കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തി.
വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കേരളത്തിലെ പ്രമുഖ ഇഡി ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ കേസുകളിൽ ഇഡിയുടെ ലീഗൽ ടീം നൽകിയ നിയമോപദേശങ്ങളും നിലവിലെ അന്വേഷണ ഘട്ടങ്ങളും യോഗം വിശദമായി വിലയിരുത്തി. മാസപ്പടി കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതിയിൽ ഇഡി നേതൃത്വം തൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന. കേസിൽ യാതൊരുവിധ വീഴ്ചകളും ഇല്ലാത്ത രീതിയിൽ കുറ്റമറ്റ രീതിയിലുള്ള അന്വേഷണം ഉറപ്പാക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ഇഡി ഡയറക്ടർ രാഹുൽ നവിൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
കേരളത്തിൽ ഇഡി അന്വേഷണം നടത്തുന്ന മറ്റ് പ്രധാന സാമ്പത്തിക കേസുകളുടെ പുരോഗതിയും യോഗത്തിൽ ചർച്ചയായി. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി വീണ വിജയൻ ഉൾപ്പെടെയുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വരും ദിവസങ്ങളിൽ ഇഡി നോട്ടീസ് അയച്ചേക്കും.
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇഡി.