പ്ര​ക​ട​നപ​ത്രി​ക​ക​ളും ചില ചോദ്യങ്ങളും
Friday, April 19, 2024 1:23 AM IST
ഫാ. ജയിംസ് കൊക്കാവയലിൽ
രാ​​ഷ്‌ട്രം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു ചു​വ​ടു വ​ച്ചി​രി​ക്കു​ന്നു. ഈ ​അ​വ​സ​ര​ത്തി​ൽ കേ​ര​ള​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള മൂ​ന്നു പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ക​ട​ന​പ​ത്രി​ക​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത് ഉ​ചി​ത​മാ​ണെ​ന്നു തോ​ന്നു​ന്നു. ഈ ​പ്ര​ക​ട​ന​പ​ത്രി​ക​ക​ളി​ൽ അ​നു​കൂ​ലി​ക്കാ​വു​ന്ന​തും എ​തി​ർ​ക്കേ​ണ്ട​തു​മാ​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ന‍്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ക​ർ​ഷ​ക​രെ​യും നേ​രി​ട്ടു ബാ​ധി​ക്കു​ന്ന​തും അ​വ​ർ ക​രു​ത​ൽ പു​ല​ർ​ത്തേ​ണ്ട​തു​മാ​യ ഏ​താ​നും വി​ഷ​യ​ങ്ങ​ൾ മാ​ത്രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്നു.

കോ​​ൺ​​ഗ്ര​​സ് പ്ര​​ക​​ട​​നപ​​ത്രി​​ക

ന്യാ​​യ്പ​​ത്ര എ​​ന്ന പേ​​രി​​ലാ​​ണ് കോ​​ൺ​​ഗ്ര​​സ് പ്ര​​ക​​ട​​ന​​പ​​ത്രി​​ക. മോ​​ദി സ​​ർ​​ക്കാ​​രിന്‍റെ ഭ​​ര​​ണ​​പ​​രാ​​ജ​​യ​​ങ്ങ​​ളാ​​ണ് ആ​​ദ്യ​​ഭാ​​ഗ​​ത്തെ വി​​വ​​രണം. തു​​ട​​ർ​​ന്നു​​ വ​​രു​​ന്ന ഭാ​​ഗ​​ങ്ങ​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന ന​​യ​​സ​​മീ​​പ​​ന​​ങ്ങ​​ളാ​​ണുള്ളത്. ഇ​​വ​​യി​​ൽ പ​​ല​​തും ക്രൈ​​സ്ത​​വസ​​മൂ​​ഹ​​ത്തി​​ൽ ആ​​ശ​​ങ്ക​​യു​​ള​​വാ​​ക്കാ​​ൻ പോ​​രു​​ന്ന​​വ​​യാ​​ണ്.

ക​​ർ​​ഷ​​ക​​ർ

കാ​​ർ​​ഷി​​കവി​​ള​​ക​​ൾ​​ക്കു താ​​ങ്ങു​​വി​​ല, കാ​​ർ​​ഷി​​ക ക​​ട​​ങ്ങ​​ൾ എ​​ഴു​​തി​​ത്ത​​ള്ള​​ൽ, കൃ​​ഷി​​നാ​​ശ​​ത്തി​​നു ന​​ഷ്ട​​പ​​രി​​ഹാ​​രം, വില്​​പ​​നസൗ​​ക​​ര്യം, ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി, ഗ​​വേ​​ഷ​​ണ സ​​ഹാ​​യ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ ക​​ർ​​ഷ​​കസ​​മൂ​​ഹ​​ത്തി​​നു സ്വീ​​കാ​​ര്യ​​മാ​​ണ്. എ​​ന്നാ​​ൽ, കാ​​ർ​​ഷി​​കവി​​ള​​യാ​​യി പ​​രി​​ഗ​​ണി​​ക്കാ​​ത്ത റ​​ബ​​ർ കൃ​​ഷി​​ക്കും ക​​ർ​​ഷ​​ക​​ർ​​ക്കും യാ​​തൊ​​രു വാ​​ഗ്ദാ​​ന​​വും ന​​ൽ​​കി​​യി​​ട്ടി​​ല്ല.

പ​​രി​​സ്ഥി​​തി, വ​​നം-വ​​ന്യ​​ജീ​​വി

പ​​രി​​സ്ഥി​​തി​​ നി​​യ​​മ​​ങ്ങ​​ളും വ​​ന്യ​​മൃ​​ഗ ആ​​ക്ര​​മ​​ണ​​ങ്ങ​​ളും മൂ​​ലം മ​​ല​​യോ​​ര ക​​ർ​​ഷ​​ക​​ർ ന​​ട്ടം തി​​രി​​യു​​മ്പോ​​ൾ ഇ​​പ്പോ​​ൾ പു​​റ​​ത്തു​​വ​​ന്ന കോ​​ൺ​​ഗ്ര​​സ് പ്ര​​ക​​ട​​ന​​പ​​ത്രി​​ക എ​​രി​​തീ​​യി​​ൽ എ​​ണ്ണ​​യൊ​​ഴി​​ക്കു​​കയാണ്. നി​​ല​​വി​​ലു​​ള്ള നി​​യ​​മ​​ങ്ങ​​ൾ അ​​സ​​ഹ​​നീ​​യ​​മാ​​യി​​രി​​ക്കെ​​യാ​​ണ് പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ -വ​​ന സം​​ര​​ക്ഷ​​ണ ന​​യ​​ങ്ങ​​ൾ ഇ​​നി​​യും ശ​​ക്തി​​പ്പെ​​ടു​​ത്തു​​മെന്നു കോ​​ൺ​​ഗ്ര​​സ് പ​​റ​​യു​​ന്ന​​ത്. പ​​രി​​സ്ഥി​​തി വ​​ന​​വ​​ത്ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പ്ര​​ത്യേ​​ക സ്വ​​ത​​ന്ത്ര അ​​ഥോ​​റി​​റ്റി രൂ​​പീ​​ക​​രി​​ക്കും എ​​ന്ന പ്ര​​ഖ്യാ​​പ​​നം നി​​ല​​വി​​ൽ ഫോ​​റ​​സ്റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ക്കൊ​​ണ്ടും വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളെ​​ക്കൊ​​ണ്ടും ഗ​​തി​​കെ​​ട്ടി​​രി​​ക്കു​​ന്ന മ​​ല​​യോ​​ര നി​​വാ​​സി​​ക​​ളു​​ടെ ചു​​മ​​ലി​​ൽ പു​​തി​​യൊ​​രു നു​​കം​​കൂ​​ടി കെ​​ട്ടു​​ന്ന ന​​ട​​പ​​ടി​​യാ​​ണ്.

