ഇരിങ്ങാലക്കുട: ഡിജിറ്റൽ അറസ്റ്റെന്ന സാന്പത്തികത്തട്ടിപ്പിന്റെ മുനന്പിൽനിന്ന് രക്ഷപ്പെട്ട വയോധികന്റെ 11,37,788 രൂപ ഭദ്രം. പറപ്പൂക്കര സിഎസ്ബി ബാങ്ക് മാനേജരായ ആൻ മരിയ ജോസിന്റെ സമയോചിതമായ ഇടപെടൽമൂലമാണ് മുത്രത്തിക്കര സ്വദേശിയായ എണ്പത്തഞ്ചുകാരൻ വലിയ തുക നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് തന്റെ അക്കൗണ്ടിലുള്ള 11,37,788 രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയയ്ക്കണമെന്നാവശ്യപ്പെട്ട് വയോധികൻ ബാങ്കിലെത്തിയത്. ഫിക്സഡ് ഡെപ്പോസിറ്റ് പിൻവലിച്ചാൽ 35,000 രൂപയോളം നഷ്ടം വരുമെന്നു ബാങ്ക് ജീവനക്കാർ അറിയിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ പണം എത്രയും പെട്ടെന്ന് അയയ്ക്കണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു.
വയോധികന്റെ പെരുമാറ്റത്തിൽ സംശയംതോന്നിയ മാനേജർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് കേസിൽനിന്നു രക്ഷപ്പെടുന്നതിനാണ് പണം അയയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത്. ഈ വിവരം ബാങ്ക് മാനേജരുമായി പങ്കുവച്ചാൽ അവർ സുപ്രീം കോടതിയെ അറിയിക്കുമെന്നും സുപ്രീംകോടതിയിൽനിന്ന് അറസ്റ്റ് ഉണ്ടാകുമെന്നും വയോധികനെ വിശ്വസിപ്പിച്ചിരുന്നു. തുടർന്നു മാനേജർ വിശദമായി സംസാരിച്ചപ്പോൾ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നു.
ഒരാഴ്ചയോളമായി രണ്ട് ഫോണ് നന്പറുകളിൽനിന്ന് മാറിമാറി വീഡിയോ കോളുകൾ വന്നിരുന്നു. അറസ്റ്റിൽനിന്നു രക്ഷിക്കാനായി ബാങ്ക് അക്കൗണ്ടിലെ പണം വേരിഫൈ ചെയ്യുന്നതിനായി അയച്ചുനൽകണമെന്നു തട്ടിപ്പുകാർ ആവശ്യപ്പെട്ടതായും വയോധികൻ വെളിപ്പെടുത്തി.
ബാങ്ക് മാനേജർ ഉടൻ തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് എത്തി അദ്ദേഹത്തെ സ്റ്റേഷനിലേക്കു കൊണ്ടുവന്നു. തുടർന്ന് എസ്എച്ച്ഒ പി.എസ്. സുജിത്ത് പരാതിക്കാരന്റെ ഫോണിൽനിന്ന് തട്ടിപ്പുകാരെ വീഡിയോ കോളിൽ വിളിച്ചെങ്കിലും അവർ വീഡിയോ ഓണ്ചെയ്യാതെ സംസാരിച്ചു. ഓണ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കോൾ കട്ട് ചെയ്യുകയുമായിരുന്നു. പിന്നീട് ഈ രണ്ട് നന്പറുകളിൽനിന്നും അദ്ദേഹത്തെ ബ്ലോക്ക് ചെയ്തു.
നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്.
Tags : Digital arrest scam bank manager CSB Bank