തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയിൽ പാഠം ഉൾക്കൊണ്ട് സിപിഎം. സ്വയംതിരുത്തലിനായി ജനങ്ങളുടെ അഭിപ്രായം തേടാൻ പാർട്ടി തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
കനത്ത പരാജയം മുൻകൂട്ടി കാണുന്നതിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന വിമർശനം അദ്ദേഹം പരസ്യമായി സമ്മതിച്ചു. നിലവിലെ വെല്ലുവിളികൾ എന്താണെന്ന് പാർട്ടി അനുഭാവികളും പൊതുസമൂഹവും നിർദേശിക്കണം. അതിനായി 7999477168 എന്ന വാട്സ്ആപ്പ് നമ്പരും [email protected] എന്ന മെയിൽ ഐഡിയും ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വലതുപക്ഷ സ്വാധീനം കേരളത്തിലെ ചിന്താമണ്ഡലത്തെയും ബാധിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവേ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയിട്ടുണ്ട്. എന്നാൽ പരമ്പരാഗത മേഖലകളിലെ ചില പ്രശ്ങ്ങൾ പൂർണമായി പരിഹരിക്കാൻ സാധിക്കാത്തത് ജനങ്ങളിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
താഴെത്തട്ടിൽ നടത്തിയ പരിശോധനകളിൽ ഈ അസംതൃപ്തി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നും മൂന്നിടത്ത് ബിജെപി ജയിച്ചത് ഗൗരവമേറിയ വിഷയമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Tags : M.V. Govindan Election Defeat cpm State Committee