സിയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ച മുൻ പ്രസിഡന്റ് യൂൺ സുക് ഇയോളിനു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വധശിക്ഷയാണു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.
2022 മേയിൽ പ്രസിഡന്റായി അധികാരമേറ്റ യൂൺ 2024 ഡിസംബർ മൂന്നിനാണ് പട്ടാളനിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് മണിക്കൂറുകൾക്കുള്ളിൽ പട്ടാളനിയമം അസാധുവാക്കി. പിന്നാലെ യൂൺ ഇംപീച്ച് ചെയ്യപ്പെടുകയും അറസ്റ്റിലാവുകയുമുണ്ടായി.
യൂണിനെതിരേ ചുമത്തിയ കലാപക്കേസിലാണ് ഇന്നലത്തെ ശിക്ഷ. മറ്റു കുറ്റങ്ങളിലും അദ്ദേഹം വിചാരണ നേരിടുന്നുണ്ട്.
ഭരണഘടന അട്ടിമറിക്കാനായി യൂൺ, പ്രതിരോധ മന്ത്രിയായിരുന്ന കിം യോംഗ് ഹ്യൂനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിഞ്ഞതായി കോടതി വിലയിരുത്തി. പാർലമെന്റ് തടസപ്പെടുത്താൻ ഭടന്മാരെ വിന്യസിച്ചത് ഇതിനുദാഹരണമാണ്.
അറുപത്തഞ്ചുകാരനായ യൂൺ അക്ഷോഭ്യനായാണു കോടതിയിൽ വിധിപ്രസ്താവം കേട്ടത്. മുൻ പ്രതിരോധമന്ത്രി കിമ്മിന് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു.
യൂൺ സീയൂളിലെ തടവറയിൽ തുടരുമെന്നാണു സൂചന. വിധിക്കെതിരേ അപ്പീൽ നല്കുന്നതിൽ അദ്ദേഹത്തിന്റെ അഭിഭാഷകർ തീരുമാനം അറിയിച്ചിട്ടില്ല.
Tags : life in prison Former Korean President Yoon sentenced