റോം: രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം മരണവാർഷികത്തോടനുബന്ധിച്ച് വിശുദ്ധന്റെ ഭൗതികാവശിഷ്ടം ഇന്ന് പരസ്യവണക്കത്തിനായി തുറന്നുകൊടുക്കും.
പ്രാദേശികസമയം ഇന്നു വൈകുന്നേരം നാലിന് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം അസീസിയിലെ പേപ്പൽ ബസിലിക്കകളുടെ പൊന്തിഫിക്കൽ പ്രതിനിധി കർദിനാൾ ആംഗെൽ ഫെർണാണ്ടസ് ആർത്തിമേയുടെ മുഖ്യകാർമികത്വത്തിൽ താഴത്തെ ബസിലിക്കയിലേക്ക് ആഘോഷമായി സംവഹിക്കപ്പെടും.
തുടർന്ന് ബസിലിക്കയുടെ മുകളിലെ പള്ളിയിൽ കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടക്കും. മാർച്ച് 22 വരെയാണ് ഭൗതികാവശിഷ്ടങ്ങൾ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുക.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ ‘വിശുദ്ധ ഫ്രാൻസിസ് വർഷം’ പ്രഖ്യാപിച്ചിരുന്നു. 2027 ജനുവരി പത്തുവരെ നീണ്ടുനിൽക്കുന്ന വർഷാചരണ കാലയളവിൽ വിശ്വാസികൾക്ക് പൂർണദണ്ഡ വിമോചനം നേടാനുള്ള അവസരമുണ്ട്.
ഫ്രാന്‍സിസ്കന്‍ പള്ളിയിലോ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമത്തിലുള്ള തീർഥാടന കേന്ദ്രങ്ങളിലോ സന്ദർശനം നടത്തി കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ച് മാർപാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർഥിക്കുന്നവർക്കാണ് ദണ്ഡവിമോചനം ലഭിക്കുക.
Tags : Francis Assisi Saint Francis Assisi relics consecrated public veneration