വാഷിംഗ്ടൺ ഡിസി: ശത്രുവിന്റെ വെടിയേറ്റ് അമേരിക്കൻ പോർവിമാനങ്ങൾ തകർന്നുവീഴുന്നത് രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യം. ലോകത്തിലെ ഏറ്റവും മുന്തിയ യുദ്ധവിമാനങ്ങളിലൊന്നായ എഫ്-15 സ്ട്രൈക്ക് ഈഗിൾ ആണ് ദുഃഖവെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ഇറാനിൽ വെടിയേറ്റു വീണത്.
എ-10 തണ്ടർ ബോൾട്ട് രണ്ട് (എ-10 വാർത്തോഗ്) എന്ന മറ്റൊരു വിമാനം കുവൈത്തിനു സമീപം പേർഷ്യൻ ഗൾഫിലും വെടിയേറ്റു വീണു. ഇതിനു പുറമേ എഫ്-15ലെ സൈനികനെ തെരഞ്ഞുപോയ രണ്ടു ഹെലികോപ്റ്ററുകളും ആക്രമിക്കപ്പെട്ടു.
ഇറാന്റെ സൈനികശേഷികളെല്ലാം നശിപ്പിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് കൂടെക്കൂടെ ആവർത്തിക്കുന്നതിനിടെയുണ്ടായ ഈ സംഭവങ്ങൾ ഞെട്ടിക്കുന്നതായി. ഇതിനുമുന്പ് 2003ൽ ഇറാക്ക് യുദ്ധത്തിനിടെയാണ് അമേരിക്ക ഇത്തരമൊരു പ്രതിസന്ധി നേരിട്ടിട്ടുള്ളത്.
പരുക്കൻ മലനിരകൾ നിറഞ്ഞ കൊഗിലുയേ ആൻഡ് ബോയർ അഹമ്മദ് പ്രവിശ്യയിലാണ് എഫ്-15 തകർന്നുവീണത്. പൈലറ്റും ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന വെപ്പൺ ഓഫീസറുമാണ് ഈ വിമാനം പറത്തുന്നത്. രണ്ടു പേരും പാരച്യൂട്ട് വഴി പുറത്തു ചാടി.
മേഖലയിൽ തെരച്ചിലിനിറങ്ങിയ അമേരിക്കൻ സൈനികർക്ക് ഇതിലൊരാളെ കണ്ടെത്തി രക്ഷപ്പെടുത്താനായി. രണ്ടാമന്റെ കാര്യത്തിൽ വ്യക്തതയില്ല. ഈ സൈനികനെ പിടിച്ചുകൊടുക്കുന്നവർക്ക് ഇറേനിയൻ ഭരണകൂടം വലിയ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പേർഷ്യൻ ഗൾഫിൽ തകർന്ന എ-10 വാർത്തോഗ് വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ഇറേനിയൻ സേനയുടെ ആക്രമണം നേരിട്ട രണ്ടു ഹെലികോപ്റ്ററുകൾക്കും ഇറാന്റെ ആകാശത്തുനിന്ന് പുറത്തു കടക്കാനായി.
ഇൻഫ്രാറെഡ് മിസൈലുകൾ
അമേരിക്കയുടെയും ഇസ്രയേലിന്റെയും അഞ്ചാഴ്ചയായുള്ള വ്യോമാക്രമണങ്ങളിൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നശിച്ചതായാണ് അനുമാനം.
ശത്രുവിമാനങ്ങളെ കണ്ടെത്തുന്ന റഡാറുകൾ അവർക്കിപ്പോഴില്ല. ഈ സാഹചര്യത്തിൽ ഇൻഫ്രാറെഡ് സെൻസർ മിസൈലുകൾ പ്രയോഗിച്ചായിരിക്കാം അമേരിക്കൻ വിമാനങ്ങളെ വീഴ്ത്തിയതെന്ന് അനുമാനിക്കുന്നു.
റഡാറുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന മിസൈലുകളാണിത്. ശത്രുവിമാനത്തിലെ എൻജിന്റെ ചൂട് പിടിച്ചെടുത്താണ് ഇവ ലക്ഷ്യത്തിലേക്കു കുതിക്കുന്നത്.
ഇറാൻ തദ്ദേശീയമായി വികസിപ്പിച്ച മജീദ് സർഫസ് ടു എയർ മിസൈൽ സംവിധാനമായിരിക്കും ഉപയോഗിച്ചിരിക്കുക. അതേസമയം, അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും അതിവേഗവുമുള്ള എഫ്-15നെയും എ-10നെയും ഇൻഫ്രാറെഡ് മിസൈലുകൾ ഉപയോഗിച്ച് വീഴ്ത്താനായത് ആശ്ചര്യകരമായി വിലയിരുത്തപ്പെടുന്നു.
Tags : fighter jet shot down two decades US fighter jet