ആ ​​അ​​ഥോ​​റിറ്റി​​യെ​​യും അ​​തിന്‍റെ കാ​​ട​​ൻ നി​​യ​​മ​​ങ്ങ​​ളെ​​യുംകൂ​​ടി മ​​ല​​യോ​​ര ജ​​ന​​ത സ​​ഹി​​ക്ക​​ണം. ആ​​വ​​ശ്യ​​മാ​​യ ശ​​ത​​മാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ വ​​ന​​മു​​ള്ള കേ​​ര​​ള​​ത്തി​​ൽ ഇ​​നി​​യും വ​​ന​​വി​​സ്തൃ​​തി കൂട്ടുമെന്ന പ്ര​​ഖ്യാ​​പ​​നം ആശങ്കാജനകമാണ്.

രാ​​ഹു​​ൽ ഗാ​​ന്ധി മ​​ത്സ​​രി​​ക്കു​​ന്ന വ​​യ​​നാ​​ട് മ​​ണ്ഡ​​ല​​ത്തി​​ലെ ജ​​ന​​ങ്ങ​​ളാ​​ണ് ഈ ​​പ്ര​​ശ്ന​​ങ്ങ​​ൾ ഏ​​റ്റ​​വുമ​​ധി​​കം അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് എ​​ന്ന​​തു വ​​ലി​​യ വി​​രോ​​ധാ​​ഭാ​​സ​​മാ​​ണ്. മ​​ല​​യോ​​ര ജ​​ന​​ത​​യു​​ടെ ജീ​​വി​​തപ്ര​​ശ്‌​​ന​​ങ്ങ​​ളാ​​യ പ​​രി​​സ്ഥി​​തി ​​നി​​യ​​മ​​ങ്ങ​​ളി​​ലും വ​​ന്യ​​മൃ​​ഗ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ലും യാ​​തൊ​​രു പ​​രി​​ഗ​​ണ​​ന​​യും കോ​​ൺ​​ഗ്ര​​സ് പ്ര​​ക​​ട​​നപ​​ത്രി​​ക ന​​ൽ​​കു​​ന്നി​​ല്ല എ​​ന്ന​​ത് ദുഃ​​ഖ​​ക​​ര​​മാ​​ണ്. തീ​ര​ദേ​ശ ജ​ന​ത​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള കാ​ര്യ​മാ​യ പ​ദ്ധ​തി​കളും കാ​ണു​ന്നി​ല്ല.

ന്യൂ​​ന​​പ​​ക്ഷ​​ സം​​ര​​ക്ഷ​​ണം

ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കും, വി​​ദ്യാ​​ഭ്യാ​​സം, തൊ​​ഴി​​ൽ, സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ, സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ങ്ങ​​ൾ എ​​ന്നി​​വ ന​​ൽ​​കും, വ്യ​​ക്തി​​നി​​യ​​മ​​ങ്ങ​​ൾ പ​​രി​​ഷ്ക​​രി​​ക്കും തു​​ട​​ങ്ങി​​യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ സ്വീ​​കാ​​ര്യ​​മാ​​ണ്.

ജാ​​തി​​ സെ​​ൻ​​സ​​സ്

പ്ര​​ക​​ട​​ന​​പ​​ത്രിക​​യി​​ൽ കോ​​ൺ​​ഗ്ര​​സ് ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന ഒ​​രു പ്ര​​ധാ​​ന ന​​യ​​പ്ര​​ഖ്യാ​​പ​​ന​​മാ​​ണ് ത​​ങ്ങ​​ൾ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ജാ​​തി സെ​​ൻ​​സ​​സ് ന​​ട​​പ്പി​​ലാ​​ക്കു​​മെ​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​ൽ ഉ​​റ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന ജാ​​തി​​വി​​കാ​​ര​​ങ്ങ​​ളെ ഉ​​ണ​​ർ​​ത്താ​​നും ആ​​ഭ്യ​​ന്ത​​ര സം​​ഘ​​ർ​​ഷം സൃ​​ഷ്ടി​​ക്കാ​​നു​​മേ ഇ​​ത് ഉ​​പ​​ക​​രി​​ക്കൂ.

മ​​ത​​ത്തി​​ന്‍റെ പേ​​രി​​ൽ വി​​ഭാ​​ഗീ​​യ​​ത സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​തി​​നെ ജാ​​തി​​യു​​ടെ പേ​​രി​​ൽ വി​​ഭാ​​ഗീ​​യ​​ത സൃ​​ഷ്ടി​​ച്ചു​​കൊ​​ണ്ടാ​​ണോ നേ​​രി​​ടേ​​ണ്ട​​ത്? മ​​ണ്ഡ​​ൽ ക​​മ്മീ​​ഷന്‍റെ പേ​​രി​​ലു​​ള്ള ക​​ലാ​​പ​​ങ്ങ​​ൾ ന​​മ്മ​​ൾ ക​​ണ്ട​​താ​​ണ്. ക്രൈ​​സ്ത​​വ​​രി​​ൽ വി​​വി​​ധ സ​​ഭാവി​​ഭാ​​ഗ​​ങ്ങ​​ൾ ഉ​​ണ്ട്, വി​​വി​​ധ ജാ​​തി​​ക​​ളി​​ൽനിന്നു പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്തു വ​​ന്ന​​വ​​രു​​ണ്ട്. അ​​തി​​നാ​​ൽ ജാ​​തി സെ​​ൻ​​സ​​സ് ക്രൈ​​സ്ത​​വ​​രു​​ടെ ഇ​​ട​​യി​​ലും വി​​ഭാ​​ഗീ​​യ​​ത​​യ്ക്കു കാ​​ര​​ണ​​മാ​​കും. ദേ​​ശീ​​യ രാഷ്‌ട്രീ​​യ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സിന്‍റെ സു​​ദീ​​ർ​​ഘ​​മാ​​യ പാ​​ര​​മ്പ​​ര്യ​​ത്തി​​നു തി​​ക​​ച്ചും ക​​ട​​ക​​വി​​രു​​ദ്ധ​​മാ​​യ ഈ ​​ന​​യം പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ൽ ഉ​​ൾപ്പെ​​ട്ട​​ത് നി​​രാ​​ശാ​​ജ​​ന​​ക​​മാ​​ണ്.

