വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ

2024ലെ ​​​ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ണു​ന്പോ​ൾ മൂ​​​ന്നാം വ​​​ട്ട​​​വും കേ​​​ന്ദ്ര​​​ഭ​ര​ണം പി​ടി​ക്കാ​ൻ കൃ​ത്യ​മാ​യ ക​രു​ത​ലോ​ടെ​യാ​ണ് ബി​ജെ​പി നീ​ക്ക​മെ​ന്നു വ്യ​ക്തം. ​​നി​ല​ത്തു​നി​ന്നി​ട്ടു വേ​ണ്ടേ അ​ഭ്യാ​സം കാ​ണി​ക്കാ​ൻ എ​ന്ന മ​ട്ടി​ലാ​യി​ട്ടു​ണ്ട് പ്ര​തി​പ​ക്ഷം.

ലൗ ​​​ജി​​​ഹാ​ദ് വി​ഷ‍യ​മാ​യ സ​​​ിനി​​​മ ‘കേ​​​ര​​​ളാ ​​സ്റ്റോ​​​റി’ ദൂ​ര​​​ദ​​​ർ​​​ശ​​​നി​​​ൽ സം​​​പ്രേ​ഷ​​​ണം ചെ​യ്യു​ന്ന​ത​ട​ക്കം ബി​ജെ​പി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ കൗ​തു​ക​ക​ര​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് സി​എ​​​സ്ഐ സ​​​ഭ​​​യു​​​ടെ മു​​​ൻ ബി​​​ഷ​​​പ്പി​​​ന്‍റെ ഭാ​​​ര്യ​​​യും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ നേ​​​താ​​​വും മ​ത്സ​രി​ക്കാ​ൻ നോ​​​മി​​​നേ​​​ഷ​​​ൻ കൊ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ പോ​​​ലും ബി​ജെ​പി​​​യു​​​ടെ ബു​​​ദ്ധി​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ പ​ങ്ക് പ​ല​രും സം​ശ​യി​ക്കു​ന്നു​ണ്ട്.

ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ ഇ​​​ഡി ചോ​​​ദ്യം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ബി​​​ഷ​​​പ്പി​​​ന്‍റെ ഭാ​​​ര്യ​​​യാ​ണ് മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത്. അ​വ​ർ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സി​ന്‍റേ​താ​കു​മെ​ന്ന് ഉ​റ​പ്പാ​ണ​ല്ലോ. വ​​​യ​​​നാ​ട്ടി​​​ൽ രാ​​​ഹു​​​ലി​ന്‍റെ റോ​ഡ് ഷോ​യി​ൽ ഒ​​​രു പാ​​​ർ​​​ട്ടി​​​യു​​​ടെ​​​യും കൊ​​​ടി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് കോ​​​ണ്‍ഗ്ര​​​സും ക​​​ണ​​​ക്കുകൂ​​​ട്ടി ക​​​ളി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സൂ​ച​​​ന​​​യാ​​​യി. രാഹുലിനെതിരേയുള്ള 18 ക്രിമിനൽ കേസുകളും ഇന്ത്യ മുന്നണിയുടെ പേരിനെതിരേയുള്ള കേസും യുദ്ധതന്ത്രങ്ങളുടെ ഭാഗമാണെന്ന് എല്ലാവർക്കുമറിയാം.

വ​​​ല്ലാ​​​ത്ത ഒ​​​രു ബോം​​​ബ്

പോ​പ്പു​ല​ർ ഫ്ര​ണ്ട് ബ​ന്ധം വ​ഴി ആ​രോ​പ​ണനി​ഴ​ലി​ലു​ള്ള എ​​​സ്ഡി​പി​ഐ​​​യു​​​ടെ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ മൂ​​​വാ​​​റ്റു​​​പു​​​ഴ അ​​​ഷ്റ​​​ഫ് മൗ​​​ല​​​വി ഏ​​​പ്രി​​​ൽ ഫൂ​​​ൾ ദി​​​ന​​​ത്തി​​​ൽ വ​​​ല്ലാ​​​ത്ത ഒ​​​രു ഉ​​​ൾ​​​വി​​​ളി കി​​​ട്ടി​​​യപോ​​​ലെ മാ​​​ധ്യ​​​മ​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു ന​​​ട​​​ത്തി​​​യ കോ​​​ണ്‍ഗ്ര​​​സി​​​നു​​​ള്ള പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പ​​​നം പോ​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​ന്നാ​​​യി ചി​​​ത്രീക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​.

