കോഴിക്കോട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് കല്ലായി റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് കത്തിക്കുത്ത് നടന്നത്.
അക്രമം നടത്തിയ എലത്തൂര്‍ പുതിയങ്ങാടി സ്വദേശി മേലെമരക്കാരകത്ത് വീട്ടില്‍ മുഹമ്മദ് നിസാറി(53)നെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായ് സ്വദേശി കോയമോനെയാണ് നിസാര്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള നിസാറിന്‍റെ വാടക വീട്ടില്‍ വച്ചാണ് അതിക്രമം നടന്നത്. നിസാറും സുഹൃത്തുകളും ഈ വീട്ടില്‍ വച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ നിസാറിന്‍റെ ഫോണ്‍ കോയമോന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കാമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ കോയമോന്‍റെ മുഖത്തും കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള കോയമോന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.