പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠിതമായതിനാൽ, പഠനവിഷയങ്ങളിൽ ആഴത്തിലുള്ള ധാരണകൾ സൃഷ്ടിച്ച് വിദ്യാർഥികളുടെ വൈദഗ്ധ്യം വർധിപ്പിക്കുന്ന ഒരു പുതിയ വിദ്യാഭ്യാസസംസ്കാരം സംജാതമാക്കുന്ന പദ്ധതിയാണിത്. പ്രഫസർമാർ പഴയതുപോലെ അറിവിന്റെ കുത്തകവിതരണക്കാരല്ല. അറിവു നേടുന്നതെങ്ങനെയെന്ന്, എവിടെനിന്നെന്ന് അവർ വിദ്യാർഥികൾക്കും പറഞ്ഞുകൊടുക്കും.
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പുതിയ ഇന്ത്യൻ വിദ്യാഭ്യാസ നയപ്രകാരം യുജിസി ക്രമീകരിച്ച നാലുവർഷ ബിരുദ പ്രോഗ്രാം നടപ്പാക്കിക്കഴിഞ്ഞു. കേരളത്തിൽ ‘ശ്യാം പി. മേനോൻ കമ്മീഷൻ’ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ പ്രോഗ്രാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കാതലായ വ്യത്യാസം ഇതാണ്. യുജിസി പദ്ധതിപ്രകാരം ഓരോ വർഷവും വിജയകരമായി പഠനം പൂർത്തീകരിക്കുന്ന ഓരോ വിദ്യാർഥിക്കും അതത് വർഷം നിശ്ചയിച്ചിരിക്കുന്ന സർട്ടിഫിക്കറ്റുമായി താത്കാലികമായി പഠനം നിർത്താനും മൂന്നു വർഷത്തിനുള്ളിൽ തിരികെയെത്തി പഠനം പൂർത്തിയാക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ കേരള പദ്ധതിപ്രകാരം ഒരു വിദ്യാർഥിക്ക് മൂന്നാം വർഷം നൽകുന്ന ആദ്യ ഡിഗ്രിയുമായി മാത്രമേ പഠനം താത്കാലികമായി നിർത്താൻ സാധിക്കുകയുള്ളൂ. ഈ നിബന്ധന കേരള ഡിഗ്രി പഠനപദ്ധതിയെ വിദേശ ഡിഗ്രി പഠനപദ്ധതികളോട് തുല്യമാക്കുന്നതിനു സഹായിക്കും.
കോഴ്സുകൾ
ബിരുദപഠനത്തിൽ നാലുതരം കോഴ്സുകളുണ്ട്: 1. വിഷയാധിഷ്ഠിത കോഴ്സുകൾ 2. ഭാഷാനൈപുണ്യ വികസന കോഴ്സുകൾ 3. തൊഴിൽ നൈപുണ്യ വികസന കോഴ്സുകൾ 4. മൂല്യവർധിത കോഴ്സുകൾ. ആദ്യവിഭാഗത്തിൽ ആറു വിഷയഗ്രൂപ്പുകളാണുള്ളത്: 1. ഇംഗ്ലീഷ് ഭാഷാഗ്രൂപ്പ്, 2. നാച്വറൽ & ഫിസിക്കൽ സയൻസുകൾ 3. കണക്ക് സ്റ്റാറ്റിസ്റ്റിക്സ് & കംപ്യൂട്ടർ ആപ്ലിക്കേഷൻസ് 4. ലൈബ്രറി, ഐടി & മീഡിയാ സയൻസുകൾ 5. കൊമേഴ്സ് & മാനേജ്മെന്റ് 6. ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസുകൾ. ഇവയിൽനിന്ന് മേജർ & മൈനർ/ഇലക്ടീവ് വിഷയങ്ങൾ തെരഞ്ഞെടുക്കാം. ഇവയ്ക്കുപുറമേ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിൽ നൈപുണ്യ പരിശീലനവും ഗവേഷണ നൈപുണ്യവും ലഭിക്കുന്നതിനുള്ള ക്യാപ്സ്റ്റോണ്‍ കോഴ്സുകളും പ്രൊഫഷണൽ ട്രെയിനിംഗ് കോഴ്സുകളും പരിസ്ഥിതിപഠനം, ഡിജിറ്റൽ എഡ്യുക്കേഷൻ, മാത്തമാറ്റിക്കൽ തിങ്കിംഗ് & കംപ്യൂട്ടേഷണൽ അനാലിസിസ് സസ്റ്റെയിൻഡ് ഡെവലപ്മെന്റ്, കേരള മോഡൽ ഓഫ് ഡെവലപ്മെന്റ് തുടങ്ങിയ മൂല്യവർധിത കോഴ്സുകളും അഡീഷണൽ മൈനർ/ഇലക്ടീവ് കോഴ്സുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴ്സ് ഘടന
കോഴ്സ് ഘടനയ്ക്ക് മൂന്നു തലങ്ങളുണ്ട്. 1. ആദ്യ രണ്ടു വർഷങ്ങളിലെ നാലു സെമസ്റ്ററുകൾ ഉൾപ്പെട്ട ഫൗണ്ടേഷൻ കോഴ്സ് 2. മൂന്നാം വർഷത്തിലെ ഇന്റർമീഡിയറ്റ് ഡിഗ്രി കോഴ്സ് 3. നാലാം വർഷത്തിലെ ഡിഗ്രി (ഹോണേഴ്സ്/ഹോണേഴ്സ് വിത്ത് റിസർച്ച്) കോഴ്സ്. ഫൗണ്ടേഷൻ കോഴ്സിന് എല്ലാ വിദ്യാർഥികളും ആറ് സബ്ജക്ട് ഗ്രൂപ്പുകളിൽനിന്ന് മേജർ വിഷയങ്ങളായി രണ്ടെണ്ണവും മൈനർ വിഷയമായി ഒരെണ്ണവും തെരഞ്ഞെടുത്തു പഠിക്കണം. ഇതിനു പുറമേ ബഹുമുഖങ്ങളായ മൂന്ന് ഇലക്ടീവ് വിഷയങ്ങൾ വിഷയാധിഷ്ഠിത ഗ്രൂപ്പുകളിൽനിന്നോ ക്യാപ്സ്റ്റോണ്‍ ഗ്രൂപ്പിൽനിന്നോ വൊക്കേഷണൽ ട്രെയിനിംഗ് പരിപാടികളിൽനിന്നോ തെരഞ്ഞെടുക്കണം. ഇതിനെല്ലാം പുറമേ ഓരോ വിദ്യാർഥിയും ഇംഗ്ലീഷ് ഭാഷയിലും ഒരു ഇന്ത്യൻ ഭാഷയിലും ഈ രണ്ട് ഭാഷാനൈപുണ്യ വികസന കോഴ്സുകൾ പൂർത്തിയാക്കി ആകെ 88 ക്രെഡിറ്റ് പോയിന്റുകൾ നേടിയാൽ ഫൗണ്ടേഷൻ കടന്പ കടന്ന് മൂന്നാം വർഷത്തെ ആദ്യ ഡിഗ്രി കോഴ്സിനു ചേരാം.
