x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ഡല പുനർനിർണയം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി


Published: April 16, 2026 01:54 AM IST | Updated: April 16, 2026 01:54 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ മണ്ഡല പുനർനിർണയനീക്കത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മുന്നോട്ടുവയ്ക്കുന്ന അതിലെ നിർദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തിൽ എത്താതെയാണ് ഇത്തരം നിർണായക വിഷയത്തിൽ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്.

ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീർഘകാലത്തേക്ക് ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്. ഇതിന്‍റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങൾക്കാണ്. ജനസംഖ്യ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്.

കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ഒരു ന്യായമായ ഫെഡറൽ ക്രമമല്ല. ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാൽ നേട്ടം എന്ന സന്ദേശം രാജ്യത്തിന്‍റെ ജനാധിപത്യത്തിന്‍റെ ദിശയായി മാറുന്നത് അപകടകരമാണ്.

സ്വാതന്ത്ര്യാനന്തരം കേന്ദ്ര സർക്കാരുകൾ തന്നെ പ്രോത്സാഹിപ്പിച്ച കുടുംബാസൂത്രണ നയങ്ങൾ അനുസരിച്ച് ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്‍റിൽ ആനുപാതിക പ്രാതിനിധ്യം കുറയുകയും അതേസമയം നിയന്ത്രണത്തിൽ വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്.

സ്ത്രീ സംവരണം പോലുള്ള സാമൂഹിക നീതിയുടെ വിഷയങ്ങളെ ഇതിനു മറയായി ഉപയോഗിക്കുന്നത് സ്വാർത്ഥ രാഷ്ട്രീയ ലാഭത്തിനായാണ്. സ്ത്രീകൾക്ക് രാഷ്ട്രീയ പ്രതിനിധാനം ഉറപ്പാക്കേണ്ടത് അനിവാര്യമായ കാര്യമാണ്. എന്നാൽ അതിന്‍റെ മറയിൽ സംസ്ഥാനങ്ങളുടെ തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല.

ജനാധിപത്യം സംഖ്യകളുടെ ഭൂരിപക്ഷം എന്ന സാങ്കേതികത്വം മാത്രമല്ല. അത് നീതിയുടെയും സമതുലിത പ്രതിനിധാനത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിലനിൽക്കേണ്ടത്. ഫെഡറൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ ബഹുമാനവും യുക്തിസഹമായ പ്രാതിനിധ്യവും ഉറപ്പാക്കപ്പെടണം.

ഇല്ലെങ്കിൽ മണ്ഡലപുനർനിർണയ ബിൽ രാഷ്ട്രീയ ആധിപത്യം നിയമവിധേയമാക്കാനുള്ള കുറുക്ക് വഴിയായിട്ടായിരിക്കും വിലയിരുത്തപ്പെടുക. കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags : CM federal system constituency pinarayi vijayan

Recent News

Corehub Up