ടെൽ അവീവ്: ഇറാനെതിരായ യുദ്ധം ആളുകൾ വിചാരിച്ചിരിക്കുന്നതിലും മുന്പേ അവസാനിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇറേനിയൻ നേതൃഘടനയിൽ ഉടനീളം വിള്ളലുകൾ വീണുകഴിഞ്ഞെന്നും അതു വർധിപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“ആരാണ് ഇപ്പോൾ ഇറാൻ ഭരിക്കുന്നതെന്ന് എനിക്കറിയില്ല. ആയത്തുള്ളയുടെ പകരക്കാരനായി നിയമിക്കപ്പെട്ട മകൻ മുജ്തബ ഇതുവരെ അയാളുടെ മുഖം പുറത്തു കാണിച്ചിട്ടില്ല. ഇറേനിയൻ നേതൃനിരയിൽ മാത്രമല്ല, താഴെത്തട്ടിലും വിള്ളലുകൾ വർധിച്ചുകഴിഞ്ഞു”
ഇറാൻ തകർച്ചയിലാണെന്നും ഇസ്രയേൽ വിജയിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ആണവ ഇന്ധനം സന്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ ഉള്ള ശേഷി ഇറാനിപ്പോൾ ഇല്ല.
ഇസ്രയേൽ അമേരിക്കയെ യുദ്ധത്തിലേക്കു വലിച്ചിഴച്ചു എന്ന ആരോപണം നെതന്യാഹു നിഷേധിച്ചു. “എന്തു ചെയ്യണമെന്ന് പ്രസിഡന്റ ട്രംപിനോട് ആർക്കെങ്കിലും പറയാൻ കഴിയുമോ” എന്ന് നെതന്യാഹു ചോദിച്ചു.
ഇറാനിലെ പ്രകൃതിവാതകപ്പാടത്ത് ആക്രമണം നടത്തിയത് ഇസ്രയേൽ ഒറ്റയ്ക്കാണ്. ഇനി ഇത്തരം ആക്രമണം നടത്തരുതെന്ന് പ്രസിഡന്റ ട്രംപ് നിർദേശിച്ചിട്ടുണ്ട്. ഇസ്രയേൽ ഇനി അത്തരം ആക്രമണം നടത്തില്ല.
ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കം വിജയിക്കില്ല. സുപ്രധാന സമുദ്രപാത അടയ്ക്കുന്നതിലൂടെ ലോകത്തെ ബ്ലാക്മെയിൽ ചെയ്യാനാണ് ഇറാൻ ശ്രമിക്കുന്നത്. അത് വിജയിക്കില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.
Tags : Iran collapsing Netanyahu war end soon