തിരുവനന്തപുരം: സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും എന്തും പറയാമെന്ന സിപിഎമ്മിന്റെ ധാർഷ്ട്യത്തെ വെറുതെവിടാൻ ബിജെപി ഒരുക്കമല്ല.
ഇരുപത്തിനാല് മണിക്കൂറിനകം സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായ സുരേഷ്കുമാർ പ്രസ്താവന പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ ബിജെപി ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയിൽ ജില്ല പഞ്ചായത്ത് മുൻ അധ്യക്ഷനും സിപിഎം നേതാവുമായ സുരേഷ്കുമാർ വൈക്കത്തെ മുൻ എംഎൽഎ കെ. അജിത്ത്, ദേവികുളത്തെ എസ്. രാജേന്ദ്രൻ, നാട്ടികയിലെ സി.സി. മുകുന്ദൻ എന്നിവർ എൽഡിഎ ഫ് വിട്ട് ബിജെപിലേക്ക് വന്നതിനെക്കുറിച്ച് പറഞ്ഞത് അട്ടയെപിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്ന അധിക്ഷേപമാണ്.
സിപിഎം നേതാക്കൾ പൊതുവേദികളിൽ ചാനൽ ചർച്ചകളിൽ നടത്തി കേരളത്തിലെ പട്ടികജാതി പട്ടിക വർഗ പിന്നാക്ക ദളിത് വിഭാഗങ്ങളെ അധിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചില സിപിഎം നേതാക്കൾ ബിജെപിയിലേക്കു വരുന്ന നേതാക്കൾക്കെതിരെ വളരെ അപഹാസ്യമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും രാജീവ് പറഞ്ഞു.
Tags : Caste discrimination Rajiv Chandrasekhar legislation BJP President