ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനത്തുണ്ടായ കത്തിയാക്രമണത്തിൽ രണ്ട് യഹൂദവംശജർക്കു പരിക്ക്. ലണ്ടൻ നഗരത്തിന്റെ വടക്കൻ പ്രാന്തത്തിൽ യഹൂദർ പാർക്കുന്ന ഗോൾഡേഴ്സ് ഗ്രീൻ എന്ന സ്ഥലത്തായിരുന്നു സംഭവം.
70നും 30നും അടത്തു പ്രായമുള്ള രണ്ടു ബ്രിട്ടീഷ് യഹൂദർക്കാണു പരിക്കേറ്റത്. മേഖലയിൽ പ്രാദേശിക പട്രോളിംഗ് നടത്തുന്ന യഹൂദസംഘം അക്രമിയെ പിടികൂടി. സ്ഥലത്തെത്തിയ പോലീസിനെ കുത്താനും ഇയാൾ ശ്രമിച്ചു. തുടർന്ന് പോലീസ് ഇലക്ട്രിക് ഷോക്ക് ഏൽപ്പിച്ചാണ് ഇയാളെ കീഴടക്കിയത്.
45 വയസുള്ള അക്രമി ഏതു രാജ്യക്കാരനാണെന്നും ഇയാളുടെ പശ്ചാത്തലം എന്താണെന്നും അന്വേഷിച്ചിവരുന്നതായി പോലീസ് അറിയിച്ചു. ഗാസ യുദ്ധത്തിനു പിന്നാലെ ലോകത്തിന്റെ പലഭാഗങ്ങളിൽ അരങ്ങേറുന്ന യഹൂദവിരുദ്ധതയുടെ തുടർച്ചയാണ് ലണ്ടനിലുണ്ടായത്.
ലണ്ടനിലെ യഹൂദ മേഖലകളിൽ നേരത്തേയും ആക്രമണങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെയുണ്ടായ യഹൂദവിരുദ്ധ സംഭവത്തെ അപലപിച്ചു.
Tags : Jews attacked London golders green