തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ നടത്തിയ ഭജനയ്ക്കുള്ള എട്ടു ലക്ഷത്തോളം രൂപ കൈമാറിയതായി ഹൈക്കോടതിയെ അറിയിച്ച റിപ്പോർട്ടിലും ക്രമക്കേട്. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ നന്ദഗോവിന്ദം ഭജൻസിനു തുക കൈമാറിയതായായിരുന്നു വ്യക്തമാക്കിയിരുന്നത്.
എന്നാൽ, ഇഷാൻ ദേവിന്റെ നേതൃത്വത്തിലുള്ള സംഗീതാവിഷ്കാരമാണ് ആഗോള അയ്യപ്പസംഗമത്തിൽ നടന്നതെന്നും ഇദ്ദേഹത്തിനാണു തുക കൈമാറിയതെന്നുമാണു സംഭവം വിവാദമായതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പറയുന്നത്.
സർക്കാരിന്റെ എല്ലാ നിർമാണജോലികളും ടെൻഡറില്ലാതെ ഏറ്റെടുക്കുന്ന ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഇവന്റ് മാനേജ്മെന്റ് കന്പനിയാണ് ആഗോള അയ്യപ്പസംഗമത്തിനു ചുക്കാൻ പിടിച്ചത്.
ആദ്യം നന്ദഗോവിന്ദം ഭജൻസിനെ ഭജന നടത്താൻ സമീപിച്ചെങ്കിലും ആ ദിവസം മറ്റു പരിപാടിയുണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് സംഗീതജ്ഞനായ ഇഷാൻ ദേവിനെ ഇവന്റ് മാനേജ്മെന്റ് കന്പനി സമീപിച്ചു. 35 പേർ പങ്കെടുത്ത സംഗീതാവിഷ്കാരമാണു സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണു പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ചു ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തിയാണ് എട്ടു ലക്ഷം രൂപ വാങ്ങിയതെന്നാണു വിശദീകരണം.
നന്ദഗോവിന്ദം ഭജൻസ് സംഘത്തിനു തുക നൽകിയതായി ബോർഡിന്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണെന്നും വിവാദമായതിനു പിന്നാലെ വിശദീകരിക്കുന്നു. തുക നൽകിയതിനു വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കണം. തുക പോയത് ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണെന്നാണു പറയുന്നത്.
ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അശ്രദ്ധമായുണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നാണു ദേവസ്വം ബോർഡ് വിശദീകരണം.
ആഗോള അയ്യപ്പസംഗമത്തിന്റെ സ്പോണ്സർഷിപ്പ് തുകയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയമസഭയിൽ അടക്കം ആദ്യം ദേവസ്വം വകുപ്പ് മറുപടി നൽകിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനങ്ങളിൽ അടക്കം ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നെങ്കിലും മറുപടി ലഭിച്ചില്ല.
അഞ്ചു കോടി രൂപ ആഗോള അയ്യപ്പസംഗമത്തിനായി ധനലക്ഷ്മി ബാങ്കിൽ ആരംഭിച്ച പ്രത്യേക സേവിംഗ്സ് അക്കൗണ്ടിലേക്കു ബോർഡ് നിക്ഷേപിച്ചിരുന്നു. ഇതിൽനിന്നായിരുന്നു ചെലവുകൾ.
Tags : Bhajans Ayyappa Sangamam Global Nanda Govindam Bhajans