എ​​​ന്തേ പെ​​​ട്ടെ​​​ന്ന് ഇ​​​ങ്ങ​​​നെ ഒ​​​രു പ്ര​​​ഖ്യാ​​​പ​​​ന​മെ​ന്നു പ​ല​രും സം​ശ​യി​ച്ചു. ഇ​തു നേ​​​ട്ട​​​ത്തെ​​​ക്കാ​​​ൾ ദോ​​​ഷമു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ കോ​​​ണ്‍ഗ്ര​​​സ് മൂ​​​ന്നാം പ​​​ക്കം പി​​​ന്തു​​​ണ വേ​​​ണ്ടെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു.​​ എ​​​സ്ഡി​​​പി​ഐ​​​ക്കാ​​​രെ​​​ക്കൊ​​​ണ്ട് ബി​ജെ​​​പി​യോ സി​​​പി​​​എ​​​മ്മോ അ​​​യ​​​പ്പി​​​ച്ചി​​​രി​​​ക്കാ​വു​​​ന്ന ബോം​​​ബി​​​നെ അ​​​വ​​​ർ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രു​ടെ പി​ന്തു​ണ​യും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​തു​കൊ​ണ്ട് പി​ന്തു​ണ വ​ന്ന​പ്പോ​ൾ ആ​ദ്യം കോ​ൺ​ഗ്ര​സ് പ​ക​ച്ചു. ജ​​​മാ​​​അത്തെ ഇ​​​സ്‌​ലാ​മി​യു​ടെ ​​പി​​​ന്തു​​​ണ കോ​​​ണ്‍ഗ്ര​​​സി​നു ​​വേ​​​ണ്ടെ​ന്നു തു​​​റ​​​ന്ന​​​ടി​​​ച്ച ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദി​​​നെപ്പോ​​​ലെ ആ​​​രും ഇ​​​ന്നി​​​ല്ല​​​ല്ലോ? ഒ​ടു​വി​ൽ ത​ള്ളി​പ്പ​റ​ഞ്ഞ​തി​നോ​ട് എ​​​സ്ഡി​പി​ഐ എ​​​ങ്ങ​​​നെ പ്ര​​​തി​​​ക​​​രി​​​ക്കു​മെ​ന്നു വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ, ദേ​ശീ​യത​ല​ത്തി​ൽ വ​രെ തി​രി​ച്ച​ടി​ക്കാ​മാ​യി​രു​ന്ന ഒ​രു വി​ഷ​യ​ത്തി​ൽ​നി​ന്നു കോ​ൺ​ഗ്ര​സ് വി​വേ​ക​പൂ​ർ​വം ത​ല​യൂ​രി​യെ​ന്നു പ​റ​യാം.

