട്ടായ്മ പ്രസിഡന്റ് ആൽബിൻ കെ. ജോർജ് അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണ എഇഒ കെ.ടി. കുഞ്ഞിമൊയ്തു വിശിഷ്ടാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി മുഹമ്മദ് താഹിർ, വൈസ് പ്രസിഡന്റ് ഇ. നിത്യ, വൈസ് പ്രസിഡന്റ് എ. ദിവ, സെക്രട്ടറിമാരായ അഭിജിത്ത്, അമൽ, ട്രഷറർ റോഷൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾ അണിനിരന്ന ലഹരിവിരുദ്ധ ഫ്ളാഷ് മോബും നടന്നു.
Tags : nattu vishesham Yuva' anti-drug