തിരുവനന്തപുരം: നിർമാണ തൊഴിലാളിയെ വർക്കല എസ്ഐ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
തുക സർക്കാർ നൽകിയ ശേഷം എതിർ കക്ഷിയായ എസ്ഐ പി.ആർ. രാഹുലിൽനിന്നു സർക്കാരിനു നിയമാനുസൃതം തിരിച്ചു പിടിക്കാമെന്ന് ഉത്തരവിൽ പറയുന്നു. രണ്ടു മാസത്തിനകം തുക നൽകിയില്ലെങ്കിൽ എട്ടു ശതമാനം പലിശ നൽകണം. ഉത്തരവ് നടപ്പാക്കി രണ്ടു മാസത്തിനകം ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷനിൽ റിപ്പോർട്ട് നൽകണം. മർദനമേറ്റ കൊല്ലം ചാത്തന്നൂർ സ്വദേശി സുരേഷിനാണ് തുക നൽകേണ്ടത്.
2022 ഓഗസ്റ്റ് 30ന് പാലച്ചിറ സൗപർണികയിൽ സുരേഷിന്റെ വീട്ടിൽ മതിൽ നിർമാണ ജോലി ചെയ്തു കൊണ്ടിരിക്കേയാണ് തനിക്ക് മർദനമേറ്റതെന്ന് ചാത്തന്നൂർ കോയിപ്പാട് സുരേഷ് നൽകിയ പരാതിയിൽ പറയുന്നു. മർദനമേറ്റതിനെ തുടർന്ന് അടിവയറ്റിൽ വേദനയും മൂത്രതടസവുമുണ്ടായി. കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സ തേടിയത്.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം, കൊല്ലം ജില്ലാ പോലീസ് മേധാവി എന്നിവർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം പരാതിക്കാരന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. വർക്കല എസ്ഐ ജയരാജ്, ജീപ്പ് ഡ്രൈവർ എസ്. ജെസീൻ എന്നിവർക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാനായില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്ടെത്തിലിനോട് യോജിച്ച കമ്മീഷൻ ഇവരെ ഒഴിവാക്കി.
ബലപ്രയോഗത്തിലുടെ പരാതിക്കാരനെ ജീപ്പിൽ കയറ്റിയപ്പോഴുണ്ടായ മുറിവുകളാണ് വൂണ്ട് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതെന്ന എസ്ഐയുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. അങ്ങനെ സംഭവിച്ചെങ്കിൽ വർക്കല സ്റ്റേഷനിലെത്തിക്കുന്നതിന് മുന്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു.
സ്റ്റേഷനിലെ ജനറൽ ഡയറിയിൽ മർദനമേറ്റയാളുടെ പേരുപോലും രേഖപ്പെടുത്തിയിട്ടില്ല. കരമണ്ണ് ഖനനം ചെയ്തതു കൊണ്ടാണ് സുരേഷിനെ അറസ്റ്റ് ചെയ്തതതെന്നാണ് എസ്ഐയുടെ വാദമെങ്കിലും വാഹനം പിടിച്ചെടുത്തിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം മാത്രമാണ് മർദനമേറ്റയാളുടെ പേരിൽ ചുമത്തിയിട്ടുള്ളതെന്ന് ഉത്തരവിൽ പറഞ്ഞു.
സംഭവത്തിൽ എസ്ഐക്കെതിരേ അന്വേഷണം നടക്കുകയാണെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കമ്മീഷൻ പരിഗണിച്ചു. സുരഷിന് ദേഹോപദ്രവം ഏറ്റതായി ഐജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലും കമ്മീഷൻ എടുത്തു പറഞ്ഞു.
Tags : Human Rights Commission Custodial torture Varkala SI Justice Alexander Thomas