സം​​വ​​ര​​ണം

ജാ​​തി സം​​വ​​ര​​ണം 50 ശ​​ത​​മാ​​ന​​ത്തി​​ൽ കൂ​​ടാ​​ൻ​​ പാ​​ടി​​ല്ല എ​​ന്ന പ​​രി​​ധി, ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി​​യി​​ലൂ​​ടെ എ​​ടു​​ത്തു​​മാ​​റ്റും എ​​ന്ന പ്ര​​ഖ്യാ​​പ​​നം സം​​വ​​ര​​ണ​​മി​​ല്ലാ​​ത്ത ക്രൈ​​സ്ത​​വ​​ർ വ​​ള​​രെ ആ​​ശ​​ങ്ക​​യോ​​ടെ​​യാ​​ണ് കാ​​ണു​​ന്ന​​ത്. സം​​വ​​ര​​ണം പ​​രി​​ധി​​ക​​ളി​​ല്ലാ​​തെ മു​​ന്നോ​​ട്ടു പോ​​വു​​ക​​യും സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​ക​​ൾകൂ​​ടി കീ​​ഴ​​ട​​ക്കു​​ക​​യും ചെ​​യ്താ​​ൽ ജോ​​ലി​​ക്കും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും ഇ​​വ​​ർ എ​​വി​​ടെ​​പ്പോ​​കും എ​​ന്നു​​കൂ​​ടി കോ​​ൺ​​ഗ്ര​​സ് പ​​റ​​ഞ്ഞു​​ത​​ര​​ണം. പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന കോ​​ൺ​​ഗ്ര​​സ്, പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്ത​​വ​​ർ​​ക്കാ​​യി ഒ​​രു വാ​​ഗ്ദാ​​ന​​വും ന​​ൽ​​കു​​ന്നി​​ല്ല.

സാ​​മ്പ​​ത്തി​​ക​​ സം​​വ​​ര​​ണം

നാ​​ളി​​തു​​വ​​രെ സം​​വ​​ര​​ണ​​മി​​ല്ലാ​​തി​​രു​​ന്ന ഒ​​ട്ട​​ന​​വ​​ധി സ​​മു​​ദാ​​യ​​ങ്ങ​​ളി​​ലെ ദ​​രി​​ദ്ര​​ർ​​ക്കു ല​​ഭി​​ച്ച ക​​ച്ചി​​ത്തു​​രു​​മ്പാ​​ണ് 10 ശതമാനം സാ​​മ്പ​​ത്തി​​ക സം​​വ​​ര​​ണം അ​​ഥ​​വാ ഇ​​ഡ​​ബ്ല്യു​​എ​​സ്. ഇ​​തി​​ലേക്കു നി​​ല​​വി​​ൽ സം​​വ​​ര​​ണ​​മു​​ള്ള വി​​ഭാ​​ഗ​​ങ്ങ​​ളെ​​ക്കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി അ​​വ​​ർ​​ക്ക് ഇ​​ര​​ട്ട​​സം​​വ​​ര​​ണം ന​​ൽ​​കു​​മെ​​ന്ന കോ​​ൺ​​ഗ്ര​​സ് നി​​ല​​പാ​​ട് സം​​വ​​ര​​ണ​​ര​​ഹി​​ത ക്രൈ​​സ്ത​​വ​​ർ​​ക്കു​​ള്ള ഇ​​രുട്ട​​ടി​​യാ​​ണ്. ഈ ​​വി​​ഷ​​യം സു​​പ്രീം കോ​​ട​​തി ഭ​​ര​​ണ​​ഘ​​ട​​നാ ബെഞ്ച് ത​​ള്ളി​​ക്ക​​ള​​ഞ്ഞി​​ട്ടു​​ള്ള​​താ​​ണ് എ​​ന്നു​​മോ​​ർ​​ക്ക​​ണം.

എ​​യ്ഡ​​ഡ് സം​​വ​​ര​​ണം

പ്ര​​ക​​ട​​ന​​പ​​ത്രി​​ക ഒ​​ന്നാം അ​​ധ്യാ​​യം 13-ാം ന​​മ്പ​​ർ പ്ര​​കാ​​രം സ്വ​​കാ​​ര്യ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജാ​​തി​​സം​​വ​​ര​​ണം കൊ​​ണ്ടു​​വ​​രു​​മെ​​ന്ന പ്ര​​ഖ്യാ​​പ​​നം ന​​ട​​പ്പാ​​യാ​​ൽ ക്രി​​സ്ത്യ​​ൻ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും ജോ​​ലി​​ക്കും ആ​​ശ്ര​​യി​​ക്കു​​ന്ന എ​​യ്ഡ​​ഡ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​വ​​ർ പു​​റ​​ത്താ​​കും എ​​ന്ന​​ല്ലേ അ​​ർ​​ഥമാ​​ക്കേ​​ണ്ട​​ത്.

ഫീ​​സ് നി​​യ​​ന്ത്ര​​ണം

പ്ര​​ക​​ട​​ന​​പ​​ത്രി​​ക (വി​​ദ്യാ​​ഭ്യാ​​സം, 4) പ്ര​​കാ​​രം സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ളി​​ലെ ഫീ​​സ് സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്രി​​ച്ചാ​​ൽ ആ ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ങ്ങ​​നെ സു​​ഗ​​മ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കും‍?

ആ​​രോ​​ഗ്യം, വി​​ദ്യാ​​ഭ്യാ​​സം, തൊ​​ഴി​​ൽ, വ​​നി​​താ സം​​ര​​ക്ഷ​​ണം, യു​​വ​​ജ​​ന​​ക്ഷേ​​മം തു​​ട​​ങ്ങി​​യ രം​​ഗ​​ങ്ങ​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് ധാ​​രാ​​ളം ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഭ​​ര​​ണ​​ഘ​​ട​​ന​​യും ജ​​നാ​​ധി​​പ​​ത്യ​​വും സം​​ര​​ക്ഷി​​ക്കു​​മെ​​ന്നും നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ കു​​റ്റ​​മ​​റ്റ​​താ​​ക്കു​​മെ​​ന്നും മാ​​ധ്യ​​മസ്വാ​​ത​​ന്ത്ര്യം സം​​ര​​ക്ഷി​​ക്കു​​മെന്നും മാ​​ധ്യ​​മ ദു​​രു​​പ​​യോ​​ഗം ത​​ട​​യു​​മെ​​ന്നും അ​​ഴി​​മ​​തി വി​​രു​​ദ്ധ ഭ​​ര​​ണ​​സം​​വി​​ധാ​​നം കൊ​​ണ്ടു​​വ​​രു​​മെ​​ന്നു​​മൊ​​ക്കെ​​യു​​ള്ള പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ സ്വീ​​കാ​​ര്യ​​മാ​​ണ്.

