പത്തനംതിട്ട: മഞ്ഞനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94-ാമത് ദുഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി എട്ട് മുതല്‍ 14 വരെ കൊണ്ടാടും.
എട്ടിനു രാവിലെ മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ കുര്‍ബാനയ്ക്കുശേഷം കൊടിയേറും. യാക്കോബായ സഭയിലെ ദേവാലയങ്ങളില്‍ അന്ന് പാത്രിയര്‍ക്കാ പതാകദിനമായി ആചരിക്കും. വൈകുന്നേരം ഓമല്ലൂര്‍ കുരിശിങ്കല്‍ ദയറാതലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും.
ഒമ്പതു മുതല്‍ 12 വരെ രാവിലെ വിശുദ്ധ കുര്‍ബാനയും വൈകുന്നേരം കണ്‍വന്‍ഷന്‍ യോഗങ്ങളും നടക്കും. 13നു രാവിലെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രധാന തീര്‍ഥാടകസംഘത്തെ ദയറാ കവാടത്തില്‍ സ്വീകരിക്കും. 7.30ന് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന.
ഉച്ചകഴിഞ്ഞ് മൂന്നിന് തീര്‍ഥാടക സംഘത്തെ ഓമല്ലൂര്‍ കുരിശിങ്കലും സ്വീകരിക്കും. വൈകുന്നേരം തീര്‍ഥയാത്രാ സമ്മേളനം. ശ്രേഷ്ഠ കാതോലിക്കാ ജോസഫ് ബാവ അധ്യക്ഷത വഹിക്കും.
14നു പുലര്‍ച്ചെ മൂന്നിന് മാര്‍ സ്‌തേഫാനോസ് കത്തീഡ്രലിലും അഞ്ചിന് ദയറാ കത്തീഡ്രലിലും കുര്‍ബാന ഉണ്ടാകും. 8.30ന് ദയറാ കത്തീജ്രലില്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തുന്ന മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ പെരുന്നാള്‍ കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ഥന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കുമെന്ന് ദയറാ തലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും സെക്രട്ടറി ഷെവ. ടി.യു. കുരുവിളയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
Tags : Manjanikara festival February