ദീപിക ദിനപത്രവും ദീപിക ബാലസഖ്യവും ചേർന്നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2026 ഓഗസ്റ്റ് 07-നു സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന ചിത്രരചനാമത്സരമായ കളർ ഇന്ത്യയുടെ ഒരുക്കങ്ങൾ പൂർത്തിയാവുകയാണ്. പങ്കാളിത്തത്തിന്റെ ധാരാളിത്തം ഇത്തവണത്തെ കളർ ഇന്ത്യ ചിത്രരചനാമത്സരത്തെ ഇന്നോളം നടന്നതിലെ ഏറ്റവും വലിയ മത്സരമാക്കി മാറ്റും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. പങ്കെടുക്കുന്ന എല്ലാ കൂട്ടുകാർക്കും സഹകരിക്കുന്ന എല്ലാ അധ്യാപകർക്കും സഹപ്രവർ ത്തകർക്കും ഡിസിഎൽ കുടുംബത്തിന്റെ ആശംസകളും ഭാവുകങ്ങളും.
ഉദാത്തമായ ലക്ഷ്യം
ആയിരക്കണക്കിനു സ്കൂളുകളിൽ പ്രഥമാധ്യാപകരുടെയും നൂറുകണക്കിന് അധ്യാപകരുടെയും ഡിസിഎല്ലിന്റെയും ദീപികയുടെയും സഹപ്രവർത്തകരുടെയും ഏതാനും മാസങ്ങളിലെ സുഘടിതമായ പരിശ്രമമാണ് ഇവിടെ പൂവണിയുന്നത്.
പതിന്നാലു ലക്ഷത്തോളം വിദ്യാർഥികളിലും അവരുടെ കുടുംബങ്ങളിലും ഇന്ത്യയുടെ നിറം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും നിറക്കൂട്ടാണ് എന്ന സന്ദേശം കളർ ഇന്ത്യയിലൂടെ ഡിസിഎൽ നല്കുകയാണ്.
"കളർ ഇന്ത്യ'യുടെ പ്രസക്തി
മതേതര ഇന്ത്യയുടെ മുഖം രാഷ്ട്രീയവൈരത്തിന്റെയും മതസ്പർധയുടെയും വൈരൂപ്യംകൊണ്ടു വരയ്ക്കുവാൻ തത്രപ്പെടുന്ന വർത്തമാനകാലത്തിൽ ഇന്നിന്റെ ഭാരതമക്കൾ ദേശസ്നേഹത്തിന്റെ സൗഹാർദസന്ദേശംകൊണ്ട്, അക്രമത്തിന്റെയും വർഗവൈരത്തിന്റെയും വംശീയ വിദ്വേഷത്തിന്റെയും കറകൾ കഴുകിക്കളയുവാൻ കൈകോർക്കുന്നു എന്നതാണ് കളർ ഇന്ത്യയുടെ പ്രസക്തി.
ഈ സ്വപ്നപദ്ധതിയോടു സഹകരിക്കുന്ന എല്ലാ വിദ്യാലയങ്ങളും കളർ ഇന്ത്യയിലൂടെ ദീപിക ബാലസഖ്യത്തിന്റെ വിശ്വമാനവിക ദർശനമായ "നാം ഒരു കുടുംബം' എന്ന സന്ദേശം വിദ്യാർഥികളുടെ മനസിൽ ശിലാലിഖിതമാക്കുകയാണ്. ആയിരക്കണക്കിനുസ്കൂൾ മാനേജുമെന്റുകൾ അവരുടെ ക്ലാസ്മുറികളിലൂടെ, ഇന്ന് ഇന്ത്യക്കുവേണ്ടത് ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഖമാണ് എന്ന് ലക്ഷക്കണക്കിനു വിദ്യാർഥികളോട് ആഹ്വാനം ചെയ്യുകയാണ്.
ഒരേയൊരിന്ത്യ, ഒരൊറ്റ ജനത
74 വർഷങ്ങളായി ദീപിക ബാലസഖ്യത്തിലൂടെ ഈ മുദ്രാവാക്യം ഏറ്റുപാടി വളർന്ന വിദ്യാർഥി ലക്ഷങ്ങൾ ഇന്ന് ലോകം മുഴുവനും ഭാരതഭൂമിയുടെ അഭിമാനമായി വിരാജിക്കുന്നുണ്ട്. ഇന്ത്യയുടെ ഐക്യം എന്നത് വിദ്യാർഥികളുടെ ഐക്യമാണ് എന്ന് ഡിസിഎൽ വിദ്യാർഥികളെ ഉദ്ബോധിപ്പിക്കുകയാണ്. ജാതി-മത-വർഗ-വർണ-ദേശ-രാഷ്ട്രീയ ഭേദമില്ലാതെ ഭാരതത്തിലെ എല്ലാ വിദ്യാർഥികളും ഭാരതം എന്റെ രാജ്യമാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരങ്ങളാണ് എന്ന് നെഞ്ചിൽ തൊട്ട് പ്രതിജ്ഞയെടുക്കുന്ന പ്രത്യാശയുടെ പുലരിയിലേക്കാണ് 140 വർഷമായി രാഷ്ട്രനിർമിതിയിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന ദീപിക ദിനപത്രവും ദീപിക ബാലസഖ്യവും വിദ്യാർഥികളെ നയിക്കുന്നത്; "കളർ ഇന്ത്യ'യിലൂടെ!!
