കൊച്ചി: തദ്ദേശീയമായി രൂപകല്പന ചെയ്തു നിര്‍മിച്ച മൂന്നാമത്തെ സര്‍വേ യാനമായ ഐഎന്‍എസ് ഇക്ഷക് നാവികസേനയുടെ ഭാഗമായി. കൊച്ചി നാവികസേനാ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ നാവിക സേന മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി കപ്പല്‍ കമ്മീഷന് ചെയ്തു.
അത്യാധുനിക ഹൈഡ്രോഗ്രാഫിക്, സമുദ്രശാസ്ത്ര സംവിധാനങ്ങള്‍, ഹെലികോപ്റ്റര്‍ പിന്തുണ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ഐഎന്‍എസ് ഇക്ഷക് ഇരട്ടറോള്‍ ശേഷിയുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തന വൈദഗ്ധ്യം വാഗ്ദാനം ചെയ്യുന്നുവെന്ന് ദിനേഷ് കെ. ത്രിപാഠി പറഞ്ഞു.
ഈ കപ്പല്‍ സര്‍വേ കപ്പലായും മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനും അവശ്യഘട്ടങ്ങളിൽ ആശുപത്രിയായും പ്രവര്‍ത്തിപ്പിക്കാം. നാവികസേന, ഇന്ത്യന്‍ വ്യവസായങ്ങള്‍, എംഎസ്എംഇകള്‍ എന്നിവ തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന്റെ തെളിവാണു കപ്പല്‍ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ത്രിഭുവന്‍ സിംഗ് കപ്പലിന്റെ കമ്മീഷനിംഗ് വാറണ്ട് വായിച്ചു. ദേശീയഗാനത്തോടെ കപ്പലില്‍ നാവിക പതാക ഉയര്‍ത്തി. തുടര്‍ന്ന് കളര്‍ ഗാര്‍ഡ് സല്യൂട്ട് നല്കി. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി ഫലകം അനാച്ഛാദന ചെയ്തതോടെ കപ്പല്‍ നാവികസേനയുടെ ഭാഗമായി.
കമ്മീഷന് ചടങ്ങിനുശേഷം കപ്പലിന്റെ വിവിധ ഭാഗങ്ങള്‍ അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി സന്ദര്‍ശിച്ചു. വൈസ് അഡ്മിറല്‍ സമീര്‍ സക്സേന (ദക്ഷിണ നാവികസേനാ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്), നാവികസേന ഉദ്യോഗസ്ഥര്‍, കോല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് (ജിആര്‍എസ്ഇ) പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഓപ്പറേഷന് തിയറ്റര്‍ മുതൽ വെന്റിലേറ്റര്‍ വരെ
11,000 അടി ആഴത്തില്‍ വരെ കടല്‍ത്തട്ടിലുള്ള വസ്തുക്കളെയും തടസങ്ങളെയും കണ്ടെത്താനും മാപ്പ് ചെയ്യാനും കഴിയുന്ന ഹൈഡ്രോസ്വീപ്പ് മള്‍ട്ടിബീം എക്കോസൗണ്ടര്‍, ലോംഗ് റേഞ്ച് ഡിജിപിഎസ്, ഡാറ്റ അക്വിസിഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്റ്റം തുടങ്ങി ഒട്ടേറെ അത്യാധുനിക സംവിധാനങ്ങളാണു പുതിയ ഹൈഡ്രോഗ്രഫിക് കപ്പലിലുള്ളത്.
80 ശതമാനത്തിലധികം തദ്ദേശനിര്‍മിത വസ്തുക്കള്‍ കൊണ്ടാണു കപ്പലിന്റെ നിര്‍മാണം. സ്ത്രീകള്‍ക്കു പ്രത്യേക താമസസൗകര്യമുള്ള ആദ്യത്തെ സര്‍വേ യാനമാണിത്. നൂതന ശസ്ത്രക്രിയാ സംവിധാനങ്ങളോടുകൂടി ഓപ്പറേഷന് തിയറ്റര്‍, വെന്റിലേറ്റര്‍, സ്കാനിംഗ് സൗകര്യങ്ങള്‍, രക്തബാങ്ക് എന്നിവയും കപ്പലിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 40 രോഗികളെവരെ ഇതില്‍ ഉള്‍ക്കൊള്ളാനാകും. ഇക്ഷക് എന്നാല്‍ വഴി കാട്ടുന്നവന് എന്നാണ് അര്‍ഥം.
വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയുടെയും വാര്‍ഷിപ് ഓവര്‍സീയിംഗ് ടീമിന്റെയും മേല്‍നോട്ടത്തില്‍ കോല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് ലിമിറ്റഡ് (ജിആര്‍എസ്ഇ) ആണു കപ്പല്‍ നിര്‍മിച്ചത്.