തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും. നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി നൽകുക.
ബിജെപി പ്രവർത്തകരോ ദേവനോ കിറ്റ് വാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാൻ പോലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വെല്ലുവിളിക്കുകയാണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ പറഞ്ഞു. കിറ്റ് വിവാദം പ്രതാപന്റെ പൊറോട്ടുനാടകമാണ്. സൂപ്പർ മാർക്കറ്റ് ഉടമ എസ്എൻഡിപി നേതാവാണ്.
സാമുദായിക നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ ദേവൻ കാണാൻ എത്തിയത്. സൂപ്പർ മാർക്കറ്റിന്റെ ഉടമ അദ്ദേഹത്തിന് വിഷുവിന് കിട്ടിയ ഓർഡർ പ്രകാരം സാധന സാമഗ്രികൾ ഗോഡൗണിൽ തയാറാക്കുകയായിരുന്നു. ബിജെപി കിറ്റ് കൊടുത്തതായി എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നും എൻഡിഎ സ്ഥാനാർഥി ചോദിച്ചു.
സംഭവത്തിൽ സ്ഥാപന ഉടമയെയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. നേരത്തെ തൃശൂർ മണ്ഡലത്തിലെ ഒളരിക്കരയിൽ ഭക്ഷ്യക്കിറ്റ് നൽകിയെന്ന പരാതിയിൽ ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണനെ ഒന്നാംപ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാടാനപ്പള്ളിയിൽ കിറ്റ് വിവാദമുണ്ടായത്.
Tags : kit controversy vadanappally complaint t.n.prathapan