വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായും തടയുമെന്നും ഒരു കപ്പലിനെയും ഹോർമുസ് കടലിടുക്ക് കടത്തിവിടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നാവികസേന ഉടൻ നാവിക ഉപരോധത്തിനുള്ള തയാറെടുപ്പ് നടത്തുമെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറാനുമായുള്ള ചർച്ചയിൽ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായെങ്കിലുംഏറ്റവും പ്രധാനപ്പെട്ട ‘ആണവ' വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയാറായില്ല. ഇതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ട്രംപ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും അവിടെനിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി ഉയർത്തുന്നുവെന്നും ഇത് ലോകത്തെ ബന്ദിയാക്കുന്ന പിടിച്ചുപറിയാണെന്നും ട്രംപ് ആരോപിച്ചു. ഇറാന് നികുതിയോ ടോളോ നൽകി അന്താരാഷ്ട്ര പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയും തടയാൻ നാവികസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
സമാധാനപരമായി നീങ്ങുന്ന കപ്പലുകൾക്കോ യുഎസ് സേനയ്ക്കോ നേരെ ഇറാൻ വെടിയുതിർത്താൽ കടുത്ത തിരിച്ചടി നൽകുമെന്നും ട്രംപ് ഭീഷണി മുഴക്കി. ആണവായുധ മോഹം ഉപേക്ഷിക്കാതെ ഇറാനെ ഇനി ലാഭം കൊയ്യാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് അമേരിക്ക. ഈ നാവിക ഉപരോധം ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags : Ship traffic Hormuz Donald Trump