കൊച്ചി: നടിയുടെ ലൈംഗീക പരാതിക്ക് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. ഇതിനുപിന്നാലെ സിനിമാ മേഖലയിലെ സുഹൃത്തുക്കളായ സംവിധായകൻ സോഹൻ സീനുലാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എന്നിവർ സ്ഥലത്തെത്തി. വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം , ലൈംഗീക അതിക്രമം, അശ്ലീല ആംഗ്യങ്ങൾ കാണിച്ചു തുടങ്ങിയ കുറ്റങ്ങൾ ഇതിലുൾപ്പെടുന്നു.
അതിക്രമത്തെത്തുടർന്ന് മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്.
Tags : Health problem arrest director Ranjith admit hospital