കണ്ണൂർ: കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. കരിവെള്ളൂർ തെരു റോഡിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധി മന്ദിരത്തിനു നേരെയാണ് അക്രമം നടന്നത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഓഫീസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന സംഘം ഓഫീസിൽ സൂക്ഷിച്ചിരുന്ന ബോർഡുകൾ തീയിട്ടു നശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം പ്രവർത്തകർ കണ്ടത്. തുടർന്ന് നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച ഓഫീസിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശാ പഠന ക്യാമ്പ് നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് മണ്ഡലം പ്രസിഡണ്ട് ഷീബാ മുരളി പയ്യന്നൂർ പോലീസിൽ പരാതി നൽകി.