സി​​പി​​എം പ്ര​​ക​​ട​​നപ​​ത്രി​​ക

പാ​​ർ​​ട്ടി​​യു​​ടെ അം​​ഗ​​ബ​​ലം എ​​ടു​​ത്താ​​ൽ അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ൽ പ്ര​​സ​​ക്ത​​മ​​ല്ലെ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ രാ​​ഷ്‌ട്രീ​​യ​​ക​​ക്ഷി എ​​ന്ന നി​​ല​​യി​​ൽ സി​​പി​​എമ്മിന്‍റെ പ്ര​​ക​​ട​​നപ​​ത്രി​​ക​​യും വി​​ല​​യി​​രു​​ത്തു​​ക​​യാ​​ണ്.

ന്യൂ​​ന​​പ​​ക്ഷം

ഇ​​ന്ത്യ​​യു​​ടെ സെ​​ക്കു​​ല​​റി​​സം സം​​ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കും എ​​ന്ന സി​​പി​​എം പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ലെ പ്ര​​ഖ്യാ​​പ​​നം സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണ്. ക്രി​​സ്ത്യ​​ൻ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കെ​​തി​​രേയു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ പെരുകി. മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​യ​​മം ദു​​രു​​പ​​യോ​​ഗം ചെ​​യ്തു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ളും മ​​ണി​​പ്പുർ ക​​ലാ​​പം​​പോ​​ലു​​ള്ള പ്ര​​ശ്ന​​ങ്ങ​​ളും വ​​ർധിക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക്രി​​സ്ത്യ​​ൻ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ പേ​​രെ​​ടു​​ത്തു പ​​രാ​​മ​​ർ​​ശി​​ച്ചു​​കൊ​​ണ്ട് അ​​വ​​രെ സം​​ര​​ക്ഷി​​ക്കാ​​നും മ​​തേ​​ത​​ര​​ത്വ​​വും ജ​​നാ​​ധി​​പ​​ത്യ​​വും നി​​ല​​നി​​ർ​​ത്താ​​നും അ​​ധി​​കാ​​ര​​ത്തി​​ൽ പ​​ങ്കാ​​ളി​​ത്തം ല​​ഭി​​ച്ചാ​​ൽ സി​​പി​​എം ശ്ര​​മി​​ക്കു​​മെ​​ന്ന് പ്ര​​ക​​ട​​ന​​പ​​ത്രി​​ക പ​​റ​​യു​​ന്ന​​ത് സ​​ന്തോ​​ഷ​​ക​​ര​​മാ​​ണ്. Prevention of Atrocities Against Minorities Act ന​​ട​​പ്പി​​ലാ​​ക്കും എ​​ന്ന നി​​ർ​​ദേശം സ്വീ​​കാ​​ര്യ​​മാ​​ണ്. ന്യൂന​​പ​​ക്ഷ​​ക്ഷേ​​മ​​രം​​ഗ​​ത്തു സ​​ച്ചാ​​ർ ക​​മ്മി​​റ്റി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ എ​​ല്ലാം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കു​​ന്ന​​തി​​ന് മുസ്‌ലിം ന്യൂ​​ന​​പ​​ക്ഷ​​ത്തി​​നാ​​യി പ്ര​​ത്യേ​​ക സ​​ബ് പ്ലാ​​ൻ ആ​​വി​​ഷ്ക​​രി​​ക്കു​​മെ​​ന്നു പ​​റ​​യു​​ന്നു. എ​​ന്നാ​​ൽ, സിപിഎം ​​ഭ​​രി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ൽത്ത​​ന്നെ സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട ജെ.​​ബി.​​ കോ​​ശി ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​നെ​​ക്കു​​റി​​ച്ച് ഈ ​​പ്ര​​ക​​ട​​ന​​പ​​ത്രി​​ക ഒ​​ര​​ക്ഷ​​രം​​ പോ​​ലും പ​​റ​​യു​​ന്നി​​ല്ല.

സം​​വ​​ര​​ണം

സി​​പി​​എം ഇ​​പ്പോ​​ൾ എ​​ടു​​ത്തി​​രി​​ക്കു​​ന്ന സം​​വ​​ര​​ണ നി​​ല​​പാ​​ട്, സം​​വ​​ര​​ണാ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​ക്കു പു​​റ​​ത്തു നി​​ൽ​​ക്കു​​ന്ന സു​​റി​​യാ​​നി ക്രൈ​​സ്ത​​വ​​രെ സം​​ബ​​ന്ധി​​ച്ചു ദോ​​ഷ​​ക​​ര​​മാ​​ണ്. സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലും സം​​വ​​ര​​ണം കൊ​​ണ്ടു​​വ​​രി​​ക, ജാ​​തി​​ സെ​​ൻ​​സ​​സ് കൊ​​ണ്ടു​​വ​​രി​​ക തു​​ട​​ങ്ങി​​യ ന​​യ​​ങ്ങ​​ൾ ആ​​ശ​​ങ്ക​​യോ​​ടെ​​യാ​​ണ് കാ​​ണു​​ന്ന​​ത്. സം​​വ​​ര​​ണം സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലും എ​​യ്ഡ​​ഡ് മേ​​ഖ​​ല​​യി​​ലും ക​​ട​​ന്നു​​വ​​രു​​ന്ന​​ത് സേ​​വ​​ന​​ങ്ങ​​ളു​​ടെ ഗു​​ണ​​മേന്മ, മ​​ത്സ​​ര​​ക്ഷ​​മ​​ത എ​​ന്നി​​വ​​യെ ബാ​​ധി​​ക്കും.