എ​​​സ്ഡി​പി​ഐ​​​യു​​​ടെ ശ​​​ക്തി

എ​​​സ്ഡി​പി​ഐ​​​യു​​​ടെ ശ​​​ക്തി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​ർ എ​ത്ര അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ലും മു​സ്‌​ലിം സ​മൂ​ഹ​ത്തി​ൽ കാ​ര്യ​മാ​യ വേ​രോ​ട്ട​മി​ല്ലെ​ന്ന് ആ​​​ദ്യം പ​​​റ​​​യു​​​ന്ന​​​ത് മു​​​സ്‌​ലിം ലീ​​​ഗാ​​​വും. കേ​​​ര​​​ള​​​ത്തി​​​ലെ ആ​യി​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 9000 പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ​മാ​രു​ള്ള​തി​ൽ നൂറില​ധി​കം പേ​​​രു​​​ള്ള പാ​​​ർ​​​ട്ടി​​​യാ​​​ണ് എ​​​സ്​​​ഡി​പി​ഐ. 2014ൽ 20 ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ചു. അ​​​ഞ്ചി​​​ട​​​ത്ത് (കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, വ​​​ട​​​ക​​​ര, പൊ​​​ന്നാ​​​നി. ചാ​​​ല​​​ക്കു​​​ടി). ജ​​​യി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​യു​​​ടെ ഭൂരി​​​പ​​​ക്ഷ​​​ത്തേ​​​ക്കാ​​​ൾ വോ​​​ട്ട് നേ​​​ടി. പ​​​ത്തി​​​ട​​​ത്ത് ബി​ജെ​​​പി​​​ക്കു പി​​​ന്നി​​​ൽ നാ​​​ലാം സ്ഥാ​​​നം. എ​ന്നാ​ൽ, 2019ൽ ​​​എ​ട്ടു ലോ​​​ക്സ​​​ഭാ സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ച അ​​​വ​​​ർ​​​ക്കു ര​​​ണ്ടി​​​ട​​​ത്തു മാ​​​ത്രം പ​തി​നാ​യി​ര​ത്തി​ലേ​റെ വോ​​​ട്ടു കി​​​ട്ടി. മ​ല​പ്പു​റം 19095, പൊ​ന്നാ​നി 18114. ​​

ക​ണ്ണൂ​രി​ൽ 8139 ​​വോ​​​ട്ടു കി​​​ട്ടി.​​ ആ​കെ പോ​ൾ ചെ​യ്ത​തി​ന്‍റെ 0.4 ശ​ത​മാ​ന​മാ​ണ് കി​ട്ടി​യ വോ​ട്ടു​ക​ൾ. ഇ​ത്ത​വ​ണ ജ​ന​മു​ന്നേ​റ്റ യാ​ത്ര​യൊ​ക്കെ ന​ട​ത്തി അ​ണി​ക​ളെ ഇ​ള​ക്കി. ഇ​തി​നി​ടെ, എ​സ്ഡി​പി​ഐ കോ​ഴി​ക്കോ​ട്ട് മാ​ർ​ച്ച് 20ന് ​ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്നി​ൽ സി​പി​എം, കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വോ​ട്ട് വാങ്ങാ​ൻ ത​യാ​റെ​ങ്കി​ലും പ​ര​സ്യ​ബ​ന്ധ​ത്തി​നു ത​യാ​റാ​യി​ട്ടി​ല്ലെ​ന്നു ചു​രു​ക്കം. ഇ​വി​ടെ കോ​ൺ​ഗ്ര​സി​നു പി​ന്തു​ണ​യെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ലെ ഡി​ണ്ടി​ഗ​ലി​ൽ അ​ണ്ണാ ഡി​എം​കെ​യ്ക്ക് ഒ​പ്പം ചേ​ർ​ന്ന് ഇ​ന്ത്യ മു​ന്ന​ണി​ക്കെ​തി​രേ​യാ​ണ് മ​ത്സ​രം.


ബി​ജെ​പി ​​ഹാ​​​പ്പി

എ​സ്ഡി​പി​ഐ കോ​ൺ​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ൽ ഏ​റ്റ​വും സ​ന്തോ​ഷം ബി​ജെ​പി​ക്കാ​യി​രു​ന്നു. അ​വ​ർ​ക്ക് ഇ​തു സ​മ​ർ​ഥ​മാ​യി പ്ര​ചാ​ര​ണ​ത്തി​നു ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ ഉ​പ​യോ​ഗി​ക്കാം. ഇ​​​ന്ത്യ മു​​​ന്ന​​​ണി തീ​​​വ്ര​​​സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പ​മെ​ന്ന പ്ര​​​ചാ​​​ര​​​ണ​​​വും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ മു​​​ഴ​​​ക്കി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​ടെ ഓ​​​ഡി​​​യോ​​​യും വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ൽ ന​​​ന്നാ​​​യി ക​​​ച്ച​​​വ​​​ടം ചെ​​​യ്യാ​​​നാ​​​വും. അ​തു​കൊ​ണ്ട് പി.​കെ. കൃ​ഷ്ണ​ദാ​സ് അ​ട​ക്ക​മു​ള്ള​വ​ർ കോ​ൺ​ഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്തി രം​ഗ​ത്തു​ വ​ന്നി​രു​ന്നു. എ​ന്നാ​ൽ, കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ‘സ്ക​​​ഡ്’ ബി​ജെ​​​പി​​​ക്കു നി​രാ​ശ പ​ക​ർ​ന്നി​ട്ടു​ണ്ട്.

