ആൻസമ്മ ജോസഫ്, ജിജോ സിബി, സാൻജോ സിബി, എസ്. ഹരിശങ്കർ, അർജുൻ അനിൽ
തൃക്കാക്കര: റബർ തോട്ടങ്ങളിലെ ലാറ്റക്സ് ശേഖരണവും ഉത്പാദന നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കാൻ വികസിപ്പിച്ച റബർ ട്രീ മോണിറ്ററിംഗ് സിസ്റ്റത്തിന് പേറ്റന്റ് ലഭിച്ചു. രാമങ്കരി മൂലംകുന്നം ആൻസമ്മ ജോസഫിന്റെ പേരിലാണ് പേറ്റന്റ് രജിസ്സ്റ്റർ ചെയ്തിരിക്കുന്നത്. പുളിങ്കുന്ന് ഐടിഐ പ്രിൻസിപ്പലാണ് ആൻസമ്മ ജോസഫ്.
മാസ്റ്റർ-സ്ലേവ് വയർലെസ് ആർക്കിടെക്ചർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ തോട്ടത്തിലെ ഓരോ റബർമരത്തിൽനിന്നും ശേഖരിക്കുന്ന ലാറ്റക്സിന്റെ അളവ് കൃത്യമായി രേഖപ്പെടുത്താനും നിരീക്ഷിക്കാനും കഴിയും. ഓരോ മരത്തിനും പ്രത്യേകം രൂപകൽപന ചെയ്ത റബർ ശേഖരണ യൂണിറ്റും വിവിധ സെൻസറുകൾ വഴി ശേഖരിക്കുന്ന വിവരങ്ങൾ സംഭരിക്കുന്ന കേന്ദ്രീകൃത സെർവറുമാണ് സംവിധാനത്തിന്റെ പ്രധാന ഘടകങ്ങൾ.
ശേഖരിക്കുന്ന വിവരങ്ങൾ പിന്നീട് നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് വിശകലനം ചെയ്ത് ഉത്പാദന വർധന, പരിപാലനം തുടങ്ങിയ മേഖലകളിൽ കർഷകർക്ക് ശാസ്ത്രീയ നിർദേശങ്ങൾ നൽകാൻ ഈ സംവിധാനം സഹായകമാകും. കാർഷിക സാങ്കേതികവിദ്യയിൽ ലോകത്ത് മുൻനിരയിലുള്ള ഇസ്രയേൽ പോലുള്ള രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രിസിഷൻ ഫാമിംഗ് രീതികൾ നടപ്പാക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താനാകും.
കാർഷിക മേഖലയിലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രായോഗിക ഉപയോഗത്തിന് പുതിയ വഴിതുറക്കുന്ന ഈ സംവിധാനം തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനിയറിംഗ് കോളജിലെ നാലാംവർഷ വിദ്യാർഥികളായ ജിജോ സിബി മൂലംകുന്നം, എസ്. ഹരിശങ്കർ എന്നിവർക്കൊപ്പം സാൻജോ സിബി മൂലംകുന്നം, അർജുൻ അനിൽ, ആൻസമ്മ ജോസഫ് എന്നിവർ ചേർന്നാണ് രൂപകൽപന ചെയ്ത് വികസിപ്പിച്ചത്.
ആൻസമ്മയുടെ മക്കളാണ് ജിജോയും സാൻജോയും. സാൻജോയും സുഹൃത്തായ തിരുവനന്തപുരം കാച്ചാണി സ്വദേശി അർജുൻ അനിലും യുഎസിൽ എൻജിനിയർമാരാണ്. മലപ്പുറം തിരൂർ സ്വദേശിയാണ് ഹരിശങ്കർ.
Tags : Rubber Plantation Monitoring Patent RubberTree InnovativeTechnology