പ്ര​ണ​യ​ക്കെ​ണി​ക​ളും ചില യാഥാർഥ്യങ്ങളും
പ്ര​ണ​യ​ക്കെ​ണി​ക​ളും  ചില യാഥാർഥ്യങ്ങളും
ഡോ. മൈ​ക്കി​ൾ പു​ളി​ക്ക​ൽ സി​എം​ഐ
സ​മീ​പ​കാ​ല കേ​ര​ള​ത്തി​ലെ ത​ർ​ക്ക​വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ണ​യ​ക്കെ​ണി​ക​ളും തീ​വ്ര​വാ​ദ​വും. കേ​ര​ള​ത്തി​ലും പ്ര​ണ​യ​ത്തെ ആ​സൂ​ത്രി​ത കെ​ണി​യായി ഉപയോഗിക്കാൻ ചി​ല​ർ സം​ഘ​ടി​ത​മാ​യി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ പ​ല​രും ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി. ഇ​തി​ന​കം പ​ല രീ​തി​യി​ൽ ആ ​വി​ഷ​യം സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യും വി​വാ​ദ​ങ്ങ​ളു​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലത്തേതാ​ണ് "കേ​ര​ള സ്റ്റോ​റി" എ​ന്ന ച​ല​ച്ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെട്ടത്.

തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള ചി​ല സം​ഘ​ട​ന​ക​ൾ അ​ന്യ​മ​ത​സ്ഥ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ചു വ​ശ​ത്താ​ക്കി മ​തം പ​ഠി​പ്പി​ക്കു​ക​യും മ​തം മാ​റ്റു​ക​യും തു​ട​ർന്നു പ​ല​ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യദ്രോ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യു​ന്നുവെന്നതാണ് പ്രണയക്കെണികളുടെ സ്വഭാവമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ ആരോപണത്തെ അ​തി​ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന ഒ​രു വി​ഭാഗം ആ​രം​ഭം മു​ത​ലു​ണ്ട്.

ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ സ​മീ​പ​കാ​ല​ത്താ​യി കേ​ര​ള​ത്തി​ൽ ശ​ക്തി പ്രാ​പി​ക്കു​ക​യും അ​തി​ന് ആ​നു​പാ​തി​ക​മാ​യി ഇ​ത്ത​രം കെ​ണി​ക​ൾ സ​മൂ​ഹ​ത്തി​ൽ ശ​ക്തി​പ്പെ​ടു​ക​യും ചെയ്യു​ന്നുവെന്ന നി​രീ​ക്ഷ​ണ​ത്തി​നും എ​തി​ർ​പ്പു​ക​ൾ ശ​ക്ത​മാ​ണ്. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നു വി​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന വി​ധ​ത്തി​ൽ വ​ള​ർ​ന്നു​കൊ​ണ്ടി​രിക്കുന്നു.

അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​മോ?

സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ ദു​രാ​രോ​പ​ണം മാ​ത്ര​മാ​ണ് പ്ര​ണ​യ​ക്കെ​ണി​ക​ളെ​ന്നു സ്ഥാ​പി​ച്ച് എ​ഴു​തി​ത്ത​ള്ളാ​നു​ള്ള വ്യ​ഗ്ര​ത​യാ​ണ് പൊ​തു​വേ കാ​ണുന്ന​ത്. കേ​ര​ള​സ​മൂ​ഹ​ത്തി​ലെ തീ​വ്ര​വാ​ദ സ്വാ​ധീ​ന​ങ്ങ​ളെ​യും അ​പ്ര​കാ​ര​മാ​ണ് ഒ​രു കൂ​ട്ട​ർ സ​മീ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സം​ഘ​പ​രി​വാ​റിന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ എ​ന്ന​തി​ന​പ്പു​റം ഇ​പ്പ​റ​യു​ന്ന യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഇ​വി​ടെ​യില്ലയെ​ന്ന് ഒ​ട്ടു​മി​ക്ക മാ​ധ്യ​മ​ങ്ങ​ളും ഭ​ര​ണ പ്ര​തി​പ​ക്ഷ രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളും പോ​ഷ​ക സം​ഘ​ട​ന​ക​ളും സാം​സ്‌​കാ​രി​ക നേ​താ​ക്ക​ളും എ​ഴു​ത്തു​കാ​രും തു​ട​ങ്ങി വലിയൊരു വിഭാഗം ഒ​രേ സ്വ​ര​ത്തി​ൽ വാ​ദി​ക്കു​ന്നു.

