അവണൂർ: കഴിഞ്ഞ ദിവസം കാണാതായ വിദ്യാർഥിനിയെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. അവണൂർ പാണ്ടിയാട്ട് അരവിന്ദാക്ഷന്റെ മകൾ അനുപ്രിയ (25)യെയാണ് മണിത്തറ കള്ളുഷാപ്പിനു സമീപത്തെ കനാലിൽ കണ്ടെത്തിയത്.
ലാലൂർ ജോണ് മത്തായി സെന്ററിലെ എംബിഎ നാലാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 19ന് അവണൂരിലെ വീട്ടിൽനിന്നും ക്ലാസിലേക്കു പോയ അനുപ്രിയ മടങ്ങിയെത്തിയില്ലെന്നു കാട്ടി വീട്ടുകാർ മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു.
സാധാരണ ക്ലാസ് കഴിഞ്ഞ് വൈകീട്ട് ആറേകാലോടെ വീട്ടിലെത്താറുണ്ട്. അരമണിക്കൂർ വൈകിയപ്പോൾ ഫോണ് നന്പരിൽ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. സഹപാഠിയെ വിളിച്ച് അന്വേഷിച്ചപ്പോൾ ഉച്ചവരെയേ ക്ലാസുണ്ടായിരുന്നുള്ളൂ എന്നു പറഞ്ഞു. 12.30ന് കോളജിൽനിന്ന് ഒന്നിച്ചിറങ്ങിയെന്നും അനുപ്രിയ വടക്കേ സ്റ്റാൻഡ് ഭാഗത്തേക്കു ബസിൽ പോയെന്നും ഇവർ പറഞ്ഞു.
അനുപ്രിയയ്ക്കു ചേലക്കോട്ടുകര നീലജ് നീലങ്കാവിൽ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നെന്നാണു വിവരം. ഇവരുടെ മുറിയിൽനിന്ന് ലഭിച്ച നോട്ട് ബുക്കിൽ നീലജുമായി അടുപ്പത്തിലായിരുന്നെന്നും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി നീലജും അയാളുടെ വീട്ടുകാരുമായിരിക്കുമെന്നും എഴുതിയ കുറിപ്പും പോലീസ് കണ്ടെടുത്തു.
അഗ്നിശമന വിഭാഗം ഓഫീസർ നിതീഷ്, ഷിബു രഞ്ജിത്ത്, സുധീഷ്, രാജേഷ്, സി.ആർ. ഷിബു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. തൃശൂർ അസി. പോലീസ് കമ്മീഷണർ ശശിധരൻ, മെഡിക്കൽ കോളജ് എസ്എച്ച്ഒ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തു പരിശോധന നടത്തി.