സം​​വ​​ര​​ണ​​ര​​ഹി​​ത വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു നി​​ല​​വി​​ലു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളും വി​​ദ്യാ​​ഭ്യാ​​സ അ​​വ​​സ​​ര​​ങ്ങ​​ളുംകൂ​​ടി ന​​ഷ്ട​​പ്പെ​​ടും. തങ്ങ​​ൾ ഇ​​നി എ​​വി​​ടെ​​പ്പോ​​കും എ​​ന്ന ആ​​ശ​​ങ്ക ഈ ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ശക്തി​​പ്പെ​​ടും. അ​​വ​​രു​​ടെ കൂ​​ട്ട​​പ്പ​​ലാ​​യ​​ന​​മാ​​യി​​രി​​ക്കും പ​​രി​​ണി​​ത​​ഫ​​ലം. കൂ​​ടാ​​തെ, ജാ​​തി​​ സെ​​ൻ​​സ​​സും അ​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ആ​​നു​​കൂല്യ വി​​ത​​ര​​ണ​​വും ഹി​​ന്ദു സ​​മൂ​​ഹ​​ത്തി​​ലെ​​ന്നപോ​​ലെ ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ലും വി​​ഭാ​​ഗീ​​യ​​ത​​യ്ക്കു കാര​​ണ​​മാ​​കും.


ക​​ർ​​ഷ​​ക​​ർ

കാ​​ർ​​ഷി​​ക വി​​ള​​ക​​ൾ​​ക്ക് ഉത്പാ​​ദ​​നച്ചെ​​ല​​വി​​നേക്കാ​​ൾ 50 ശതമാനം ഉ​​യ​​ർ​​ത്തി താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പി​​ക്കും എ​​ന്ന വാ​​ഗ്ദാ​​നം നെ​​ൽ​​ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ്വാ​​സ​​ക​​ര​​മാ​​ണ്. അ​​പ്പോ​​ഴും കാ​​ർ​​ഷി​​ക​​വി​​ള​​യാ​​യി അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടാ​​ത്ത റ​​ബ​​റിന്‍റെ കാ​​ര്യം പെ​​രു​​വ​​ഴി​​യി​​ലാ​​ണ്. കാ​​ർ​​ഷി​​ക ക​​ടാ​​ശ്വാ​​സം, വി​​ള ഇ​​ൻ​​ഷ്വ​​റ​​ൻ​​സ്, ക​​ർ​​ഷ​​ക പെ​​ൻ​​ഷ​​ൻ, ക​​ർ​​ഷ​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ, ഫാ​​ർ​​മ​​ർ പ്രൊ​​ഡ്യൂ​​സ​​ർ ക​​മ്പ​​നി​​ക​​ൾ തു​​ട​​ങ്ങി​​യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളും സ്വാ​​ഗ​​താ​​ർ​​ഹം. തീരദേശ പ്രശ്നങ്ങളെ കാര്യഗൗരവത്തോടെ സമീപിച്ചിട്ടില്ല.

പ​​രി​​സ്ഥി​​തി

Environmental Impact Assessment (EIA) ആ​​ശ​​യ​​സം​​ഘ​​ട്ട​​ന​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി ന​​ട​​പ്പാ​​ക്കും എ​​ന്നു പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും ഇ​​തു വ​​ള​​രെ ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണ്. കാ​​ര​​ണം, ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​നം അ​​ങ്ങേ​​യ​​റ്റം ക​​ർ​​ഷ​​ക​​ദ്രോ​​ഹ​​പ​​ര​​വും മ​​നു​​ഷ്യ​​ത്വ​​ര​​ഹി​​ത​​വു​​മാ​​യ Environmental Protection Act 1986 ആ​​ണ്. EIA ന​​ട​​പ്പി​​ലാ​​ക്ക​​ൽ മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ൽ ഗു​​രു​​ത​​ര​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ള​​വാ​​ക്കും.
ഹ​​രി​​ത​​വാ​​ത​​ക​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കും, കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം നി​​യ​​ന്ത്രി​​ക്കാ​​ൻ ക​​ർ​​ഷ​​ക​​രെ​​യും മ​​റ്റും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്കും, പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ സു​​സ്ഥി​​ത വി​​ക​​സ​​നം ന​​ട​​പ്പി​​ലാ​​ക്കും, ദേ​​ശീ​​യ വാ​​യു ശു​​ദ്ധീ​​ക​​ര​​ണ പ​​ദ്ധ​​തി, ന​​ദീ​​ത​​ട സം​​ര​​ക്ഷ​​ണ, വെ​​ള്ള​​പ്പൊ​​ക്ക നി​​യ​​ന്ത്ര​​ണ പ​​ദ്ധ​​തി​​ക​​ൾ എ​​ന്നി​​വ ന​​ട​​പ്പി​​ലാ​​ക്കും തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പ്ര​​ത്യ​​ക്ഷ​​ത്തി​​ൽ നി​​രു​​പ​​ദ്ര​​വ​​ക​​ര​​മാ​​ണെ​​ങ്കി​​ലും സം​​ശ​​യ​​ത്തോ​​ടുകൂ​​ടി മാ​​ത്ര​​മേ സ​​മീ​​പി​​ക്കാനാകൂ.

ധാ​​ർ​​മി​​ക​​ത

ഇ​​ന്ത്യ​​ൻ ശി​​ക്ഷാ നി​​യ​​മ​​ത്തി​​ൽനി​​ന്നു വ​​ധ​​ശി​​ക്ഷ ഒ​​ഴി​​വാ​​ക്കും എ​​ന്ന വാ​​ഗ്ദാ​​നം ജീ​​വന്‍റെ മൂ​​ല്യ​​ത്തെ ബ​​ഹു​​മാ​​നി​​ക്കു​​ന്ന ക്രൈ​​സ്ത​​വസ​​മൂ​​ഹ​​ത്തെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം സ്വീ​​കാ​​ര്യ​​മാ​​ണ്. അ​​ണ്വാ​​യു​​ധ​​ങ്ങ​​ൾ, രാ​​സാ​​യു​​ധ​​ങ്ങ​​ൾ, ജൈ​​വാ​​യു​​ധ​​ങ്ങ​​ൾ എ​​ന്നി​​വ പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കും എ​​ന്ന വാ​​ഗ്ദാ​​ന​​വും സ്വീ​​കാ​​ര്യ​​മാ​​ണ്. എ​​ന്നാ​​ൽ, സ്വ​​വ​​ർ​​ഗ വി​​വാ​​ഹം അ​​നു​​വ​​ദി​​ക്കും, സ്ത്രീ​​പു​​രു​​ഷ വി​​വാ​​ഹ​​ത്തി​​നു​​ള്ള നി​​യ​​മ​​ പ​​രി​​ര​​ക്ഷ​​ക​​ൾ അ​​വ​​ർ​​ക്കും ന​​ൽ​​കും തു​​ട​​ങ്ങി​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ൾ സ്വീ​​കാ​​ര്യ​​മ​​ല്ല.