ഇ​ത്ത​ര​ക്കാ​രു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ പ്ര​കാ​രം, കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നു ത​ട​സ​മാ​യി​രി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ "പൊ​ള്ള​യാ​യ’ വാ​ദ​ങ്ങ​ളെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന "ചി​ന്താ​ശേ​ഷി​യി​ല്ലാ​ത്ത’ കു​റേ​പ്പേ​രു​മാ​ണ്. കേ​ര​ള​ത്തി​ൽ തീ​വ്ര​വാ​ദ സ്വാ​ധീ​നം പ​ല​വി​ധ​മു​ണ്ടെ​ന്നും അവ വളരുകയാണെന്നും നി​ര​വ​ധി വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളും വ​ഴി വ്യ​ക്ത​മാണ്.

എന്നാൽ, അ​ത്ത​ര​മൊ​രു വി​ഷ​യ​ത്തെ ആരെങ്കിലും പ​രാ​മ​ർ​ശി​ച്ചാ​ൽ അ​തു ബു​ദ്ധി​ശൂ​ന്യ​ത​യും വി​വേ​ക​രാ​ഹി​ത്യ​വും ആ​ണെ​ന്നു സ്ഥാ​പി​ക്കു​ന്ന വി​ചി​ത്ര​മാ​യ ഒ​രു സാ​ഹ​ച​ര്യവും ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ലു​ണ്ട്. തീ​വ്ര​വാ​ദബ​ന്ധ​ങ്ങ​ളു​ടെ പേ​രി​ൽ കേ​ര​ളം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു പ്ര​മു​ഖ സം​ഘ​ട​ന നി​രോ​ധി​ക്ക​പ്പെ​ടു​ക​യും അ​തി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും ഇ​പ്പോ​ഴും ജ​യി​ലി​ൽ ക​ഴി​യു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ലംകൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. ആ ​നി​രോ​ധ​നം ഒ​റ്റ​പ്പെ​ട്ട​തോ അ​പ്ര​തീ​ക്ഷി​ത​മോ ആ​യി​രു​ന്നി​ല്ലെന്നു​ള്ള​തും നി​സാ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള​ല്ല അ​വ​ർ​ക്കു​മേ​ലു​ള്ളതെ​ന്ന​തും വാ​സ്ത​വമാ​ണ്.

നൂറുകണക്കിനു കേസുകൾ

കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ തീ​വ്ര​വാ​ദബ​ന്ധ​മു​ള്ള നൂ​റു​ക​ണ​ക്കി​നു കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സം​ഘ​ട​ന​ക​ളു​ടെ നി​രോ​ധ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളു​ടെ നി​രോ​ധ​ന​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് അ​റ​സ്റ്റു​ക​ളും തു​ട​ങ്ങി സാ​മാ​ന്യ​ബോ​ധ​മു​ള്ള ആ​രെ​യും ഭീ​തി​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ൾ നിരവധി. കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ ഇ​ത്ത​രം കേ​സു​ക​ളെ സ​മീ​പി​ക്കു​ന്ന​താ​യി കാ​ണാ​റി​ല്ലെ​ങ്കി​ലും അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും ചി​ല ഗ​വേ​ഷ​ണ സം​ഘ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളാ​യി ഈ ​വി​ഷ​യം സ​സൂ​ക്ഷ്​മം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​ർ​ക്കൈ​വു​ക​ളി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത ഗൗ​ര​വ​മു​ള്ള പ​ല റി​പ്പോ​ർ​ട്ടു​ക​ളും അ​ത്ത​ര​ത്തി​ൽ ല​ഭ്യ​മാ​ണ്. മ​തഭീ​ക​ര​വാ​ദം എ​ന്ന വി​ഷ​യം കേ​ര​ള​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​ൻ ചി​ല മേ​ഖ​ല​ക​ളി​ൽ​നിന്നു വ​ലി​യ സ​മ്മ​ർ​ദം സ​ർ​ക്കാ​രി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കും മേ​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നു ​വേ​ണം ക​രു​താ​ൻ. ഒ​പ്പം, അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​ൻ വ​ഴി​യൊ​രു​ക്കി​യേ​ക്കാ​വു​ന്ന എ​ല്ലാ​ത്തി​നെ​യും ചി​ല​ർ അ​തി​ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യും അ​തി​നെ​തി​രേ സ​ർ​വശ​ക്തി​യും ഉ​പ​യോ​ഗി​ച്ചു പോ​രാ​ടു​ക​യും ചെ​യ്യു​ന്നു.

