ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ മാനുഷിക സഹായം എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും സജ്ജമായിരിക്കാനാണ് നിർദ്ദേശം.
2019 മുതൽ ഇന്ത്യൻ ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി 'ഓപ്പറേഷൻ സങ്കൽപി'ന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ ഒരു ഫ്രിഗേറ്റും ഒരു ഡിസ്ട്രോയറും ഗൾഫ് ഓഫ് ഏഡനിലും ഗൾഫ് ഓഫ് ഒമാനിലും വിന്യസിച്ചിട്ടുണ്ട്. ഇവയെ ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. പ്രാദേശിക സമുദ്ര സുരക്ഷാ ഇടപഴകലുകളുടെ ഭാഗമായി ഐഎൻഎസ് സൂറത്ത് നിലവിൽ ബഹ്റൈനിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷാ സമിതി യോഗം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അത് ഇന്ത്യയെയും പ്രവാസികളെയും എങ്ങനെയെല്ലാം ബാധിക്കുമെന്നും വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മേഖലയിലെ സുരക്ഷാ സാഹചര്യം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. മുൻപും സമാനമായ പ്രതിസന്ധി ഘട്ടങ്ങളിൽ സമുദ്രമാർഗ്ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നാവികസേന വിജയകരമായി ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.
Tags : Indian warships Gulf region