Editorial Audio
കൗമാരപ്പൂരം, കായികമാമാങ്കം...മാധ്യമങ്ങളില്‍ വിശേഷണങ്ങള്‍ക്കു പഞ്ഞമില്ല. ഏതാനും കൃമികീടങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഭക്ഷണം ഗംഭീരം...പുതുപുത്തന്‍ സിന്തറ്റിക് ട്രാക്ക് കിടുകിടുക്കന്‍. സംഘാടനം ഗംഭീരമെന്ന് മന്ത്രിയും പരിവാരങ്ങളും. കാഴ്ചപ്പൂരം കേമമായെന്നു നാട്ടുകാര്‍. കച്ചവടക്കാര്‍ക്കും മോശമായില്ല.കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന അറുപത്തെട്ടാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സില് എല്ലാം നന്നായി. സുപ്രധാനമായ ഒന്നൊഴികെ. കുട്ടികളുടെ പ്രകടനം. നിര്‍ജീവം, നിരാശാജനകം എന്നേ ഈ മീറ്റിനെ വിശേഷിപ്പിക്കാനാകൂ.
എവിടെ പുതിയ താരോദയം? പുതിയ വേഗമെവിടെ, ദൂരമെവിടെ, ഉയരമെവിടെ? ഇഞ്ചോടിഞ്ചു പോരാട്ടങ്ങള്‍ വിരലിലെണ്ണാവുന്ന മാത്രം. മീറ്റിലെ അവസാന ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 4x400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കണ്ട ആവേശം കരിന്തിരി കത്തലായിരുന്നുവോ? ശ്രീഹരി കരിക്കന്‍, അനാമിക അജേഷ്, ടി.എം. അതുല്‍, നിവേദ്യ കലാധര്‍. ഒരു സംസ്ഥാന മീറ്റ് കഴിയുമ്പോള്‍ ഇത്രയും പേരുകള്‍ മാത്രം ഓര്‍മയില്‍ തങ്ങിയാല്‍ മതിയോ?സംഘാടനമികവിന്റെ പാടിപ്പുകഴ്ത്തലുകള്‍ മാറ്റിവച്ചാല്‍ വലിയൊരു അപകടസൂചനയാണ് എന്‍ഐടിയിലെ പുതിയ സ്റ്റേഡിയത്തില്നിന്നുയരുന്നത്.
വലിയ നിലവാരത്തകര്‍ച്ചയുടെ ദയനീയ ചിത്രം. ഈ മീറ്റിനോടു തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ചെന്നൈയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ സംഗതിയുടെ ഗൗരവം ആര്‍ക്കും പിടികിട്ടും.സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ഉദ്ദേശ്യലക്ഷ്യം മറന്ന് സംഘാടനമികവില്‍ മാത്രം ശ്രദ്ധയൂന്നിയാല്‍ അധികകാലം ഈ മീറ്റ് നടത്തേണ്ടിവരില്ല എന്നതാണ് അധികൃതര്‍ ആദ്യം തിരിച്ചറിയേണ്ടത്. മേളകള്‍ നന്നായി സംഘടിപ്പിച്ചാല്‍ എളുപ്പം കൈയടി നേടാം. എന്നാല്‍ മികച്ച അത്ലറ്റുകളെ വാര്‍ത്തെടുക്കുകയെന്നത് ദീര്‍ഘകാല പ്ലാനിംഗും നിരന്തരമായ ജാഗ്രതയും അധ്വാനവും വേണ്ട കാര്യമാണ്. അവിടെ ഗിമ്മിക്കുകള്‍ക്ക് ഇടമില്ല.
ഇക്കാര്യം ഇവിടുത്തെ കായികാധ്യാപകര്ക്കറിയാം. അത്ലറ്റിക്സിനെ സ്നേഹിക്കുന്നവര്‍ക്കറിയാം. കേരളത്തില്നിന്നുയര്ന്നു വന്നു ഒളിമ്പിക്സ്വരെ ഇന്ത്യൻ കൊടി പാറിച്ച കായികതാരങ്ങള്ക്കറിയാം. ഈ തിരിച്ചറിവില്ലാത്തത് സര്‍ക്കാരുകള്‍ക്കു മാത്രം.അവര്ക്കതറിയാമായിരുന്നെങ്കില് കേരളത്തിലെ എല്ലാ സ്കൂളുകളിലും കായികാധ്യാപകരും മികച്ച കായികപരിശീലനവും ജില്ലകള്‍ തോറും മികച്ച മൈതാനങ്ങളുമുണ്ടാകുമായിരുന്നു. ഉയര്‍ന്ന കായിക സംസ്കാരം ഇവിടെ വളര്‍ന്നു വരുമായിരുന്നു.
പകരം കാണുന്നതോ? പരിചരണമില്ലാതെ നശിക്കുന്ന മൈതാനങ്ങളും സിന്തറ്റിക് ട്രാക്കുകളും. സ്വന്തം സ്കൂളില്‍നിന്ന് എത്രയോ കിലോമീറ്ററുകള്‍ യാത്രചെയ്തു പരിശീലനം നേടേണ്ടിവരുന്ന അത്ലറ്റുകള്. സ്കൂളുകളില്‍നിന്ന് സ്കൂളുകളിലേക്ക് നെട്ടോട്ടമോടി തളരുന്ന പരിശീലകര്‍. പാലായിലെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെയും സിന്തറ്റിക് ട്രാക്കുകളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? ഒരു മഴ പെയ്താല്‍ ടൈറ്റാനിക് പോലെയുള്ള സിനിമകളുടെ ഷൂട്ടിംഗിന് സജ്ജമാകുന്ന കോട്ടയത്തെ നെഹ്റു സ്റ്റേഡിയം ആരും കാണുന്നില്ലേ?