ചി​ല തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ ആ​വ​ശ്യം

വ്യ​ത്യ​സ്ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​വ​ർ കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നു ത​ട​സ​മാ​യി മാ​റു​ന്ന​ത് വാ​സ്ത​വ​ത്തി​ലെ​ന്താണെന്നു നി​ഷ്പ​ക്ഷ​മാ​യി ചി​ന്തി​ച്ച് ഒ​രു ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ട​തുണ്ട്. തീ​വ്ര​വാ​ദമെ​ന്നാ​ണ് ഉ​ത്ത​രമെ​ങ്കി​ൽ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​തും തു​ട​ച്ചു​നീ​ക്ക​പ്പെ​ടേ​ണ്ട​തും എ​ല്ലാ​ത്ത​രം തീ​വ്ര​വാ​ദ​ങ്ങ​ളു​മാ​ണ്. വി​വി​ധ മ​ത​ങ്ങ​ളു​ടെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളു​ടെ​യും ത​ണ​ലി​ൽ വ​ള​രു​ന്ന എ​ല്ലാ​ത്ത​രം തീ​വ്ര​വാ​ദ​ങ്ങ​ളും ഒ​രു​പോ​ലെ എ​തി​ർ​ക്ക​പ്പെ​ട​ണം. സാ​മൂ​ഹി​ക ഐ​ക്യം സൃ​ഷ്ടി​ക്ക​പ്പെ​ടേ​ണ്ട​ത് അ​പ്ര​കാ​ര​മാ​ണ്. അ​തി​നു​ പ​ക​രം ഏ​തെ​ങ്കി​ലും ഒ​രു പ​ക്ഷ​ത്തിന്‍റെ കൂ​ട്ടു​പി​ടി​ച്ചു മ​റ്റേ​തി​നെ​തി​രേ പോ​രാ​ടാ​മെന്നു ക​രു​തു​ന്ന​ത് ഭോ​ഷ​ത്ത​മാ​ണ്.

എ​ല്ലാ​ത്ത​രം തീ​വ്ര​വാ​ദ​ങ്ങ​ളെ​യും എ​തി​ർ​ക്കു​ക​യും സാ​മൂ​ഹി​ക ഐ​ക്യ​ത്തിന്‍റെ ചാ​ല​ക​ശ​ക്തി​യാ​യി മാ​റു​ക​യു​മാ​ണ് എ​ന്നും ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നരീ​തി. മ​തത്തെ​യും തീ​വ്ര​വാ​ദ​ത്തെ​യും ര​ണ്ടാ​യി കാ​ണാ​ൻ സ​ഭ​യ്ക്കു ക​ഴി​യും. ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന വി​ശ്വാ​സി​ക​ളെ ഹൈ​ജാ​ക്ക് ചെ​യ്യാ​നു​ള്ള ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ, അ​ത് ഏ​തു മ​ത​ത്തി​ലാ​യാ​ലും എ​തി​ർ​ക്കു​ക​യും തു​റ​ന്നു​കാ​ട്ടു​ക​യും വേണമെന്നതാണ് സ​ഭ​യു​ടെ സു​വ്യ​ക്ത നി​ല​പാ​ട്.