സി​എ​എ, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം, പ​ല​സ്തീ​ൻ, വ​നി​താ സം​വ​ര​ണം, മു​സ്‌​ലിം സ​മൂ​ഹ​ത്തി​നു മാ​ത്രം പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​നപ​ത്രി​ക​യി​ലു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ൽ അ​ർ​ഹി​ക്കു​ന്ന​താ​ണ്. അ​തു മ​റ്റൊ​ര​വ​സ​ര​ത്തി​ലാ​കാം.

ബി​​ജെ​​പി പ്ര​​ക​​ട​​ന​​പ​​ത്രി​​ക

മോ​​ദി കി ​​ഗാരന്‍റി എ​​ന്ന പ്രാ​​രം​​ഭ​​വാ​​ക്യ​​ത്തോ​​ടു​​കൂ​​ടി സ​​ങ്ക​​ൽ​​പ പ​​ത്ര എ​​ന്ന പേ​​രി​​ൽ ബി​​ജെ​​പി ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന പ്ര​​ക​​ട​​ന​​പ​​ത്രി​​ക ഒ​​രു രാഷ്‌ട്രീ​​യ പ്ര​​സ്ഥാ​​ന​​ത്തേ​​ക്കാ​​ൾ ഉ​​പ​​രി​​യാ​​യി ഒ​​രു വ്യ​​ക്തി​​യെ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യി​​രി​​ക്കു​​ന്നു. പ​​ത്രി​​ക​​യു​​ടെ ആ​​ദ്യ​​ഭാ​​ഗം ക​​ഴി​​ഞ്ഞ പ​​ത്തുവ​​ർ​​ഷ​​ത്തെ കേ​​ന്ദ്രസ​​ർ​​ക്കാ​​രിന്‍റെ ഭ​​ര​​ണ നേ​​ട്ട​​ങ്ങ​​ളാണ് വിവരിക്കുന്നത്. ഇ​​തി​​ൽ ഇ​​ന്ത്യ എ​​ന്ന​​തി​​നു പ​​ക​​രം ഭാ​​ര​​ത് എ​​ന്നാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​ത്രി​​ക പ്ര​​ധാ​​ന​​മാ​​യും വി​​ക​​സ​​ന​​ത്തെ​​യും പു​​രോ​​ഗ​​തി​​യെ​​യുംകു​​റി​​ച്ചാ​​ണ് സം​​സാ​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം ജാ​​തി​​ സെ​​ൻ​​സ്, സം​​വ​​ര​​ണ​​പ​​രി​​ധി ഉ​​യ​​ർ​​ത്ത​​ൽ തു​​ട​​ങ്ങി​​യ വി​​വാ​​ദ​​ വി​​ഷ​​യ​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​മി​​ല്ല.

പ​​ദ്ധ​​തി​​ക​​ൾ

പ്ര​​ക​​ട​​ന​​പ​​ത്രി​​ക ദ​​രി​​ദ്ര​​ർ​​ക്കും മ​​ധ്യ​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​മാ​​യി പ​​ല പ​​ദ്ധ​​തി​​ക​​ളും വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു; സ്ത്രീ​​ശക്തീ​​ക​​ര​​ണ​​ത്തി​​നും വൃ​​ദ്ധ​​ജ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി ധാ​​രാ​​ളം പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്നു; യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കു സു​​താ​​ര്യ​​മാ​​യ പൊ​​തുപ​​രീ​​ക്ഷ​​ക​​ൾ, പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി​​ക​​ൾ, സ്റ്റാ​​ർ​​ട്ട​​പ്പ് പ്രോ​​ഗ്രാ​​മു​​ക​​ൾ, തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ എ​​ന്നി​​വ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു; ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ പ​​ര​​മ്പ​​രാ​​ഗ​​ത കു​​ടി​​ൽ വ്യ​​വ​​സാ​​യ​​ങ്ങ​​ളെ​​യും നൈ​​പു​​ണ്യ തൊ​​ഴി​​ലു​​ക​​ളെ​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു. വ​​ൻ​​കി​​ട വ്യ​​വ​​സാ​​യ വി​​ക​​സ​​ന​​ത്തി​​നും റെ​​യി​​ൽ, റോ​​ഡ്, വ്യോ​​മ, ജ​​ലഗ​​താ​​ഗ​​ത വി​​ക​​സ​​ന​​ത്തി​​നും ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വാ​​ർ​​ത്താ​​വി​​നി​​മ​​യ പു​​രോ​​ഗ​​തി​​ക്കും സാ​​മ്പ​​ത്തി​​കാഭി​​വൃ​​ദ്ധി​​ക്കും ദേ​​ശീ​​യ സു​​ര​​ക്ഷ​​യ്ക്കും ഊ​​ർ​​ജോ​​ത്പാ​​ദ​​ന​​ത്തി​​നും ആ​​രോ​​ഗ്യ​​ത്തി​​നും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും ഉ​​ള്ള പ​​ദ്ധ​​തി​​കളും പ​​ത്രി​​ക​​യി​​ൽ ധാ​​രാ​​ള​​മു​​ണ്ട്.

ക​​ർ​​ഷ​​ക​​ർ

പി​​എം കി​​സാ​​ൻ സ​​മ്മാ​​ൻ നി​​ധി വ​​ഴി ക​​ർ​​ഷ​​ക​​ർ​​ക്ക് 6,000 രൂ​​പ ധ​​ന​​സ​​ഹാ​​യം, ഫ​​സ​​ൽ ബീ​​മ​​ യോ​​ജ​​ന ഇ​​ൻ​​ഷ്വറ​​ൻ​​സ്, കാ​​ർ​​ഷി​​ക വി​​ള​​ക​​ൾ​​ക്കു താ​​ങ്ങു​​വി​​ല, പ​​ച്ച​​ക്ക​​റി ഉ​​ദ്പാ​​ദ​​നം, ജൈ​​വകൃ​​ഷി പ്രോ​​ത്സാ​​ഹ​​നം, വി​​ള​​ക​​ളു​​ടെ വൈ​​വി​​ധ്യ​​വ​​ത്കര​​ണം, ഉ​​യ​​ർ​​ന്ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം, കാ​​ർ​​ഷി​​ക അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​നം തു​​ട​​ങ്ങി​​യ ധാ​​ര​​ാളം പ​​ദ്ധ​​തി​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു. എ​​ന്നാ​​ൽ, ക​​ർ​​ഷ​​ക സ​​മ​​ര​​ക്കാ​​ർ ഉ​​ന്ന​​യി​​ച്ച വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചോ വി​​ല​​സ്ഥി​​ര​​ത ഇ​​ല്ലാ​​യ്മ​​യെ​​ക്കു​​റി​​ച്ചോ റ​​ബ​​ർ​​പോ​​ലെ ദീ​​ർ​​ഘ​​കാ​​ല​​മാ​​യി വി​​ല​​ത്ത​​ക​​ർ​​ച്ച നേ​​രി​​ടു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചോ യാ​​തൊ​​രു പ്ര​​ഖ്യാ​​പ​​ന​​വും ഇ​​ല്ല.

