ഡമാസ്കസ്: യുഎസ് സേന തെക്കൻ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം സിറിയൻ സർക്കാരിന്റെ പിന്തുണയോടെയെന്ന് റിപ്പോർട്ടുകൾ. ജോർദാനും ആക്രമണത്തിൽ പങ്കുചേർന്നതായും റിപ്പോർട്ട്.
ഐഎസിന്റെ 70 കേന്ദ്രങ്ങളിൽ നടത്തിയ വ്യോമ - കരയാക്രമണങ്ങളിൽ ഒട്ടേറെ ശത്രുക്കളെ വധിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അറിയിച്ചു. ഐഎസിനെതിരായ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച പൽമീറയിൽ ഐഎസ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സഹായിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയിരുന്നു നടപടി.
സിറിയയിൽ 13 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം കഴിഞ്ഞ വർഷമാണ് ബഷാർ അൽ അസദ് സർക്കാരിനെ അട്ടിമറിച്ച് അഹമ്മദ് അശറായുടെ നേതൃത്വത്തിൽ പുതിയ ഭരണനേതൃത്വമുണ്ടായത്. ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസുമായി സഹകരിക്കുന്ന അശറാ കഴിഞ്ഞ മാസം വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.