ഈ കോഴ്സിന് ഫൗണ്ടേഷൻ കോഴ്സിനു പഠിച്ച വിഷയങ്ങളിൽ രണ്ടെണ്ണം കോർ വിഷയമായും രണ്ടെണ്ണം ഇലക്ടീവായും തെരഞ്ഞെടുത്ത് ആഴമേറിയ പഠനം നടത്തി, രണ്ട് നൈപുണ്യവികസന/ക്യാപ്സ്റ്റോണ്‍ കോഴ്സുകളും ഒരു മൂല്യവർധന കോഴ്സും ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന ഒരു സെൽഫ് ലേണിംഗ് തൊഴിൽ പരിശീലന കോഴ്സും പൂർത്തിയാക്കി 45 ക്രെഡിറ്റ് പോയിന്റുകൾ നേടി ആകെ 133 ക്രെഡിറ്റ് പോയിന്റുകൾ നേടിയാൽ ആദ്യ ഡിഗ്രിയുമായി വേണമെങ്കിൽ താത്കാലികമായി പഠനം നിർത്താം. നാലാം വർഷത്തിൽ ഒന്നുകിൽ ഡിഗ്രിക്കു പഠിച്ച മൂന്നു വിഷയങ്ങളിൽ അഡ്വാൻസ്ഡ് ലെവൽ പഠനം പൂർത്തിയാക്കി എഐസിടിയുടെ ‘സ്വയം’ പോലുള്ള ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ ഒരു തൊഴിൽ പരിശീലന കോഴ്സുകൂടി പൂർത്തിയാക്കി, 44 ക്രെഡിറ്റ് പോയിന്റുകൾ നേടി ആകെ ക്രെഡിറ്റ് 177 ആക്കിയാൽ ഡിഗ്രി (ഹോണേഴ്സ്) നേടാം.
ഈ മൂന്നു കോഴ്സുകൾ പഠിക്കുന്നതിനു പകരം ഒരു കോർ വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി പ്രബന്ധം തയാറാക്കി സെമിനാറിൽ അവതരിപ്പിച്ചാലും ഹോണേഴ്സ് ഡിഗ്രി ലഭിക്കും. എന്നാൽ ഗവേഷണത്തിൽ അതീവ താത്പര്യമുള്ള പ്രഗല്ഭരായ വിദ്യാർഥികൾക്ക് ഒരു യൂണിവേഴ്സിറ്റി/കോളജ് പ്രഫസറുടെ മേൽനോട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി തയാറാക്കിയ പ്രബന്ധം വിദഗ്ധരുടെ നിരീക്ഷണത്തിനുശേഷം ഒരു റിസർച്ച് ജേർണലിൽ പ്രസിദ്ധീകരിക്കുകയോ, അവരുടെ കണ്ടുപിടിത്തത്തിന് പേറ്റന്റ് സന്പാദിക്കുകയോ ചെയ്താൽ അവർക്ക് ഡിഗ്രി (ഹോണേഴ്സ് വിത്ത് റിസർച്ച്) നേടാം.
പുതിയ നാലു വർഷ ഡിഗ്രി കോഴ്സിന്റെ പ്രസക്തി മുകളിൽ വിവരിച്ച കോഴ്സ് ഘടനയും മാർഗരേഖയും വിളിച്ചറിയിക്കുന്നുണ്ട്. ഈ പദ്ധതി നടപ്പിലാക്കാനുള്ള സമീപനരേഖയും നടപടിക്രമങ്ങളും ഇതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നുണ്ട്. സമഗ്രമായ അക്കാഡമിക്പ്രോഗ്രാം ഉൾക്കൊള്ളുന്ന ഫലാധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയാണിത് (Outcome Based Education). വിദ്യാർഥികേന്ദ്രീകൃതമായ ഈ വിദ്യാഭ്യാസപദ്ധതിയിലൂടെ അധ്യാപകർ തുടർച്ചയായ വിലയിരുത്തലുകളിലൂടെ വിദ്യാർഥികൾക്ക് തത്സമയ ‘ഫീഡ്ബാക്ക്’ നൽകി പരിഹാര പിന്തുണയും ലഭ്യമാക്കുന്നു. തന്മൂലം വിദ്യാർഥികൾക്ക് അപ്പപ്പോൾ ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്തി വിജയം ഉറപ്പിക്കാൻ സാധിക്കുന്നു.