ഇ​​​ട​​​തു​മു​​​ന്ന​​​ണി ത്രി​​​ശ​​​ങ്കു​​​വി​​​ൽ

മു​സ്‌​ലിം പ്രീ​ണ​​​ന​​​ത്തി​​​നാ​​​യി ഗാ​​​സ​ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ അ​​​നു​​​കൂലി​​​ച്ചും പൗ​​​ര​​​ത്വ​നി​​​യ​​​മ​​​ത്തെ എ​​​തി​​​ർ​​​ത്തും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ സി​​​പി​​​എ​​​മ്മി​നു ക​​​ര​​​ണ​​​ത്തേ​​​റ്റ അ​​​ടി​​​യാ​​​ണി​​​തെ​ന്നു ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ടെ​​​ങ്കി​​​ലും കോ​ൺ​ഗ്ര​സി​ൽ​നി​ന്നു കു​റേ​പ്പേ​രെക്കൂടി അ​ക​റ്റാ​ൻ പി​ണ​റാ​യി ക​ളി​ച്ച ക​ളി​യാ​ണെ​ന്നു വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. മൗ​​​ല​​​വി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന എ​​​ന്താ​​​യാ​​​ലും എ​​​ല്ലാ​​​യി​​​ട​​​ത്തും എ​​​സ്ഡി​പി​ഐ​​​ക്കാ​​​ർ കോ​​​ൺഗ്ര​​​സി​​​നു പി​​​ന്തു​​​ണ കൊ​​​ടു​​​ക്കി​​​ല്ല എ​​​ന്നാ​​​ണ് ഇ​​​ട​​​തു നി​​​രീക്ഷ​​​ക​​​ർ പ​​​റ​​​യു​​​ന്ന​​​ത്. കോ​​​ഴി​​​ക്കോ​​​ട് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ എ​​​ള​​​മ​​​രം ക​​​രീമി​​​നെ പോ​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ ക​​​രീ​മി​​​ക്ക എ​​​ന്ന ചി​​​ത്രീ​​​ക​​​രി​​​ച്ച​ത് ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ വ​​​ർ​​​ഗീ​​​യ​​​മു​​​ഖം പു​​​റ​​​ത്താ​​​യെ​ന്നു പ​​​രി​​​ഹ​​​സി​​​ച്ച ഇ​​​ട​​​തു​​​മു​ന്ന​​​ണി ക​​​ണ്‍വീ​ന​​​ർ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തു പ​റ​യു​മോ?

പി​​​ടി​​​ വ​​​രു​​​ന്നു​​​വോ?

കേ​​​ജ​​​രി​​​വാ​​​ളി​​​നെ ഇ​ഡി ജ​​​യി​​​ലി​​​ലാ​​​ക്കി​​​യ​​​തി​​​ന്‍റെ പാ​​​പ​​​ഭാ​​​രം കോ​​​ണ്‍ഗ്ര​​​സി​​​ൽ ചാ​​​ർ​​​ത്താ​ൻ പി​​​ണ​​​റാ​​​യി കൊ​​​ണ്ടുപിടിച്ചുശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ജ​​​രി​​​വാ​​​ളി​​​നോ​​​ടു​​​ള്ള സ്നേ​​​ഹം എ​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ത​​​നി​​​ക്കെ​​​തി​​​രേ നീ​​​ളു​​​ന്ന ഇ​​​ഡി​യു​​​ടെ കൈ​​​ക​​​ൾ​​​ക്കെ​​​തി​​​രേ എ​​​ങ്കി​​​ലും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ നേ​​​ടു​​​ക​​​യാ​​​യി​​​രി​​​ക്കാം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം.