ന്യൂ​​ന​​പ​​ക്ഷ​​ ക്ഷേ​​മം

ഇ​​ന്ത്യ​​യി​​ലെ മ​​ത​​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു പ്ര​​ക​​ട​​ന​​പ​​ത്രി​​ക പൂ​​ർ​​ണ​​മാ​​യും നി​​ശ​​ബ്ദ​​ത പാ​​ലി​​ക്കു​​ന്നു. National Commission for Minorities Act 1992ന് ​​എ​​ന്തെ​​ങ്കി​​ലും ഭേ​​ദ​​ഗ​​തി കൊ​​ണ്ടു​​വരാനു​​ള്ള നീ​​ക്കം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ന്യൂ​​ന​​പ​​ക്ഷ നി​​ർ​​ണ​​യം സം​​സ്ഥാ​​ന അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ക്കു​​മോ, ഹി​​ന്ദു​​ക്ക​​ളെ ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ന്യൂ​​ന​​പ​​ക്ഷ​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​മോ, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ന്യൂ​​ന​​പ​​ക്ഷ പ​​ദ​​വി നി​​ർ​​ണ​​യ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തു​​മോ തു​​ട​​ങ്ങി​​യ മ​​ജോ​​റി​​ട്ടേ​​റി​​യ​​നി​​സ​​ത്തെ ഉ​​ത്തേ​​ജി​​പ്പി​​ക്കു​​ന്ന വാ​​ഗ്ദാ​​ന​​ങ്ങ​​ളൊ​​ന്നും പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല എ​​ന്ന​​തു ശ്ര​​ദ്ധേ​​യം.

ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കു​​ള്ള പ​​ല സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും നി​​ർ​​ത്ത​​ലാ​​ക്കു​​ക​​യും പ്ര​​ഖ്യാ​​പി​​ച്ച​​വ ന​​ൽ​​കാ​​തി​​രി​​ക്കു​​ക​​യും ബ​​ജ​​റ്റ് തു​​ക വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​വ പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ഒ​​ന്നും പ്ര​​തി​​പാ​​ദി​​ച്ചി​​ട്ടി​​ല്ല.

ഇ​​ന്ത്യ​​യി​​ൽ ക്രൈ​​സ്ത​​വ​​ർ​​ക്കെ​​തി​​രേ വ​​ർ​​ധി​​ച്ചു വ​​രു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കു​​മെ​​ന്നോ മ​​ണി​​പ്പുർ ക​​ലാ​​പ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കു​​ന്ന സ​​മീ​​പ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചോ പ്ര​​ക​​ട​​ന​​പ​​ത്രി​​ക സം​​സാ​​രി​​ക്കു​​ന്നി​​ല്ല. എ​​ന്നാ​​ൽ, നോ​​ർ​​ത്ത് ഈ​​സ്റ്റി​​ൽ സ​​മാ​​ധാ​​നം സ്ഥാ​​പി​​ക്കും എ​​ന്നു പൊ​​തു​​വാ​​യി പ​​റ​​ഞ്ഞുപോ​​കു​​ന്നു. അ​​തേ​​സ​​മ​​യം, ഇ​​സ്‌ലാമി​​സ്റ്റ് ഭീ​​ക​​ര​​ത, മ​​യ​​ക്കു​​മ​​രുന്നു വ്യാ​​പ​​നം തു​​ട​​ങ്ങി​​യ​​വ നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​ണ്ട്. സി​​എ​​എ, എ​​ൻ​​ആ​​ർ​​സി എ​​ന്നി​​വ ന​​ട​​പ്പി​​ലാ​​ക്കും എ​​ന്നും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. മ​​ത​​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു പൂ​​ർ​​ണ മൗ​​ന​​മാ​​ണ് പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ൽ ഉ​​ള്ള​​ത്. എ​​ന്നാ​​ൽ, ഭാ​​ഷാ​​ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ ഭാ​​ഷാ സം​​ര​​ക്ഷ​​ണ​​ത്തി​​നു​​ള്ള പ​​ദ്ധ​​തി​​യു​​ണ്ട്.