സാങ്കേതികവിദ്യാധിഷ്ഠിതം
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠിതമായതിനാൽ, പഠനവിഷയങ്ങളിൽ ആഴത്തിലുള്ള ധാരണകൾ സൃഷ്ടിച്ച് വിദ്യാർഥികളുടെ വൈദഗ്ധ്യം വർധിപ്പിക്കുന്ന ഒരു പുതിയ വിദ്യാഭ്യാസസംസ്കാരം സംജാതമാക്കുന്ന പദ്ധതിയാണിത്. പ്രഫസർമാർ പഴയതുപോലെ അറിവിന്റെ കുത്തകവിതരണക്കാരല്ല. അറിവു നേടുന്നതെങ്ങനെയെന്ന്, എവിടെനിന്നെന്ന് അവർ വിദ്യാർഥികൾക്കും പറഞ്ഞുകൊടുക്കും. ‘ടെക്നോപെഡഗോഗി’യിലൂടെ ക്ലാസ്റൂം പഠനം സജീവമാക്കുവാൻ, പുതിയ ‘ട്രെൻഡുകളും വ്യാഖ്യാനങ്ങളും ഗവേഷണ’ കണ്ടെത്തലുകളും വിദ്യാർഥികളെ പരിചയപ്പെടുത്താൻ പ്രഫസർമാർക്ക് സാധിക്കുന്നു. പുതിയ വിദ്യാഭ്യാസപ്രക്രിയയിൽ വിദ്യാർഥികൾ അവരുടെ പങ്കാളികളും സഹകാരികളും, പുതിയ കാഴ്ചപ്പാടുകളുടെയും അറിവുകളുടെയും ദാതാക്കളുമാകുന്നു. വിമർശനാത്മകമായ ചിന്തിക്കലും നവീകരിക്കലും പരിഹാരം നിർദേശിക്കലുമൊക്കെ വിദ്യാർഥികളുടെ ഗവേഷണപ്രേരിത മനസിനെ പരിപോഷിപ്പിച്ച് അവരുടെ ഭാവി സുരക്ഷിതമാക്കും. ഉപരിപഠനത്തിനായോ, ആധുനിക തൊഴിൽസേനയിൽ ചേരുന്നതിനോ സ്വയം സംരംഭകരായിത്തീർന്ന് തൊഴിൽദാതാക്കളായി രംഗപ്രവേശം ചെയ്യുന്നതിനോ പുതിയ വിദ്യാഭ്യാസപദ്ധതി വിദ്യാർഥികളെ നന്നായി തയാറാക്കും.
സാങ്കേതിക വിദ്യാധിഷ്ഠിതമായ പുതിയ വിദ്യാഭ്യാസപദ്ധതി വിദ്യാർഥികൾക്ക് വന്പിച്ച അവസരങ്ങൾ തുറന്നുകൊടുക്കും. പരസ്പരബന്ധിത നെറ്റ്വർക്കിംഗിലൂടെ വിദ്യാർഥികൾക്ക് ലോകമെന്പാടുമുള്ള പഠിതാക്കളുമായി സഹകരിച്ചു മുന്നേറാൻ സാധിക്കും. ഉയർന്ന തലത്തിലുള്ള വിജ്ഞാനം കൈവരിക്കുന്ന വിദ്യാർഥികൾ ആധുനിക തൊഴിൽവിപണിയിൽ തല ഉയർത്തിനിൽക്കും. ഇതിനെല്ലാം ഉപരിയാണ് വിദ്യാർഥികളുടെ ഉയർന്ന മൂല്യവത്കരണത്തിനുള്ള സാധ്യതകൾ. ധാർമികവും ഭരണഘടനാധിഷ്ഠിതവുമായ ഉയർന്ന മൂല്യങ്ങൾ ഉൾക്കൊണ്ട് പരിസ്ഥിതി അവബോധത്തോടെ പ്രവർത്തിക്കാനും സഹാനുഭൂതിയും അനുകന്പയും നിറഞ്ഞ ഉത്തരവാദിത്വമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനും പുതിയ വിദ്യാഭ്യാസപദ്ധതി സഹായിക്കും.