വീ​​​ണ തൈക്ക​​​ണ്ടി​​​ക്കെ​​​തി​​​രാ​​​യ കേ​​​സ് എ​​​വി​​​ടെയെ​​​ത്തുമെ​​​ന്ന ഭ​​​യ​​​മു​​​ണ്ട്. അ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ക​​​രു​​​വ​​​ന്നൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ ഇഡി​​​യു​​​ടെ തു​​​ട​​​ർ​​​നീ​​​ക്ക​​​ങ്ങ​​​ൾ.

ഇ​​​ഡി​​​യു​​​ടെ കൊ​​​ച്ചി​​​യി​​​ലെ മേ​​​ധാ​​​വി​​​യെ ഡ​​​ൽ​​​ഹി​​​ക്കു വി​​​ളി​​​ച്ചി​​​രു​​​ന്നു. അതിനു വ​​​ലി​​​യ ഫ​​​ല​​​മു​​​ണ്ടാ​​​യി. ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്കി​​​ൽ സി​​​പി​​​എ​​​മ്മി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ചു ദുരൂ​ഹ അ​​​ക്കൗ​​​ണ്ടു​​​ക​​ളു​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​ഡി​​​യു​​​ടെ ഡ​​​ൽ​​​ഹി യൂ​​​ണി​​​റ്റ് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​നെ​​​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും ധ​​​ന​​​മ​​​ന്ത്രാ​​​ല​​​ത്തെ​​​യും അ​​​റി​​​യി​​​ച്ചു. ഇതോടെ സം​​​സ്ഥാ​​​ന​​​വും നീ​​​ക്ക​​​ങ്ങ​​​ൾ ച​ടു​ല​മാ​ക്കി.

സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പു​ത​​​ന്നെ ക​​​രു​​​വ​​​ന്നൂ​​​ർ സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പു​​​ന​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നീ​​​ങ്ങു​​​ന്നു. പ​​​ണ്ട് 40 കോ​​​ടി​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​യാ​​​യി സ​​​ഹ​​​ക​​​ര​​​ണ​​​വ​​​കു​​​പ്പ് ഒ​​​തു​​​ക്കി​​​യ ത​​​ട്ടി​​​പ്പ് ഇ​ഡി 400 കോ​​​ടി​​​യി​​​ലെ​​​ത്തി​​​ച്ചു. ഇ​ഡി പി​​​ടി​​​ച്ചെ​​​ടു​​​ത്ത രേ​​​ഖ​​​ക​​​ൾ തി​​​രി​​​ച്ചു കൊ​​​ടു​​​ക്ക​​​ണ​മെ​ന്നു പ​​​റ​​​ഞ്ഞു ക്രൈം​​​ബ്രാ​​​ഞ്ച് മൂ​​​ന്നാം വ​​​ട്ട​​​വും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. രേ​​​ഖ​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​തു കാ​​​ര​​​ണം ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​യി​​​ച്ചു.

ഇ​​​തോ ഇ​​​ട​​​തു​​​പ​​​ക്ഷ നീ​​​തി?

ഭി​​​ന്നശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള സെ​​​പ്ഷൽ സ്കൂ​​ളു​​​ക​​​ൾ​​​ക്കാ​​​യി 2023-24 ൽ ​​​ബ​​​ജ​​​റ്റി​​​ലു​​​ള്ള പാ​​​ക്കേ​​​ജി​​​ൽനി​​​ന്നു 40 സ്കൂ​​​ളു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യ ന​​​ട​​​പ​​​ടി മ​​​നു​​​ഷ്യ​​​ത്വ​ര​​​ഹി​​​ത​​​മാ​​​ണ്. സ്വ​​​ന്തം കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി ക​​​ര​​​യാ​​​ൻ പോ​​​ലും സാ​​​ധി​​​ക്കാ​​​ത്ത ആ ​​​കു​​​ഞ്ഞു​​​ങ്ങ​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​രോ​​​ടു സ​​​ർ​​​ക്കാ​​​ർ മ​​​നു​​​ഷ്യ​​​ത്വം കാ​​​ണി​​​ച്ചി​​​ല്ല.