തൃശൂര്‍: തൃശൂർ എരുമപ്പെട്ടിയിൽ വയോധികയെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. നാട്ടുകാരും നായപിടിത്തക്കാരും സംയുക്തമായാണ് പുലർച്ചയോടെ നായയെ പിടികൂടിയത്. എരുമപ്പെട്ടി സ്വദേശി കാർത്യായിനി(84) ആണ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കിടപ്പുരോഗിയായ വയോധികയെ തെരുവ് നായ ആക്രമിച്ചത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനെയും നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
ഇരുവർക്കും ഭക്ഷണവുമായി കാർത്യായനിയുടെ ഇളയ മകൻ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ കാർത്യായനിയുടെ മൃതദേഹം കണ്ടത്. കാർത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.
വയോധികയുടെ മുഖം ഉൾപ്പെടെ നായയുടെ ആക്രമണത്തിൽ വികൃതമായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് രാത്രി വൈകിയും നായക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് അർധരാത്രിക്ക് ശേഷം നടത്തിയ തെരച്ചിലിലാണ് നായയെ പിടികൂടാനായത്.
തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന കാർത്യായനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
Tags : thrissur kerala police stray dog death