കാട്ടൂർ: അന്തർജില്ലാ മോഷണസംഘത്തിലെ കണ്ണികളായ അഞ്ചുപേർ അറസ്റ്റിൽ. ചേർത്തല പള്ളിപ്പുറം സ്വദേശികളായ നികർത്തിൽ അജയ്(18), കുന്നേൽ നികർത്തിൽ സൂര്യജിത്ത് (25) എന്നിവരെയും പ്രായപൂർത്തിയാകാത്ത മൂന്നു പേരെയുമാണ് ആലപ്പുഴയിൽനിന്നു പിടികൂടിയത്.
കാക്കാത്തുരുത്തിയിൽ എടതിരിഞ്ഞി സ്വദേശി അലകത്തിൽ അനിലൻ (58) നടത്തിവന്ന പലചരക്കുകടയിൽനിന്ന് 50,000 രൂപ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡിസംബർ അവസാന ആഴ്ച കൊരട്ടി റെയിൽവേ സ്റ്റേഷനടുത്തുള്ള ഷോപ്പിൽനിന്ന് 1,02,400 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചതും അന്നനാട് കപ്പേളയ്ക്ക് അടുത്തുനിന്ന് 70,000 രൂപ വിലവരുന്ന മോട്ടോർസൈക്കിളും കൊടുങ്ങല്ലൂർ ബൈപാസ് റോഡിനു സമീപത്തുനിന്ന് ഒന്നരലക്ഷം രൂപ വിലയുള്ള മോട്ടോർസൈക്കിളും മോഷ്ടിച്ചതും ഈ സംഘമാണെന്നു വ്യക്തമായി. കൊരട്ടി, കൊടുങ്ങല്ലൂർ, ആലപ്പുഴ നോർത്ത്, സൗത്ത്, മുഹമ്മ, ചേർത്തല പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, കാട്ടൂർ ഇൻസ്പെക്ടർ കെ.സി. ബൈജു, എസ്ഐമാരായ എസ്. സബീഷ്, വി.ജെ. തോമസ്, ജിഎഎസ്ഐമാരായ സി.ജി. ധനേഷ്, ഇ.എസ്. ജീവൻ, ജിഎസ് സിപിഒ വി. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : robbery gang arrested Five people Police