Editorial Audio
ഭാഗികമായൊരു ലോക്ഡൗണിന്റെ ഓർമയിലേക്കു തള്ളിവിടുന്നതെങ്കിലും, ഇന്ധന ഉപയോഗത്തിലുൾപ്പെടെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം പാലിക്കേണ്ടതാണ്. ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങൽ പരിമിതപ്പെടുത്തണം, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് വർധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് അദ്ദേഹം നടത്തിയത്. കൊടുംവേനലിൽ വൈദ്യുതിക്ഷാമം രൂക്ഷമായതോടെ അടുത്തിടെ കേരളത്തിൽ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന നിർദേശമുണ്ടായിരുന്നു. അത്രപോലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത യുദ്ധത്തിന്റെ ആഗോള പ്രതിസന്ധിയാണ് ഇന്ധനക്കടത്തിലുൾപ്പെടെ സംജാതമായിരിക്കുന്നത്. അതേസമയം, ഈ മുന്നറിയിപ്പ് ഇന്ധന വിലവർധനയുടെ മുന്നോടിയോ ന്യായീകരണമോ ആണെങ്കിൽ ജനദ്രോഹമാണ്.
വിദേശയാത്രകൾ ഒഴിവാക്കുക, വർക്ക് ഫ്രം ഹോം നടപ്പിലാക്കുക, ആഡംബരത്തിനായി സ്വർണം വാങ്ങിക്കൂട്ടാതിരിക്കുക, പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് അസംസ്കൃത എണ്ണവില ഉയരുകയും വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാവുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നതാണ് പ്രശ്നം. എണ്ണ-സ്വർണം ഇറക്കുമതി വിനിമയം ഡോളറിലാണ് നടത്തുന്നത്. എണ്ണ ഇറക്കുമതി ചെയ്യാതിരിക്കാനാകില്ല.
പക്ഷേ, ആഡംബരത്തിനും നിക്ഷേപത്തിനുമായുള്ള സ്വർണമെടുക്കൽ പരിമിതപ്പെടുത്തിയാൽ, കൂടുതൽ ഡോളർ പുറത്തേക്ക് ഒഴുകുന്നതു തടയാം. വ്യക്തികേന്ദ്രീകൃത ജീവിതം സുഖകരവും സൗകര്യപ്രദവുമെങ്കിലും ചെലവേറിയതാണ്. കാറുകളിൽ ഒന്നിലേറെ ആളുകൾ യാത്ര ചെയ്യുന്നതും അതു പ്രായോഗികമല്ലാത്തിടത്ത് ബസും ട്രെയിനും മെട്രോയും ഉൾപ്പെടെയുള്ള പൊതുഗതാഗതം ഉപയോഗിക്കുന്നതുമൊക്കെ ചെലവ് കുറയ്ക്കുകയും രാജ്യത്തിന്റെ സാന്പത്തിക സുരക്ഷയ്ക്കു ഗുണകരമാകുകയും ചെയ്യും. തദ്ദേശീയ ഉത്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതും വിദേശനാണ്യശേഖര ശോഷണത്തെ നിയന്ത്രിക്കും. ഇതു രാജ്യത്തോടുള്ള പ്രതിബദ്ധതയായി എല്ലാവരും കണക്കിലെടുക്കേണ്ടതാണ്.
വിദേശ വിനിമയശേഷിയെയും സാന്പത്തികസുരക്ഷയെയും യുദ്ധം കൂടുതലായി ബാധിക്കുമെന്ന നിരീക്ഷണം സർക്കാരിനുണ്ടായിരിക്കാം. അതല്ലെങ്കിൽ ഇപ്പോൾതന്നെ വർധിച്ചിരിക്കുന്ന അസംസ്കൃത എണ്ണവിലയുടെ ഭാരം, നികുതി കുറച്ചു പരിഹരിക്കാതെ ജനങ്ങളിലേക്കു കൈമാറാനുള്ള ഒരുക്കവുമാകാം. പക്ഷേ, ആഗോളവില കൂപ്പുകുത്തിയ കാലത്ത് ജനങ്ങൾക്ക് ഇളവൊന്നും കൊടുക്കാതെ നികുതി വർധിപ്പിച്ചുകൊണ്ടിരുന്ന സർക്കാരിന് വിലവർധനയുടെ പേരിൽ പെട്രോളിന്റെയും ഡീസലിന്റെയും ഗാർഹിക പാചകവാതകത്തിന്റെയും വില വർധിപ്പിക്കാൻ ന്യായീകരണമില്ല.
യുദ്ധം സർക്കാരിന്റെ ബാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, ജനങ്ങളുടെ ജീവിതച്ചെലവും ബാധ്യതകളും അതിലേറെ വർധിച്ചു. വരുമാനം കൂടിയിട്ടുമില്ല. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിൽനഷ്ടവുമൊക്കെ കോടിക്കണക്കിനു മനുഷ്യരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചുകഴിഞ്ഞു. ഇന്ധനവില വർധിപ്പിച്ചാൽ ഇനിയും കുതിച്ചുയരാനിരിക്കുന്ന ജീവിതച്ചെലവ് അവർക്കു യുദ്ധസമാനമാകും.
ദേശസ്നേഹം എന്നത് സൈനികരുടെ ത്യാഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പൗരന്മാരുടെ ഉത്തരവാദിത്വമുള്ള പെരുമാറ്റവും അതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ ഉൾക്കൊള്ളേണ്ട സമയമാണിത്. ഇത്തരം നിയന്ത്രണങ്ങളിലേക്കാണ് 12 വർഷംകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്ന പ്രതിപക്ഷ വിമർശനം യുക്തിസഹമല്ല.
അങ്ങനെയാണെങ്കിൽ ലോകത്തെ ഏതാണ്ട് എല്ലാ ഭരണാധികാരികളും അവരുടെ രാജ്യത്തെ അത്തരമൊരു സാഹചര്യത്തിൽ എത്തിച്ചെന്നുകൂടി പറയേണ്ടിവരും. മാത്രമല്ല, അപക്വമതികളായ യുദ്ധകക്ഷികൾക്കു മുന്നിൽ അമിതാവേശവും എടുത്തുചാട്ടവും നടത്താത്ത നയതന്ത്രത്തിലൂടെ പരമാവധി ഇന്ധനം ഹോർമുസിലൂടെ കടത്തിക്കൊണ്ടുവന്ന രാജ്യമാണ് ഇന്ത്യ. ദുർവ്യാഖ്യാനങ്ങളെ ഭരണകൂട വിമർശനവുമായി ലയിപ്പിക്കുന്നത് പ്രതിപക്ഷ വിശ്വാസ്യതയിൽ വെള്ളം ചേർക്കുമെന്നും മറക്കരുത്.
ജനങ്ങൾ സ്വയം നിയന്ത്രണത്തിനു തയാറാകണം; സർക്കാർ ഇന്ധനവില വർധിപ്പിക്കുകയുമരുത്. ഈ രണ്ടു പ്രതിജ്ഞകൾ ഇന്നെടുത്താൽ നാളെ ഇരുട്ടിലാകില്ല. എണ്ണയൊഴിക്കാതിരുന്നാൽ യുദ്ധത്തീയണയ്ക്കാം. അവിടത്തെ യുദ്ധങ്ങളെ ഇവിടെ തോൽപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.