അ​തി​നാ​ൽ​ത്ത​ന്നെ, തു​റ​ന്നു​പ​റ​യേ​ണ്ട​വ പ​റ​യേ​ണ്ട സ​മ​യ​ത്തു പ​റ​യാ​നു​ള്ള ആ​ർജ​വം സ​ഭാ സം​വി​ധാ​ന​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കും. തീ​വ്ര​വാ​ദബ​ന്ധ​മു​ള്ള പ്ര​ണ​യ​ക്കെ​ണി​ക​ൾ ഉ​ണ്ടെന്നു കെ​സി​ബി​സി ജാ​ഗ്ര​താ ക​മ്മീ​ഷ​ൻ പ​തി​ന​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ടും പ​ല​പ്പോ​ഴാ​യി "ദീ​പി​ക" ദി​ന​പ​ത്ര​ത്തി​ലൂ​ടെ​യു​ൾ​പ്പെ​ടെ അ​ത്ത​രം തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ ഉണ്ടായി. അ​തൊ​ന്നും മ​റ്റാ​രു​ടെ​യെ​ങ്കി​ലും വാ​ദ​ങ്ങ​ളെ ഏ​റ്റെ​ടു​ത്ത് അ​വ​ത​രി​പ്പി​ക്കു​ക​യോ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യോ ആ​യി​രു​ന്നി​ല്ല. നേ​രി​ട്ടു​ള്ള അ​നു​ഭ​വ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ് എ​ല്ലാ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കും അ​ടി​സ്ഥാ​നം.

കേ​ര​ള സ്റ്റോ​റി കെ​ട്ടു​ക​ഥ​യോ?

കേ​ര​ള ​സ്റ്റോ​റി എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം, മ​തം മാ​റി ഭ​ർ​ത്താ​വി​നൊ​പ്പം അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ത്തി ഭീ​ക​ര​സം​ഘ​ത്തി​നൊ​പ്പം ചേ​ർ​ന്ന നി​മി​ഷ​യു​ടെ ക​ഥ​യു​മാ​യി വ​ള​രെ സാ​മ്യ​മു​ള്ള​താ​ണ്. ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി​യി​ൽ ന​ടു​ക്ക​മു​ള​വാ​ക്കു​ന്ന വി​ധ​ത്തി​ൽ ഒ​രേ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച നി​മി​ഷ​യു​ൾ​പ്പെ​ടെ​യു​ള്ള ചി​ല പെ​ൺ​കു​ട്ടി​ക​ളു​ടെ ജീ​വി​തം കെ​ട്ടു​ക​ഥ​യ​ല്ല. ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി മ​ല​യാ​ളി​ക​ളാ​യ ചി​ല​ർ​ക്കു​ള്ള ബ​ന്ധ​ങ്ങ​ൾ, അ​തു​വ​ഴി​യാ​യു​ള്ള നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ന്നും കെ​ട്ടു​ക​ഥ​ക​ള​ല്ല. ശ്രീ​ല​ങ്ക​ൻ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​മു​ള്ള, ഇ​സ്‌ലാ​മി​ക് സ്റ്റേ​റ്റ് തീ​വ്ര​വാ​ദി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന, കേ​ര​ള​ത്തി​ലും സ്‌​ഫോ​ട​ന​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യി​ട്ട പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്ക് എ​ൻ​ഐ​എ കോ​ട​തി പത്തു​വ​ർ​ഷം ത​ട​വുശി​ക്ഷ വി​ധി​ച്ച​ത് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മാ​സ​മാ​ണ്.


ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളും വാ​ർ​ത്ത​ക​ളും മൂ​ടി​വ​യ്ക്കാ​നും ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​നും കേ​ര​ള​ത്തി​ൽ സം​ഘ​ടി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കുന്നുണ്ടെന്നതാണ് വ​സ്തു​ത. അ​ത്ത​രം മൂ​ടി​വ​യ്ക്ക​ലു​ക​ൾ​ക്ക് അ​റി​ഞ്ഞോ അ​റി​യാ​തെ​യോ കു​റേ​യേ​റെ​പ്പേ​ർ നി​ർ​ബന്ധി​ത​രാ​വു​ക​യും ചെ​യ്യു​ന്നു. "ലൗ ​ജി​ഹാ​ദ്’ എ​ന്നൊ​രു ജി​ഹാ​ദ് ഇ​ല്ല എ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കേ​ര​ള പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​താ​ണ് അ​ക്കൂ​ട്ട​രു​ടെ പ്ര​ധാ​ന വാ​ദ​ങ്ങ​ളി​ലൊ​ന്ന്. സാ​ങ്കേ​തി​ക​ത​ക​ൾ അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു​കൊ​ണ്ട് ത​മ​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​ന്ന​ല്ല തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന് ആ​ദ്യം അ​വ​ർ മ​ന​സി​ലാ​ക്ക​ണം.

സം​ഘ​പ​രി​വാ​ർ നി​ല​പാ​ടു​ക​ൾ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെന്ന​താ​ണ് കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ നീ​ക്ക​ങ്ങ​ൾ​ക്കു നേ​രേ ക​ണ്ണ​ട​യ്ക്കു​ന്ന​വ​രു​ടെ പ്ര​ധാ​ന വാ​ദം. തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്രൈ​സ്ത​വ - ന്യൂ​ന​പ​ക്ഷ പീ​ഡ​ന​ങ്ങ​ളെ ക​ത്തോ​ലി​ക്കാ സ​ഭ എ​ല്ലാ​യ്പോ​ഴും ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യും അ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

അ​തേ​സ​മ​യം, കേ​ര​ള സ്റ്റോ​റി​ക്കു ബ​ദ​ലാ​യി മ​ണി​പ്പുർ സ്റ്റോ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു വി​ഷ​യ​ങ്ങ​ളെ വ​ഴി​തി​രി​ച്ചു വി​ടാമെന്നു ക​രു​തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ പോ​ലെ​ത​ന്നെ കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ നീ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും യാ​ഥാ​ർ​ഥ്യബോ​ധ്യ​ത്തി​ലൂ​ന്നി​യ, സാ​മൂ​ഹി​ക ഐ​ക്യം ല​ക്ഷ്യം വ​ച്ചു​ള്ള സ​മീ​പ​ന​മാ​ണ് സ​ഭാ നേ​തൃ​ത്വം എ​ന്നും പു​ല​ർ​ത്തി​വ​ന്നി​ട്ടു​ള്ള​ത്. അ​തേ നി​ല​പാ​ട് ഏ​വ​രും സ്വീ​ക​രി​ക്കു​ന്നി​ട​ത്താ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ർഗങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​ന്ന​ത്.

നി​ഷ്പ​ക്ഷ​മാ​യും ആ​ത്മാ​ർ​ഥമാ​യും തീ​വ്ര​വാ​ദവി​ഷ​യ​ത്തെ സ​മീ​പി​ക്കാ​ൻ ന​മ്മ​ൾ ത​യാ​റാ​വു​ക​യാണെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​രോ​ധം. എ​ല്ലാ രാഷ്‌ട്രീയ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും അ​പ്ര​കാ​ര​മൊ​രു സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​തി​ർ​ക്കു​ക​യും അ​തേ​ക്കു​റി​ച്ചു തു​റ​ന്നു സം​സാ​രി​ക്കു​ക​യും ചെ​യ്യു​യെ​ന്നാ​ൽ ഒ​രു സ​മു​ദാ​യ​ത്തെ മു​ഴു​വ​ൻ കു​റ്റ​ക്കാ​രാ​ക്കി ചി​ത്രീ​ക​രി​ക്കു​ക​യ​ല്ലെന്ന് ഏ​വ​രും തി​രി​ച്ച​റി​യേ​ണ്ട​തുണ്ട്. തീ​വ്ര​വാ​ദ സ്വാ​ധീ​ന​ങ്ങ​ളെയും അ​തി​ന്‍റെ ഭാ​ഗ​മാ​യ​വ​രെ​യും തി​രി​ച്ച​റി​ഞ്ഞ് അ​ക​റ്റി നി​ർ​ത്താ​ൻ സ​മു​ദാ​യ നേ​തൃ​ത്വ​ങ്ങ​ൾ തയാറാവണം. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ സു​താ​ര്യ​ത പു​ല​ർ​ത്തു​ക​യു​മാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഏറ്റവും വലിയ ആ​വ​ശ്യം.


