വാഷിംഗ്ടൺ ഡിസി: ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസ് രേഖകളിൽ പ്രസിഡന്റ് ട്രംപിനെതിരേ ഗുരുതര ആരോപണമുണ്ടെന്നും എന്നാൽ ഈ രേഖകൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപണം. പ്രായപൂർത്തിയാകാത്തയാൾ ട്രംപിനെതിരേ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ ഉൾപ്പെടുന്ന രേഖകളാണ് പുറത്തുവിടാത്തത്.
എപ്സ്റ്റീൻ കേസ് അന്വേഷിക്കുന്ന ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ പ്രതിപക്ഷ ഡെമോക്രാറ്റിക് അംഗം റോബർട്ട് ഗാർസിയ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ രേഖകൾ താൻ നേരിട്ടു കണ്ടവയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അന്വേഷണം നടക്കുന്നതും പ്രത്യേക സാഹചര്യത്തിൽ ഉള്ളതുമായവ ഒഴിച്ച് ഒരു രേഖകളും തടഞ്ഞുവച്ചിട്ടില്ലെന്ന് യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു.
എപ്സ്റ്റീന് അമേരിക്കയിലെ മുൻ പ്രസിഡന്റുമാരും മറ്റു ലോകനേതാക്കളും അടക്കമുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ട്രംപും ഒരുകാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ട്രംപും ഭാര്യ മെലാനിയയും എപ്സ്റ്റീനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, എപ്സ്റ്റീൻ അറസ്റ്റിലാകുന്നതിനു മുന്പേ അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നാണു ട്രംപ് അവകാശപ്പെടുന്നത്.
ട്രംപിന്റെ ഉത്തരവു പ്രകാരം യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ എപ്സ്റ്റീൻ കേസുകളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു രേഖകൾ പുറത്തുവിട്ടിരുന്നു. ട്രംപിനെതിരേ ആരോപണങ്ങൾ ഉൾപ്പെടുന്ന രേഖകൾ ഇതിലില്ല എന്നാണു റോബർട്ട് ഗാർസിയ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ രേഖകളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിക്കു കത്തെഴുതിയെന്നും ഗാർസിയ അറിയിച്ചു.
Tags : Epstein Trump alleging documents Jeffrey Epstein sexual assault