x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാസ്‌ലിയയുടെ മരണം: പ്രതിയുടെ അറസ്റ്റ് വൈകുന്നു; പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം


Published: March 4, 2026 01:49 PM IST | Updated: March 4, 2026 01:49 PM IST

കൊച്ചി: അങ്കമാലിയില്‍ ജാസ്‌ലിയ ജോണ്‍സനെ ഇടിച്ച വാഹനം കണ്ടെത്താത്തതില്‍ പ്രതിഷേധം. ജാസ്‌ലിയ പഠിച്ചിരുന്ന മോണിംഗ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ഥികളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയുമാണ് അങ്കമാലി പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചത്. അപകടം നടന്നിട്ട് അഞ്ചു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം നടക്കുന്നത്.

അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ വാഹനം. മഹീന്ദ്ര എക്സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്‍റെ മകന്‍ ഡോ. സിറിയക് ആണ്. വാഹനം ആലപ്പുഴ തുറവൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ സിറിയക്കിനെ കണ്ടെത്തിയിട്ടില്ല. അപകടം നടക്കുമ്പോള്‍ സിറിയക്കിന്‍റെ സുഹൃത്ത് വിഷ്ണുവും കാറില്‍ ഉണ്ടായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറഞ്ഞതെന്ന് ജാസ്‌ലിയയുടെ എച്ച്ഒഡിയായ മെറ്റില്‍ഡ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് ജാസ്‌ലിയയുടെ സംസ്‌കാരം. ജാസ്‌ലിയയുടെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.

വിതുമ്പലോടെയാണ് സുഹൃത്തുക്കളും അധ്യാപകരും ജാസ്‌ലിയയെ അവസാനമായി കണ്ടത്. ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും, നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് കേരളയിലേക്കും കൈമാറി.

Tags : Jaslia death Protest

Recent News

Corehub Up