എന്‍ഐടി സ്റ്റേഡിയത്തില്‍ നടന്ന മീറ്റിലെ ചില കാഴ്ചകള്‍ സങ്കടപ്പെടുത്തുന്നതായിരുന്നു. ആകെ തളര്‍ന്ന മട്ടില്‍ ഓടിവരുന്ന, ചാടുന്ന, എറിയുന്ന കുട്ടികള്‍. ഒന്നാം സ്ഥാനത്ത് വരുന്നവര്‍ക്കുപോലും അതിന്റെ ആനന്ദമോ ആവേശമോ ഇല്ല. ഒരു വിജയ ചിഹ്നം കാണിക്കാൻപോലും മറന്നുപോകുന്നവർ. ഒരു ജോലി തീര്‍ക്കുന്നതുപോലെ ഓടുന്നു, വിജയിക്കുകയോ പിന്നിലാകുകയോ ചെയ്യുന്നു, പോകുന്നു. പുതിയ തലമുറയുടെ വിജയതൃഷ്ണ എവിടെപ്പോയി?
ശരിയാണ്, തലമുറകള്‍ മാറുമ്പോള്‍ സമീപനത്തില്‍ മാറ്റം വരും. സ്വന്തം മുറിയിലെ കംപ്യൂട്ടറിനു മുന്നിലിരുന്ന് വിജയം നേടാവുന്ന ഗെയിമുകളുള്ളപ്പോള് വെയിലുകൊണ്ട് നിരന്തരം അധ്വാനിച്ച് നേടുന്ന വിജയം ആര്‍ക്കു വേണം എന്നതാകുമോ കാര്യം? അതോ സ്പോര്‍ട്സില്‍ ജയിച്ചാലും ജീവിതത്തില്‍ തോല്‍വിയാകുമെന്ന ഭയമാണോ?കായികരംഗത്തെ വിദഗ്ധരും സര്‍ക്കാരും അടിയന്തരമായി ചിന്തിക്കേണ്ട വിഷയമാണ്. അതിവേഗം പ്രവര്‍ത്തിക്കുകയും വേണം. സ്കൂള്‍ സ്പോര്‍ട്സ് ചില അക്കാദമികളില്മാത്രം ഒതുങ്ങിയാല്‍ പോരാ.
എല്ലാ മേഖലയില്‍നിന്നും കഴിവുള്ളവര്‍ വളര്‍ന്നുവരണം. അതിന് വിദ്യാഭ്യാസ വകുപ്പും കായികവകുപ്പും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണം. മുമ്പ് സംസ്ഥാന മീറ്റിനു പോകാന്‍ ജില്ലാ ടീമുകള്‍ക്ക് കോച്ചിംഗ് ക്യാമ്പിന് ധനസഹായമുണ്ടായിരുന്നു. ജില്ലാതലത്തില്‍ കിട്ടിയിരുന്ന പ്രൈസ് മണി സ്പൈക്സ് വാങ്ങാനെങ്കിലും കുട്ടികള്‍ക്ക് ഉപകരിച്ചിരുന്നു.സര്‍ക്കാര്‍ ചെയ്യേണ്ടത് സ്ഥിതിഗതികളുടെ ഗൗരവം തിരിച്ചറിഞ്ഞ് അടിയന്തരമായി കായികനയം പ്രഖ്യാപിക്കുകയാണ്. ഇപ്പോള്‍ യുപി സ്കൂളുകളില്‍ 500 കുട്ടികളില്ലെങ്കില്‍ കായികാധ്യാപകനില്ല. ഹൈസ്കൂളില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ അഞ്ചു ഡിവിഷനില്ലെങ്കില് കായികാധ്യാപകനില്ല.
ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കായികാധ്യാപകരേയില്ല. ഈ നയം മാറണം. കായിക പരിശീലനത്തിനുള്ള കുട്ടികളുടെ അവകാശം ഉറപ്പാക്കണം. കായികസാക്ഷരതയെന്നത് മത്സരങ്ങള്‍ക്കു പോകാന്‍വേണ്ടി മാത്രമുള്ളതല്ല. ആരോഗ്യമുള്ള സമൂഹത്തിനുവേണ്ടിയുള്ളതാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ എന്നൊതൊക്കെ ക്ലീഷെയെന്നു പറഞ്ഞ് പുച്ഛിക്കാന്‍ വരട്ടെ. മയക്കുമരുന്ന്, ഫോണ്‍ അഡിക്ഷൻ വിപത്തിനെ നമുക്ക് നേരിടേണ്ടേ?
ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സര്‍ക്കാരും അനുബന്ധ കായികസംഘടനകളും കഠിനാധ്വാനം ചെയ്യാന്‍ സന്നദ്ധരായ പരിശീലകരും അത്ലറ്റുകളുമുണ്ടായാല് ഇനിയും കേരളത്തിന്റെ ശബ്ദം ഒളിമ്പിക്സ്, ലോക വേദികളില്‍ ഉയരും. അല്ലെങ്കില്‍ കേരള കായികരംഗത്തിന്റെ പെരുമ പാണന്മാര് പാടിനടക്കുന്ന വെറുമൊരു പഴങ്കഥയാകാന്‍ അധികകാലം വേണ്ടിവരില്ല.
Tags : EDITORIAL DEEPIKA DEEPIKA EDITORIAL school meet