ഹൈ​​ന്ദ​​വ സം​​സ്കാ​​ര സം​​ര​​ക്ഷ​​ണം

മ​​ത​​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു നി​​ശ​​ബ്ദ​​ത പാ​​ലി​​ക്കു​​ന്ന ബി​​ജെ​​പി പ്ര​​ക​​ട​​ന​​പ​​ത്രി​​ക ഹൈ​​ന്ദ​​വ സം​​സ്കാ​​ര സം​​ര​​ക്ഷ​​ണ പ​​ദ്ധ​​തി​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ സ​​മ്പ​​ന്ന​​മാ​​ണ്. യോ​​ഗ, ആ​​യു​​ർ​​വേ​​ദം, ഭാ​​ര​​തീ​​യ​​ ഭാ​​ഷ​​ക​​ൾ, സം​​ഗീ​​തം തു​​ട​​ങ്ങി​​യ​​വ ലോ​​കം മു​​ഴു​​വ​​ൻ പ്ര​​ച​​രി​​പ്പി​​ക്കാ​​ൻ തി​​രു​​വ​​ള്ളു​​വ​​ർ ക​​ൾ​​ച്ച​​റ​​ൽ സെന്‍ററു​​ക​​ൾ അ​​നു​​ബ​​ന്ധ സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ ആ​​രം​​ഭി​​ക്കു​​ക, ഭാ​​ര​​തീ​​യ ക​​ലാ​​രൂ​​പ​​ങ്ങ​​ൾ, പു​​രാ​​ത​​ന ​​ഭാ​​ഷ​​ക​​ൾ, ലി​​പി​​ക​​ൾ, സ്മാ​​ര​​ക​​ങ്ങ​​ൾ എ​​ന്നി​​വ പ​​രി​​പോ​​ഷി​​പ്പി​​ക്കു​​ക, ഭാ​​ര​​തീ​​യ സം​​സ്കൃ​​ത കോ​​ശ തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​ക​​ൾ പ​​ത്രി​​ക​​യി​​ലു​​ണ്ട്. രാ​​മാ​​യ​​ണ​​വും രാ​​മ​​ഭ​​ക്തി​​യും ലോ​​കം മു​​ഴു​​വ​​ൻ പ്ര​​ച​​രി​​പ്പി​​ക്കും എ​​ന്ന പ്ര​​ഖ്യാ​​പ​​നം ഇ​​ന്ത്യ​​ൻ സെ​​ക്കു​​ല​​റി​​സ​​ത്തെ സം​​ബ​​ന്ധി​​ച്ച് ച​​ർ​​ച്ച​​ക​​ൾ ഉ​​യ​​ർ​​ത്തും. അ​​യോ​​ധ്യ, കാ​​ശി തു​​ട​​ങ്ങി​​യ ഹി​​ന്ദു മ​​ത​​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന​​വും അ​​നു​​ബ​​ന്ധ പി​​ൽ​​ഗ്രിം ടൂ​​റി​​സ​​വും തു​​ട​​ങ്ങി ധാ​​രാ​​ളം പ​​ദ്ധ​​തി​​ക​​ളു​​ണ്ട്.

നി​​യ​​മ​​നി​​ർ​​മാ​​ണ​​ങ്ങ​​ൾ

യൂ​​ണി​​ഫോം സി​​വി​​ൽ കോ​​ഡ്, സി​​വി​​ൽ-​​ക്രി​​മി​​ന​​ൽ നി​​യ​​മ​​ങ്ങ​​ളു​​ടെ പ​​രി​​ഷ്കാ​​രം, ഒ​​രു രാഷ്‌ട്രം ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ്, പൊ​​തു വോ​​ട്ട​​ർപ​​ട്ടി​​ക തു​​ട​​ങ്ങി​​യ​​വ ന​​ട​​പ്പി​​ലാ​​ക്കു​​മെന്നു പ്ര​​ക​​ട​​ന​​പ​​ത്രി​​ക പ്ര​​ഖ്യാ​​പി​​ക്കു​​ന്നു. ഇ​​വ​​യെ​​ല്ലാംത​​ന്നെ വി​​വാ​​ദ​​വി​​ഷ​​യ​​ങ്ങ​​ളാ​​ണ്.

പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണം

മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ലും തീ​​ര​​ദേ​​ശ​​ങ്ങ​​ളി​​ലും സു​​സ്ഥി​​ര​​വി​​ക​​സ​​നം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ​​യും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും സ​​ഹാ​​യ​​ത്തോ​​ടെ ന​​ട​​പ്പി​​ലാ​​ക്കും, ന​​ദീ​​സം​​ര​​ക്ഷ​​ണം, വാ​​യു ശു​​ദ്ധീ​​ക​​ര​​ണം, ജൈ​​വ​​വൈ​​വി​​ധ്യം, ഗ്രീ​​ൻ ക്രെ​​ഡി​​റ്റ്, പ്ര​​കൃ​​തി​​ദു​​ര​​ന്ത​​നി​​വാ​​ര​​ണം, മാ​​ലി​​ന്യ സം​​സ്ക​​ര​​ണം, വി​​വി​​ധ പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ പ​​ദ്ധ​​തി​​ക​​ൾ എ​​ന്നി​​വ ന​​ട​​പ്പി​​ലാ​​ക്കും. എ​​ന്നാ​​ൽ, ഇ​​വ​​യി​​ലൊ​​ക്കെ​​യു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ ദൂരീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.

മ​​നു​​ഷ്യ - മൃ​​ഗ​​ സം​​ഘ​​ർ​​ഷം നി​​യ​​ന്ത്രി​​ക്കു​​മെ​​ന്നു പ​​ത്രി​​ക പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്നു, എ​​ന്നാ​​ൽ, അ​​തി​​നു​​ള്ള മാ​​ർ​​ഗ​​ങ്ങ​​ൾ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടി​​ല്ല. വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ നി​​യ​​മ​​ങ്ങ​​ളി​​ലും വ​​ന​​സം​​ര​​ക്ഷ​​ണ, പ​​രി​​സ്ഥി​​തി നി​​യ​​മ​​ങ്ങ​​ളി​​ലും എ​​ന്തെ​​ങ്കി​​ലും ഭേ​​ദ​​ഗ​​തി വ​​രു​​ത്തു​​മെ​​ന്നോ വ​​ന​​ത്തി​​നു സ​​മീ​​പം ജീ​​വി​​ക്കു​​ന്ന​​വ​​രു​​ടെ ജീ​​വ​​നും സ്വ​​ത്തും സം​​ര​​ക്ഷി​​ക്കു​​മെ​​ന്നോ പ​​ത്രി​​ക​​യി​​ലി​​ല്ല.

ESA, ESZ, ബ​​ഫ​​ർ​​സോ​​ൺ തു​​ട​​ങ്ങി​​യ​​വ​​യെ​​ക്കു​​റി​​ച്ചു പ്ര​​ക​​ട​​ന​​പ​​ത്രി​​ക ഒ​​ന്നും​​ത​​ന്നെ പ​​റ​​യു​​ന്നി​​ല്ല. പ​​ശ്ചി​​മഘ​​ട്ട മേ​​ഖ​​ല​​യി​​ൽ പു​​തി​​യ നി​​യ​​മ​​ങ്ങ​​ളോ അ​​ഥോ​​റി​​റ്റി​​ക​​ളോ അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കാ​​നും വ​​ന​​വി​​സ്തൃ​​തി വ​​ർ​​ധി​​പ്പി​​ക്കാ​​നും നീ​​ക്ക​​മി​​ല്ലെ​​ന്ന​​ത് ആ​​ശ്വാ​​സ​​ക​​രം. തീ​ര​പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള കാ​ര്യ​ക്ഷ​മ​ത​യു​ള്ള​ പ​ദ്ധ​തി​ക​ളു​ടെ അ​ഭാ​വം നിരാശപ്പെടുത്തുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.