ഇരിട്ടി: കഴിഞ്ഞ 10 വർഷം കേരളത്തെയും ഇന്ത്യയെയും ഭരിച്ചത് അഴിമതിയും ധാർഷ്ട്യവുമാണെന്നു പ്രിയങ്ക ഗാന്ധി. പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് റാലിയെ ഇരിട്ടിയിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. സർക്കാരുകൾ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്നു.
വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരായ യുവജനങ്ങളുള്ള കേരളത്തിൽ അവരുടെ ക്രിയാശേഷി ഉപയോഗപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പൂർണ പരാജയമായിരുന്നു.
“കേരളത്തിൽനിന്നുള്ള എംപി എന്ന നിലയിൽ സർക്കാരുകളുടെ പ്രവർത്തനം എന്നെ അസ്വസ്ഥമാക്കുന്നു. ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സർക്കാരുകൾ തടസം നിൽക്കുന്നു.
മോദിയെ എതിർക്കുന്നതിന്റെ പേരിൽ കോൺഗ്രസ് സർക്കാരുകൾക്കെതിരേ കേന്ദ്ര അന്വേഷണ ഏജൻസികളെ വിട്ട് ബുദ്ധിമുട്ടിക്കുമ്പോൾ പിണറായി സർക്കാരിനെ നോവിക്കാത്തത് ചില ഡീലുകളുടെ ഭാഗമാണ്. അധികാരം നിലനിർത്താൻ കേന്ദ്ര ഭരണകൂടവുമായി പല വിട്ടുവീഴ്ചകൾക്കും എൽഡിഎഫ് തയാറാകുന്നു.
ട്രംപിന് മുന്നിൽ മോദി കൈകൂപ്പി നിൽക്കുന്നത് പോലെയാണു മോദിക്കു മുന്നിൽ പിണറായിയും കൈ കൂപ്പുന്നത്. യുഡിഎഫിന്റെ ഇന്ദിരാ ഗാരന്റി കേരളത്തിന്റെ പുതിയ ഭാവിയാണ്. വന്യമൃഗ ആക്രമണത്തിൽ നിലവിലുള്ള നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കും ഏഴു ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നല്കും കാർഷിക മേഖലയിൽ കൂടുതൽ സബ്സിഡി നല്കും’’ - പ്രിയങ്ക പറഞ്ഞു.
പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഇബ്രാഹിം മുണ്ടേരി, പി.കെ. ജനാർദനൻ, കെ.പി. അജ്മൽ മാസ്റ്റർ, ലിസി ജോസഫ്, ജൂബിലി ചാക്കോ എന്നിവർ പ്രസംഗിച്ചു.
Tags : Corruption greed Kerala ruled Kerala Assembly Election Niyama Sabha Election Priyanka Gandhi