വാഷിംഗ്ടൺ ഡിസി: ലോകമെമ്പാടും ക്രൈസ്തവവിശ്വാസികൾ നേരിടുന്ന അതിക്രമങ്ങളും വിവേചനങ്ങളും മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചുവരുന്നതായി രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’. സംഘടനയുടെ ഏറ്റവും പുതിയ ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡക്സ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യ, നൈജീരിയ, നിക്കരാഗ്വ, സിറിയ തുടങ്ങി 20 രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും ഗുരുതരമായ സാഹചര്യവും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു.
മതദേശീയത, സ്വേച്ഛാധിപത്യ പ്രവണതകൾ, തീവ്രവാദം, മതസംഘടനകൾക്കുമേലുള്ള കടുത്ത ഭരണകൂട നിയന്ത്രണങ്ങൾ എന്നിവയാണ് ഈ ആഗോള പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതെന്ന് ‘ഫേസസ് ഓഫ് ദ പെർസിക്യൂട്ടഡ്’ എന്നു പേരിട്ടിരിക്കുന്ന ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള 38.8 കോടിയിലധികം ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ ഉയർന്ന തോതിലുള്ള പീഡനത്തിനും വിവേചനത്തിനും വിധേയരാകുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴു ക്രൈസ്തവ വിശ്വാസികളിൽ ഒരാൾ എന്നതിനു തുല്യമാണ് ഈ കണക്ക്.
ഭരണാധികാരികളുടെ പങ്ക്
ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്ന രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങൾക്കുനേരേയും റിപ്പോർട്ട് വിരൽ ചൂണ്ടുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറ എന്നിവരുടെ ഭരണകാലയളവിലെ സാഹചര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഇന്ത്യയിൽ ക്രൈസ്തവർക്കുനേരേ വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും അക്രമസംഭവങ്ങളിലും റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തുന്നു. മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര സന്നദ്ധ സംഘടനകൾക്കും അതിക്രമങ്ങൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾക്കും അടിയന്തരമായി സുരക്ഷ ഉറപ്പാക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
പീഡനങ്ങളും കൂട്ടക്കൊലകളും പതിവാകുന്ന നൈജീരിയയിൽ അക്രമങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും മതസ്വാതന്ത്ര്യത്തിന് തടസമാകുന്ന നിയമങ്ങൾ റദ്ദാക്കാൻ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണമെന്നും ഐസിസി ആവശ്യപ്പെട്ടു.
സ്ഥിതിവിവരക്കണക്കുകൾക്ക് അപ്പുറം സ്വന്തം സുരക്ഷിതത്വത്തേക്കാളും ജീവനേക്കാളും വിശ്വാസത്തിനു വില കൽപ്പിച്ച മനുഷ്യരുടെ കഥകളാണ് റിപ്പോർട്ടിലുള്ളതെന്നും ആഗോള നയരൂപീകരണ വിദഗ്ധർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഐസിസി പ്രസിഡന്റ് ഷോൺ റൈറ്റ് ആവശ്യപ്പെട്ടു.
അതേസമയം, വെല്ലുവിളികൾക്കിടയിലും ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിൽപ്പോലും സഭ വളർന്നുകൊണ്ടിരിക്കുകയാണെന്നും അടിച്ചമർത്തലുകൾക്കെതിരായ ചെറുത്തുനില്പ് ശക്തിപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്
Tags : Persecution of Christians increasing