പ്ര​ണ​യ​ക്കെ​ണി​ക​ളിലെ സത്യം

കേ​ര​ള​ത്തി​ലെ ചി​ല രൂ​പ​ത​ക​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി കൈ​കോ​ർ​ത്ത് ഇ​ത്ത​രം കെ​ണി​ക​ളെ പ്ര​തി​രോ​ധി​ക്കാനു​ള്ള ഊ​ർ​ജി​തശ്ര​മ​ങ്ങ​ൾ ന​ട​ത്തുന്നു​ണ്ട്. കെ​സി​ബി​സി ജാ​ഗ്ര​ത ക​മ്മീ​ഷ​ൻ "ക​രു​ത​ൽ’ എ​ന്ന പേ​രി​ൽ ഒ​രു ഹെ​ൽ​പ്‌​ലൈ​ൻ പ്ര​ണ​യ - ല​ഹ​രി കെ​ണി​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്കു സ​ഹാ​യം ന​ൽ​കാ​ൻ ന​ട​ത്തി​വ​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കു സ​ഹാ​യം ന​ല്കാ​ൻ ഇ​ത്ത​രം വി​വി​ധ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്ര​ണ​യക്കെ​ണി​ക​ളി​ൽ അ​ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളു​മാ​യോ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യോ നേ​രി​ട്ട് ഇ​ട​പെ​ട്ടു പ​രി​ച​യ​മു​ള്ള ആ​ർ​ക്കും അ​തി​ന്‍റെ പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യാ​നോ കെ​ണി​യു​ടെ യ​ഥാ​ർ​ഥ രൂ​പം മ​ന​സി​ലാ​ക്കാ​നോ ബു​ദ്ധി​മു​ട്ടി​ല്ല.

സ്വാ​ഭാ​വി​ക പ്ര​ണ​യ​ങ്ങ​ൾ ഇ​ല്ലെ​ന്നോ എ​ല്ലാ പ്ര​ണ​യ​ങ്ങ​ളും കെ​ണി​ക​ളാ​ണെ​ന്നോ വാ​ദി​ക്കു​ന്ന​തി​ൽ യു​ക്തി​യി​ല്ല. പ്രാ​യ​പൂ​ർ​ത്തി​യാ​യ വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ആ​ത്മാ​ർ​ഥ പ്ര​ണ​യ​ങ്ങ​ൾ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​തു​മി​ല്ല. ഓ​രോ വ്യ​ക്തി​യു​ടെ​യും വി​വേ​ച​നശ​ക്തിയിലും വി​വേ​ക​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​ണ് അ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ. എ​ന്നാ​ൽ, ആ​സൂ​ത്രി​ത​മാ​യ കെ​ണി​ക​ൾ പ്ര​ണ​യ​ത്തി​ന്‍റെ മ​റ​വി​ൽ ഇ​വി​ടെ ഒ​രു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴും അ​ത്ത​രം ച​തി​ക്കെ​ണി​ക​ളു​മാ​യി ഇ​ര​യെ കാ​ത്തി​രി​ക്കു​ന്ന​വ​ർ ഉ​ണ്ടെന്ന​ത് വ​സ്തു​ത​യാ​ണ്.

