മനാമ: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ ബഹ്റൈനിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ തുടരുന്ന സംഘർഷങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ആക്രമണം. ബഹ്റൈന് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണ ശാല ലക്ഷ്യമാക്കി ഇറാൻ ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ.
ബഹ്റൈനിലെ പ്രധാനപ്പെട്ട എണ്ണശുദ്ധീകരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മിസൈൽ പതിച്ചതിനെ തുടർന്ന് ശുദ്ധീകരണ ശാലയിൽ വൻ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ പൂർണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും മിസൈൽ ആക്രമണത്തെത്തുടർന്ന് എണ്ണ ഉത്പാദനത്തെ ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഇറാനിയൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ദേന' അമേരിക്കൻ ആക്രമണത്തിൽ തകർന്നതിന് പിന്നാലെ മേഖലയിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കം. ആക്രമണത്തെത്തുടർന്ന് ബഹ്റൈനിലും അയൽരാജ്യങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി.
Tags : Bahrain Oil Refinery