ശാസ്ത്രവിഷയങ്ങളിൽ റിസർച്ച് ഡിഗ്രി നേടുന്ന വിദ്യാർഥികൾക്ക് ഐഎസ്ആർഒ, സിഎസ്ഐആർ, ഡിആർഡിഒ, നാസ തുടങ്ങിയവ പോലുള്ള വൻ സ്ഥാപനങ്ങളുടെ ആഗോള ശാസ്ത്രഗവേഷണ പ്രോജക്ടുകളിലും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലും മികച്ച അവസരങ്ങൾ ലഭിക്കും. കൂടാതെ എൻഐടി, ഐഐടികൾ, വ്യവസായ സ്ഥാപനങ്ങൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവയിലും നല്ല അവസരങ്ങൾ ലഭിക്കും. അന്തർദേശീയ പ്രഫഷണൽ നെറ്റ്വർക്കുകളിലേക്കും ആഗോള സഹകരണ പങ്കാളിത്തത്തിലൂടെയുള്ള വികസനത്തിനും പുതിയ വിദ്യാഭ്യാസപദ്ധതി വിദ്യാർഥികൾക്ക് അവസരം നൽകും. ഇതിനെല്ലാം ഉപരിയാണ് പ്രമുഖ യൂണിവേഴ്സിറ്റികളുടെ ‘സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാം’ മുഖേന വിദ്യാർഥികൾക്ക് ലഭിക്കാവുന്ന അവസരങ്ങൾ.
അധികാരികൾ ശ്രദ്ധിക്കേണ്ടവ
നാലു വർഷ ഡിഗ്രി പ്രോഗ്രാം ഫലപ്രദമാക്കാൻ അധികാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്: വിദേശ-സ്വദേശ കന്പനികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഒരു നെറ്റ്വർക്ക് ഉണ്ടാക്കി വിദ്യാർഥികൾക്കു ലഭ്യമാക്കണം. ‘സ്റ്റുഡന്റ് എൻറിച്ച്മെന്റ്’ പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാനുതകുന്ന സബ്ജക്ട് അസോസിയേഷനുകൾ കോളജ്/യൂണിവേഴ്സിറ്റി തലങ്ങളിൽ രൂപീകരിച്ച് വർക്ക്ഷോപ്പുകളും സെമിനാറുകളും കൂടെക്കൂടെ നടത്തുവാൻ ബന്ധപ്പെട്ടവർ പ്രേരണ നൽകണം. ഇതിന് സിംഗപ്പുർ നാഷണൽ യൂണിവേഴ്സിറ്റി ഉത്തമ മാതൃകയാണ്. നമ്മുടെ ഇരു ഡിഗ്രി പ്രോഗ്രാമുകളും റിസർച്ച് ബന്ധിതമാക്കണം. എൻവയേൺമെന്റ് എഡ്യുക്കേഷൻ എല്ലാ കോഴ്സുകൾക്കും നിർബന്ധമാക്കണം.
പരിസ്ഥിതി ആഘാതങ്ങൾക്ക് തത്സമയ നടപടികൾ സ്വീകരിക്കുന്ന ഒരു പുതിയ വ്യവസായസംസ്കാരം വളർത്തിക്കൊണ്ടുവരാൻ പുതിയ വിദ്യാഭ്യാസപദ്ധതി വഴിതെളിക്കണം. ഓരോ വർഷവും വിദ്യാർഥികൾക്ക് യുജിസി പദ്ധതിയിലുള്ളതുപോലെ സർട്ടിഫിക്കറ്റ് വാങ്ങി പുറത്തുപോകാനും മൂന്നു വർഷത്തിനുള്ളിൽ തിരികെ പ്രവേശിച്ച് ഡിഗ്രി പഠനം പൂർത്തിയാക്കാനുമുള്ള അവസരം ലഭ്യമാക്കുന്നതിനെപ്പറ്റി കാലക്രമേണ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചിന്തിക്കാവുന്നതാണ്.
പ്രഫ. ഡോ. സാബു തോമസ് (മുൻ വൈസ് ചാൻസലർ, എംജി യൂണിവേഴ്സിറ്റി)
പ്രഫ. (റിട്ട.) പി.ഐ. ജോസഫ് ഇല്ലിക്കൻ (എസ്ബി കോളജ് )