പെ​ൺ​കു​ട്ടി​യെ അ​വ​ളു​ടെ ബ​ന്ധുമി​ത്രാ​ദി​ക​ളി​ൽനി​ന്ന് അ​ക​റ്റു​ക, ബ്ലാ​ക്ക് മെ​യി​ലിംഗ് ചെ​യ്യാനുള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, വി​ശ്വാ​സ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ നി​ര​ന്ത​രം സമ്മർദം ചെ​ലു​ത്തു​ക തു​ട​ങ്ങി ഇ​ര​കൾക്കു ര​ക്ഷ​പ്പെ​ടാ​നാ​വാ​ത്ത വി​ധം കെ​ണി​ക​ൾ മു​റു​കു​ന്നി​ട​ത്തു പ്ര​ണ​യം ച​തി​യാ​യി മാ​റു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മ്പോ​ൾ സ്ത്രീ​വി​രു​ദ്ധ​ത പ​റ​യു​ന്നു എ​ന്ന ആ​രോ​പ​ണ​വും ചി​ല കേ​ന്ദ്ര​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ടെങ്കി​ലും സം​ഭ​വ​ങ്ങ​ളു​ടെ ഗൗ​ര​വം അ​റി​യാ​വു​ന്ന മ​നു​ഷ്യ​സ്നേ​ഹി​ക​ൾ​ക്കു നി​ശ​ബ്ദ​ത പു​ല​ർ​ത്താ​നാ​കില്ല.

പ്ര​കൃ​ത​ത്തി​ലും സ്വ​ഭാ​വരീ​തി​ക​ളി​ലും പെ​രു​മാ​റ്റ​ത്തി​ലും സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് ഇ​ത്ത​രം കെ​ണി​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന പൊ​തു​വാ​യ ല​ക്ഷ​ണം. ഇ​ത്ത​ര​മൊ​രു മാ​റ്റം പെ​ൺ​കു​ട്ടി​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന​ത് ചി​ല പോ​ലീ​സ് റി​പ്പോ​ർ​ട്ടു​ക​ളി​ലും വ്യ​ക്ത​മാ​ണ്. മ​ത​പ​ഠ​ന​ത്തെ​യും മ​തം മാ​റ്റ​ത്തെ​യും തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പം ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​ത്തി​രി​ച്ച് ഇ​പ്പോ​ൾ അ​ഫ്‌​ഗാ​നി​സ്ഥാ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ എ​ന്ന ഫാ​ത്തി​മ​യെ​ക്കു​റി​ച്ചു​ള്ള പോ​ലീ​സ് റി​പ്പോ​ർ​ട്ട് ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ മ​ക്ക​ളി​ൽ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ മാ​താ​പി​താ​ക്ക​ളെ എ​ത്തി​ച്ചി​ട്ടു​ള്ള അ​നേ​ക സം​ഭ​വ​ങ്ങ​ളു​ണ്ട്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ - പ്ര​ണ​യ​ങ്ങ​ൾ വി​വാ​ഹ​ത്തി​ൽ എ​ത്തി​യാ​ലും ഇ​ല്ലെ​ങ്കി​ലും - പു​റ​ത്തു മ​റ്റാ​രെ​ങ്കി​ലും അ​റി​യാ​തി​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​ട​പെ​ടു​ന്ന​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​റു​ണ്ട് എ​ന്ന​തി​നാ​ലാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ന് ഇ​ത്ത​രം കേ​സു​ക​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ ധാ​ര​ണ ല​ഭി​ക്കാ​തെ പോ​കു​ന്ന​ത്. അ​തീ​വ ര​ഹ​സ്യ​മാ​യി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സ്പെ​ഷൽ മാ​ര്യേ​ജ് ആ​ക്ടി​ലെ ചി​ല വ​കു​പ്പു​ക​ൾ സ​ഹാ​യ​ക​മാ​കു​ന്ന​തും ചി​ല​ർ​ക്കു ഗു​ണ​ക​ര​മാ​യി മാ​റു​ന്നു​ണ്ട്. അ​ക്കാ​ര​ണ​ത്താ​ൽ സ്‌​പെ​ഷൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന വി​വാ​ഹ​ങ്ങ​ൾ​ക്കു പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

(കെ​സി​ബി​സി സാ​മൂ​ഹി​ക ഐ​ക്യ - ജാ​ഗ്ര​ത ക​മ്മീ​ഷ​ൻ സെക്രട്ടറിയാണ് ലേഖകൻ)