മത്സരംവേണ്ട, ഉത്സവം മതി...
ഏറ്റവും പ്രിയപ്പെട്ട ഡിസിഎൽ കൂട്ടുകാരോട്... കളർ ഇന്ത്യ കൂട്ടുകാരുടെ രാഷ്ട്രസ്നേഹത്തിന്റെ ഭാവനകൾ വിടരുന്ന അസുലഭമായ അവസരമാണ്. ഇന്ത്യ എന്ന മഹത്തായ വികാരം അതിന്റെ വിശുദ്ധമായ മൂല്യങ്ങളിലാണ് അടിത്തറ പാകിയിരിക്കുന്നത്. ലോകം ആദരിക്കുന്ന മഹിതമൂല്യങ്ങളുടെ മഹാസാകേതമായ ഇന്ത്യൻ ഭരണഘടനയിൽ അധിഷ്ഠിതമായ ഒരു വർത്തമാനകാല ഭാരതം - അതാണു നമ്മുടെ സ്വപ്നം. ആ സ്വപ്നത്തിനാണ് കൂട്ടുകാർ നിറംകൊടുക്കുന്നത്. അതുകൊണ്ട്, കളർ ഇന്ത്യ എന്നത് ഒരു മത്സരം മാത്രമായി കൂട്ടുകാർ കാണരുത്. കളർ ഇന്ത്യ ഉത്സവമാണ്. ഇന്ത്യയുടെ ഇന്നോളമുള്ള മഹാദർശനങ്ങളുടെയും ആർഷപൈതൃകത്തിന്റെയും മതസൗഹാർദത്തിന്റെയും ശാസ്ത്രസാങ്കേതിക വികാസപരിണാമങ്ങളുടെയും വിജയപതാകകൾ പാറിനിൽക്കുന്ന ഉത്സവം. എല്ലാ കൂട്ടുകാരെയും ഡിസിഎൽ - ദീപിക കളർ ഇന്ത്യയിലൂടെ വർത്തമാനകാല ഭാരതത്തിനു വർണം ചാർത്താൻ ഹൃദയപൂർവം ക്ഷണിക്കുന്നു.
സ്നേഹപൂർവം, സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ മൂലമറ്റം മേഖല: അമല്യയും റാൽഫും കൗൺസിലർമാർ
മൂലമറ്റം : ഡിസിഎൽ മൂലമറ്റം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അറക്കുളം സെന്റ് തോമസ് യുപി സ്കൂളിൽ നടത്തി. അമല്യ എം. അലക്സ് (സെന്റ് ജോൺസ് കുറുമണ്ണ് ), റാൽഫ് കെ. സന്തോഷ് (ഷന്താൾ ജ്യോതി മുട്ടം ) എന്നിവരെ കൗൺസിലർമാരായി തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ : അൽവീന ഷാജി - ലീഡർ (ഷന്താൾ ജ്യോതി മുട്ടം) , ഡേവിഡ് ജോ - ഡെപ്യൂട്ടി ലീഡർ (സെന്റ് ജോർജ് മൂലമറ്റം ) , മുഹമ്മദ് നിഹാൽ എം.കെ - ജനറൽ സെക്രട്ടറി (സെൻ്റ് തോമസ് അറക്കുളം ) , ആൻ ട്രീസ ആൽവിൻ - ജനറൽ സെക്രട്ടറി (സെൻ്റ് ജോർജ് മൂലമറ്റം ) , നിവേദ്യ രാജ്കുമാർ - പ്രോജക്റ്റ് സെക്രട്ടറി (സെൻ്റ് മേരീസ് അറക്കുളം ) , ശിവശങ്കർ പി. എ ട്രഷറർ (ഗവ : ന്യൂ എൽ പി എസ് കുടയത്തൂർ ) എന്നിവരാണ് ഇതര ഭാരവാഹികൾ .
നേത്യ സംഗമത്തിൽ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് , കുരുവിള ജേക്കബ് , അനിത കെ വിജയൻ എന്നിവർ ക്യാസുകളെടുത്തു . ജോൺസൺ സെബാസ്റ്റ്യൻ , റെജീന സെബാസ്റ്റ്യൻ , സിസ്റ്റർ കരുണ മുട്ടത്തിൽ എസ്എബിഎസ് , ജോസ്ന ജോർജ് , അലീന ജെയിംസ് എന്നിവർ പ്രസംഗിച്ചു .
ചങ്ങനാശേരി മേഖലാ ഡയറക്ടേഴ്സ് മീറ്റ്
ചങ്ങനാശേരി ഡിസിഎൽ ചങ്ങനാശേരി മേഖലാ ഡയറക്ടേഴ്സ് മീറ്റ് ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിൽ നടന്നു. കൊച്ചേട്ടൻ ഫാ.റോയി കണ്ണഞ്ചിറ ഉദ്ഘാടനം നിർവഹിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിനറ്റ് താന്നിക്കൽ എസ്എബിഎസ് അധ്യക്ഷത വഹിച്ചു.ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ,സെൻട്രൽ കമ്മിറ്റി അംഗം ആൻസി മേരി ജോൺ, ചങ്ങനാശേ രി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം എന്നിവർ പ്രസംഗിച്ചു.ശാഖാ ഡയറക്ടർമാരായ മരിയ,ബിന്ദു, ലിറ്റി എന്നിവർ നേതൃത്വം നൽകി.
Tags : Colour India colours for secular